ബംഗ്ലാദേശ് കത്തുകയാണ്. അക്രമങ്ങൾക്കും ജനരോഷത്തിനും പ്രക്ഷോഭത്തിനും ശമനമൊട്ടുമില്ല. ഈ എരിതീയിൽ എണ്ണയൊഴിക്കുകയാണ് ഇൻസ്കോൺ മുൻ നേതാവ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുക വഴി മുഹമ്മദ് യൂനുസ് സർക്കാർ ചെയ്തത്. ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ചാണ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ​ബം​ഗ്ലാദേശിന്റെ വിവിധ ഭാ​ഗങ്ങളിൽ അറസ്റ്റിനെതിരേ പ്രതിഷേധവും കനത്തു. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ കൈയാങ്കളിക്കിടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്‌കോണിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഇതിനിടെ ന്യൂനപക്ഷങ്ങളുടെ നേർക്കുനടത്തുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും രം​ഗത്തെത്തി. എല്ലാം കൂടി ചേർന്ന് ആക കലങ്ങിമറിയുകയാണ് ബംഗ്ലാദേശ്.  സത്യത്തിൽ ആരാണ് ചിന്മയ് കൃഷ്ണദാസ്? അദ്ദേഹ​ത്തിന്റെ അറസ്റ്റിനെതിരേ എന്തിനാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്? ഇന്ത്യ-ബം​ഗ്ലാദേശ് ബന്ധത്തെ ഈ വിഷയം എങ്ങനെയാണ് ബാധിക്കുക?

To advertise here,

ആരാണ് ചിന്മയ് കൃഷ്ണദാസ്? 

ബംഗ്ലാദേശിലെ വൈഷ്ണവരുടെ പ്രധാന കേന്ദ്രമായ ചിറ്റഗോംഗിലെ പുണ്ഡരീക് ധാമിന് നേതൃത്വം നൽകുന്ന വ്യക്തി, ബംഗ്ലാദേശ് സൊമ്മിലിറ്റോ സനാതനി ജാഗരൺ ജോതിന്റെ വക്താവ്, ഇസ്‌കോൺ പ്രസ്ഥാനത്തിന്റെ മുൻ നേതാവ് അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് ചന്ദൻ കുമാർ ധർ എന്നറിയപ്പെടുന്ന ചിന്മയ് കൃഷ്ണദാസിന്. അച്ചടക്കലംഘനങ്ങളെ തുടർന്ന് 2024 ജൂലായിലാണ് ചിന്മയ് കൃഷ്ണദാസിനെ ഇസ്‌കോണിൽ നിന്ന് പുറത്താക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നതാണ് അദ്ദേഹത്തിനെതിരേ ഉയർന്ന ആരോപണം. ഇതിനുശേഷമാണ് ബം​ഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ബംഗ്ലാദേശ് സൊമ്മിലിറ്റോ സനാതനി ജാഗരൺ ജോതിന്റെ വക്താവായി അദ്ദേഹം വരുന്നത്. 

ഇതിനിടെ ഷെയ്ക്ക് ഹസീന സർക്കാർ നിലംപതിച്ചു. അതോടെ രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ ഉടലെടുക്കുകയും ചെയ്തു. പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹത്തിനെതിരേ അക്രമങ്ങൾ വർധിച്ചു. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾക്കെതിരേ ചിന്മയ് കൃഷ്ണദാസ് രം​ഗത്തെത്തുന്നത്. ഹിന്ദു ജനസംഖ്യ എട്ട് ശതമാനത്തിൽ താഴേ മാത്രമുള്ള രാജ്യത്ത് അവരുടെ ശബ്ദമാകാനും നേതാവാകാനും അദ്ദേഹത്തിനായി. ചിന്മയ് കൃഷ്ണദാസിന് നിരവധി അനുയായികളുണ്ടായി. ഒപ്പം ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ കണ്ണിലെ കരടുമായി.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് ആക്രമിക്കപ്പെട്ട മൂവായിരം സംഭവങ്ങളെങ്കിലും ഉണ്ടായി. എന്നാൽ,  ഈ ആക്രമണങ്ങൾ  തടയുന്നതിൽ മുഹമ്മദ് യൂനസിൻ്റെ ഇടക്കാല സർക്കാർ പരാജയപ്പെട്ടതായി ചിന്മയ് കൃഷ്ണദാസ് ആരോപിച്ചു. ന്യൂനപക്ഷ പീഡനക്കേസുകളിൽ അതിവേഗ വിചാരണയ്ക്കായി പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കൽ, ന്യൂനപക്ഷ സംരക്ഷണ നിയമം, ന്യൂനപക്ഷകാര്യ മന്ത്രാലയം, ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നിയമങ്ങൾ എന്നിവ രൂപീകരിക്കൽ, നിക്ഷിപ്ത സ്വത്ത് നിയമം നടപ്പാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാർഥനാ മുറികൾ, സംസ്കൃതം, പാലി വിദ്യാഭ്യാസ ബോർഡുകളുടെ നവീകരണം, ബംഗാളി ഹിന്ദുക്കളുടെ പ്രധാന ഉത്സവമായ ദുർഗാ പൂജയ്ക്ക് അഞ്ച് ദിവസത്തെ പൊതു അവധി തുടങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ എട്ട് ആവശ്യങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. 

ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നിൽ 

ഒക്ടോബർ 25-ന് ഛത്തോഗ്രാമിൽ ഹിന്ദുസംഘടനകൾ നടത്തിയ റാലിക്കിടെ ദേശീയപതാകയെ അപമാനിച്ചു എന്നതാണ് ചിന്മയ് കൃഷ്ണ ദാസിന്റെ പേരിലുള്ള കേസ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുൻ എം.പി ഫിറോസ് ഖാനാണ് പരാതിക്കാരൻ‌. പിന്നാലെ ഒക്ടോബർ 31-ന് ദാസുൾപ്പെടെ 19 ആളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കോട്‍വാലി പോലീസ് കേസെടുത്തു. രണ്ടുപേരെ ആദ്യം അറസ്റ്റ് ചെയ്തു. ശേഷം കഴിഞ്ഞ തിങ്കളാഴ്ച ധാക്കയിലെ ഹസ്രത് ഷഹ്ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മെട്രോപൊളിറ്റൻ പോലീസ് ദാസിനെയും അറസ്റ്റുചെയ്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം നിഷേധിച്ചതോടെ ഇപ്പോൾ ചിറ്റഗോങ്ങില്‍ ജയിലില്‍ കഴിയുകയാണ് കൃഷ്ണദാസ്.

അറസ്റ്റിന് പിന്നാലെ ഉയർന്ന പ്രതിഷേധം 

ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹ​ത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ധാക്കയുടെ പ്രാന്തപ്രദേശങ്ങളിലും ഛത്തോഗ്രാമിലും ഹിന്ദുസംഘടനകൾ പ്രതിഷേധം തുടങ്ങി. ധാക്കയിലെ ഡിറ്റക്ടീവ് ബ്രാഞ്ച് ഓഫീസിന് മുന്നില്‍ ഇസ്‌കോണിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ ഹിന്ദുക്കളും ഹൈന്ദവ ആരാധനാലയങ്ങളും ഇരുപത്തിനാലു മണിക്കൂറും ആക്രമിക്കപ്പെടുകയാണെന്നും ഇത് എന്നവസാനിക്കുമെന്നും ഇസ്‌കോൺ വക്താവ് രാധാരമൺ ദാസ് ആക്രണ വീഡിയോ ‘എക്സി’ൽ പങ്കുവെച്ചുകൊണ്ട് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അധികാരത്തിലെത്തിയാൽ ബംഗ്ലാദേശിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുമെന്നു പറഞ്ഞ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തു.  

കൃഷ്ണദാസിന് കോടതി ജാമ്യം നിഷേധിച്ചതോടെ സംഘർഷം രൂക്ഷമായി. ചിന്മയ് കൃഷ്ണദാസിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം പോലീസ് വാഹനം രണ്ടുമണിക്കൂര്‍ നേരത്തേക്ക് തടഞ്ഞുവെച്ചു. പ്രതിഷേധക്കാര്‍ ഇഷ്ടിക ഉള്‍പ്പെടെയുള്ളവ തങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞെന്ന് ആരോപിച്ച പോലീസ് അവർക്കുനേരെ ലാത്തിയും ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. കോടതിപരിസരത്ത് പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. 10 പോലീസുകാരുൾപ്പെടെ 37 പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൾ ഇസ്‍ലാമിന് ജീവൻ നഷ്ടമായി. ഈ സംഭവത്തിൽ 30 പേരെ പോലീസ് അറസ്റ്റുചെയ്തതായാണ് വിവരം. 

