ടെൽ അവീവ്: 2026-ലെ ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാജ്യത്ത് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നു. 120 അംഗങ്ങളുള്ള പാർലമെന്റിൽ സർക്കാറുണ്ടാക്കാൻ ആവശ്യമായ 61 സീറ്റുകളുടെ ഭൂരിപക്ഷം ഒറ്റക്കക്ഷിക്കോ നിലവിലെ സഖ്യങ്ങൾക്കോ നേടാനായിട്ടില്ല. ഇതോടെ ഇസ്രയേലിൽ ഭരണം പിടിക്കാനും പ്രതിസന്ധി മറികടക്കാനും മുന്നിലുള്ള പ്രധാന വഴികളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ-തീവ്രവലതുപക്ഷ സഖ്യം 53 സീറ്റുകൾ നേടി. ഇതിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മധ്യപക്ഷ നേതാവായ ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണ് ലഭിച്ചത്. അതേസമയം, 19 സീറ്റുകൾ നേടിയ റആം (Ra'am), ‘ജോയിന്റ് ലിസ്റ്റ്’ എന്നീ അറബ് പാർട്ടി കൂട്ടായ്മകൾ സർക്കാരുണ്ടാക്കുന്നതിൽ നിർണായക ശക്തികളായി (കിങ് മേക്കേഴ്‌സ്) മാറിയിട്ടുണ്ട്.
ഏതെങ്കിലും മുന്നണിക്ക് ഭൂരിപക്ഷം തികയ്ക്കാൻ സഖ്യചർച്ചകൾ നിർണായകമാണ്. അതേ സമയം അടുത്ത 12 ആഴ്ചയ്ക്കുള്ളിൽ ഭരണസഖ്യം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേൽ ജനത വീണ്ടും വോട്ടെടുപ്പിലേക്ക് പോകേണ്ടിവരും. രാഷ്ട്രീയ തടസ്സങ്ങൾ മറികടന്ന് സർക്കാരുണ്ടാക്കാൻ പ്രധാനമായും അഞ്ച് വഴികളാണ് മുന്നിലുള്ളത്.
നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഐക്യസർക്കാർ
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലികുഡ് പാർട്ടിയുടെ നേതാവ് ബെഞ്ചമിൻ നെതന്യാഹു, പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതാണ് ഒന്നാമത്തെ വഴി. ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി, അവിഗ്ദോർ ലീബർമാന്റെ 'ഇസ്രയേൽ അവർ ഹോം', നഫ്താലി ബെനറ്റിന്റെ 'ടുഗെദർ' എന്നീ മധ്യ-വലതുപക്ഷ പാർട്ടികളെ ഒപ്പം കൂട്ടിയാൽ നെതന്യാഹുവിന് 66 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കും. എന്നാൽ ഇതിന് സാധ്യത കുറവാണ്. ഇതിനായി തന്റെ സ്വാഭാവിക സഖ്യകക്ഷികളായ തീവ്രവലതുപക്ഷ, അൾട്രാ-ഓർത്തഡോക്സ് ജൂത പാർട്ടികളെ നെതന്യാഹുവിന് ഉപേക്ഷിക്കേണ്ടിവരും. മാത്രമല്ല, നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കുമെന്ന വോട്ടർമാർക്കുള്ള വാഗ്ദാനം ലംഘിക്കാൻ പ്രതിപക്ഷ പാർട്ടികളും തയ്യാറായേക്കില്ല.
പ്രധാനമന്ത്രി പദം പങ്കുവെക്കുന്ന ഐക്യസർക്കാർ
ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെയും വലിയ രാഷ്ട്രീയ സഖ്യത്തിന്റെയും നേതാവായതിനാൽ പ്രധാനമന്ത്രി പദം പങ്കുവെക്കുന്നതിന് നെതന്യാഹു സമ്മതിക്കാൻ സാധ്യത കുറവാണ്. എങ്കിലും ഐസൻകോട്ടിന്റെ മുന്നണിയുമായി സഹകരിച്ച് പ്രധാനമന്ത്രി പദം ഊഴംവെച്ച് പങ്കിടുന്ന രീതിയിലുള്ള കരാറിന് അദ്ദേഹം സമ്മതിച്ചേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലും നെതന്യാഹുവിന് കീഴിൽ പ്രവർത്തിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാക്കൾക്ക് വോട്ടർമാരോടുള്ള വാഗ്ദാനലംഘനമാകും.