അഭിഭാഷകന്റെ കൊലപാതകത്തെ അപലപിച്ച സർക്കാർ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, അക്രമസംഭവങ്ങളിൽ പങ്കെടുക്കാതെ ശാന്തരായിരിക്കാൻ ജനങ്ങളോട് ആഹ്വാനംചെയ്തു. എന്തുവില കൊടുത്തും രാജ്യത്ത് മതസൗഹാർദം ഉയർത്തിപ്പിടിക്കാൻ ഇടക്കാല സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇസ്കോൺ നിരോധിക്കണം' 

1966 ജൂലായ് 13-ന് ന്യൂയോർക്ക് സിറ്റിയിലാണ് ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് എന്ന ഗൗഡിയ വൈഷ്ണവ പ്രസ്ഥാനം രൂപീകരിക്കുന്നത്. ഹരേ കൃഷ്ണ മൂവ്മെന്റ് എന്നും അറിയപ്പെടാറുള്ള പ്രസ്ഥാനത്തിന് അടിത്തറ പാകിയതും വളർത്തിയടുത്തതും അഭയ് ചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ്. പ്രസ്ഥാനത്തിന് കീഴിൽ ലോകത്താകെ പത്തുലക്ഷത്തിലധികം വിശ്വാസികളുണ്ടെന്നാണ് കണക്കാക്കുന്നത്. ശ്രീകൃഷണനെയാണ് ഇവർ ആരാധിക്കുന്നത്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സാമൂഹ്യ കേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായി 700 ലധികം ഇസ്കോൺ കേന്ദ്രങ്ങളുണ്ട്. ബം​ഗാളിലെ മായാപൂർ ആണ് ഇന്ത്യയിലെ ആസ്ഥാനം. സമാധാനപ്രിയരായ ഇവർ ആത്മീയതയിലൂന്നിയാണ് പ്രവർത്തിക്കുന്നത്. 

പ്രതിഷേധത്തിനിടെ അഭിഭാഷകൻ കൊല്ലപ്പെട്ടതോടെയാണ് ഇസ്കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. ഇസ്കോണിന്റെ പ്രവര്‍ത്തനങ്ങള്‍ ബംഗ്ലാദേശില്‍ നിരോധിക്കാന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ആവശ്യം. ഇസ്‌കോണ്‍ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മതമൗലികവാദ സംഘടനയാണെന്നും ഇടക്കാല സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറലും കോടതിയില്‍ പറഞ്ഞു. 

ഇടക്കാല സർക്കാരിന് പിന്തുണ നൽകുന്ന ബംഗ്ലാദേശിലെ വിദ്യാർഥി നേതാക്കളും ഇസ്കോൺ ഉടനടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്‌കോൺ അവാമി ലീഗിൻ്റെ ഏജൻ്റായി പ്രവർത്തിക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നായിരുന്നു സ്റ്റുഡൻ്റ്  കോ-ഓർഡിനേറ്റർ ഹസ്നത്ത് അബ്ദുള്ള പറഞ്ഞത്. 

ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇസ്കോൺ

അറസ്റ്റിനു പിന്നാലെ ചിന്മയ് കൃഷ്ണദാസിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതാണെന്നും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നും ഇസ്കോൺ വ്യക്തമാക്കിയിരുന്നു. എങ്കിലും ബംഗ്ലാദേശിലെ വിവിധ പ്രദേശങ്ങളിൽ സനാതന ധർമവിശ്വാസികൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച അവർ മതവിഭാ​ഗങ്ങൾക്കിടയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. ചിന്മയ് കൃഷ്ണദാസ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനായി ശബ്ദമുയർത്തുന്ന ആളാണ്. സംസാര സ്വാതന്ത്ര്യത്തിനുള്ള അദ്ദേഹത്തിന്റെ അവകാശം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇസ്കോൺ പ്രസ്താവനയിൽ പറ‍ഞ്ഞു. 

സനാതനി സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പ്രതിക്കൂട്ടിൽ നിർത്തുക, ചിൻമയ് കൃഷ്ണ ദാസിൻ്റെയും മറ്റ് സനാതനന്മാരുടെയും പൗരാവകാശങ്ങൾ സംരക്ഷിക്കുക, എല്ലാ സമുദായങ്ങൾക്കിടയിലും സൗഹാർദ്ദം നിലനിർത്തുന്നതിന് ഫലപ്രദമായ കാര്യങ്ങൾ നടപ്പിലാക്കുക എന്നീ മൂന്ന് ആവശ്യങ്ങളായിരുന്നു അവർ മുന്നോട്ടുവെച്ചത്. പീഡനം നേരിടുന്ന ഹിന്ദുസമൂഹത്തെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നതും മതപരിവർത്തനം ചെറുക്കുന്നതും കാരണമാണ് ബംഗ്ലാദേശിലെ മൗലികവാദികൾ തങ്ങളെ ലക്ഷ്യംവെക്കുന്നതെന്നതെന്നാണ് ഇസ്‌കോണിന്റെ അവിടത്തെ തലവൻ ചാരു ചന്ദ്രദാസ് ബ്രഹ്മചാരി പറയുന്നത്.

ബംഗ്ലാദേശിലെ ഇസ്‌കോൺ അംഗങ്ങൾക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ചിന്മയ് കൃഷ്ണദാസിൻ്റെ അറസ്റ്റെന്നാണ് ഇസ്‌കോൺ കൊൽക്കത്ത വക്താവ് രാധാരാമൻ ദാസ് പറഞ്ഞു. സ്ഥിതിഗതികൾ ആശങ്കാജനകമാണ്, ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായ ആളുകളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആശങ്കയറിയിച്ച് ഇന്ത്യ

ദാസിനെ അറസ്റ്റുചെയ്തതും ജാമ്യം നിഷേധിച്ചതും വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞത്. ബംഗ്ലാദേശിലെ തീവ്രവാദകക്ഷികൾ ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ നേർക്കുനടത്തുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും കൊള്ളയടിച്ചതും ക്ഷേത്രങ്ങൾ നശിപ്പിച്ചതുമായ സംഭവങ്ങളുണ്ട്. പ്രതികളെ പിടികൂടാതെ, ന്യായമായ ആവശ്യമുന്നയിച്ച മതനേതാവിന്റെ പേരിൽ കുറ്റംചുമത്തുന്നത് നിരാശാജനകമാണ്. ന്യൂനപക്ഷങ്ങള്‍ക്കുനേരേയുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഹിന്ദുക്കളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യയിലെ ബി.ജെ.പിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ആർ.എസ്.എസ് അടക്കമുള്ള മറ്റ് സംഘടനകളും  സർക്കാരിനോട് ആവശ്യപ്പെട്ടിട്ടു. 

ഇന്ത്യ ഇടപെടേണ്ടെന്ന് ബം​ഗ്ലാദേശ് 

ഇത് തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നായിരുന്നു ബംഗ്ലാദേശിന്റെ നിലപാട്. കൃത്യമായ കുറ്റകൃത്യത്തിന്റെ പേരിലാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് ചില കോണുകളില്‍നിന്ന്‌ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെവിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന അടിസ്ഥാനരഹിതവും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധവുമാണ്. എല്ലാ ബംഗ്ലാദേശ് പൗരന്മാര്‍ക്കും അവരവരുടെ മതവിശ്വാസങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ യാതൊരു തടസ്സവുമില്ല. മതന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കുന്നത് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ചുമതലയാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്‌കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളിയതിനു പിന്നാലെ അറസ്റ്റുചെയ്യപ്പെട്ട ചിന്മയ് കൃഷ്ണദാസ് ഉള്‍പ്പെടെ ഇസ്‌കോണിന്റെ 17 നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ബംഗ്ലാദേശ് 30 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. ഇവരുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും റദ്ദു ചെയ്യാന്‍ രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വെള്ളിയാഴ്ച നിര്‍ദേശം നല്‍കി. പിന്നീട് രണ്ട് ഹിന്ദുപുരോ​ഹിതരെ കൂടി അറസ്റ്റ് ചെയ്തു. ചിന്മയ് കൃഷ്ണദാസിന് വേണ്ടി പ്രാർഥിക്കാൻ ക്ഷേത്രത്തിൽ പോയി വരികയായിരുന്നു ഇവർ. ഇതുകഴിഞ്ഞ് ഞായറാഴ്ച മതിയായ രേഖകളുമായി ബെനാപോൾ അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻശ്രമിച്ച 54 ഇസ്കോൺ അംഗങ്ങളെ ബംഗ്ലാദേശ് കുടിയേറ്റകാര്യ പോലീസ് തടഞ്ഞു. 

ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളാകുന്നു?

ഷെയ്ക്ക് ഹസീനയെ വിട്ടുകിട്ടണമെന്ന് ബം​ഗ്ലാദേശ് ആവശ്യം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ചിന്മയ് കൃഷ്ണദാസിനെ വെറുതെ വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും ബം​ഗ്ലാദേശ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കൂടുതൽ ഹിന്ദുപുരോ​ഹിതരെ അറസ്റ്റ് ചെയ്തു. ഇസ്കോൺ അംഗങ്ങളെ തടഞ്ഞുവെച്ചു. ഇതോടെ ഇന്ത്യ വീണ്ടും ശക്തമായ പ്രതിഷേധം ഉന്നയിച്ചു. യുഎന്നിൽ അടക്കം ഈ വിഷയം ഉന്നയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ഇന്ത്യയുമായി തർക്കിച്ചുമുന്നോട്ട് പോവുകയെന്നത് ബം​ഗ്ലാദേശിന് എളുപ്പമല്ല. ഇരുരാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള നയതന്ത്രനീക്കമുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.