വലതുപക്ഷ സർക്കാറിനായി പ്രതിപക്ഷത്തെ പിളർത്തൽ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 64 സീറ്റുകളുണ്ടായിരുന്ന നെതന്യാഹുവിന്റെ സഖ്യം ഇത്തവണ 53 സീറ്റുകളിലേക്ക് ചുരുങ്ങി. എങ്കിലും ഇസ്രയേലിലെ കടുപ്പമേറിയ തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനാണ് നെതന്യാഹു. പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളെ തന്റെയൊപ്പം എത്തിച്ച് പ്രതിപക്ഷത്ത് പിളർപ്പുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചേക്കും. 2022-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവായിരുന്നപ്പോഴും നെതന്യാഹു ഇത് വിജയകരമായി ചെയ്തിട്ടുണ്ട്.
ഐസൻകോട്ടിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ സർക്കാർ
സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ആദ്യം ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചാൽ, അദ്ദേഹത്തിന്റെ ‘യാഷർ പാർട്ടി’, ‘ദി ഡെമോക്രാറ്റ്‌സ്’, ‘ഇസ്രയേൽ അവർ ഹോം’ എന്നീ സഖ്യകക്ഷികളെ ചേർത്ത് സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചേക്കാം. ഇതിനായി റആം, ജോയിന്റ് ലിസ്റ്റ് എന്നീ രണ്ട് അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണ അദ്ദേഹം തേടേണ്ടി വരും. ഐസൻകോട്ട് ക്യാമ്പിന്റെ 48 സീറ്റുകളും അറബ് പാർട്ടികളുടെ 19 സീറ്റുകളും ചേരുമ്പോൾ 67 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കും.
എന്നാൽ അറബ് പാർട്ടികളുമായി കൈകോർക്കില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഐസൻകോട്ട് മാറ്റിയാൽ പോലും, ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിനുശേഷം അറബ് വിരുദ്ധ നിലപാട് ശക്തമായ ഇസ്രയേൽ സമൂഹത്തിൽ ഇതിന് ജനസമ്മതി നേടൽ പ്രയാസമായിരിക്കും. അറബ് പാർട്ടികളുടെ പിന്തുണ തേടുന്നതിനെതിരെ നെതന്യാഹു കടുത്ത പ്രചാരണം നടത്തിയിരുന്നു. നിലവിൽ 'ദി ഡെമോക്രാറ്റ്‌സ്' മാത്രമാണ് അറബ് പാർട്ടികളെ സർക്കാറിൽ ഉൾപ്പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.
അതേസമയം, ഐസൻകോട്ടിന്റെ ക്യാമ്പുമായി സഹകരിക്കാൻ സന്നദ്ധരാണെന്ന് ഇരു അറബ് പാർട്ടികളും സൂചന നൽകിയിട്ടുണ്ട്. 2021-ൽ ബെനറ്റ് സർക്കാറിൽ റആം പാർട്ടി പങ്കാളിയായതാണ് ഇസ്രയേൽ ചരിത്രത്തിൽ ഒരു സ്വതന്ത്ര അറബ് പാർട്ടി സഖ്യത്തിൽ ചേർന്ന ആദ്യ സംഭവം. ആ സർക്കാർ 18 മാസത്തിനുശേഷം വീണു.
വീണ്ടുമൊരു തിരഞ്ഞെടുപ്പ്
ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചശേഷം പ്രസിഡന്റ് ഐസക് ഹെർസോഗ് പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തും. തുടർന്ന് സർക്കാർ ഉണ്ടാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നേതാവിനെ ക്ഷണിക്കും. ആ ശ്രമം പരാജയപ്പെട്ടാൽ അടുത്ത ആൾക്കും, അതും പരാജയപ്പെട്ടാൽ പാർലമെന്റിലെ മറ്റൊരാൾക്കും അവസരം നൽകും. ഇതിനായി ആകെ 100 ദിവസത്തെ സമയപരിധിയുണ്ട്. ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. എന്നാൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട പ്രസിഡന്റ് ഹെർസോഗ്, തുറന്ന മനസ്സോടെ ചർച്ചകൾക്ക് വരാൻ രാഷ്ട്രീയ പാർട്ടികളോട് അഭ്യർഥിച്ചിട്ടുണ്ട്.
Content Highlights: Israel faces a major political deadlock following the 2026 parliamentary elections as no single alliance secured the majority needed to form a government, leaving several complex scenarios open for coalition building.
Published: 30 Oct 2026, 11:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented