കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തിനിടെ സിറിയയില്‍ ഇസ്രയേല്‍ നടത്തിയത് അഞ്ഞൂറോളം വ്യോമാക്രമണങ്ങളാണ്. സിറിയയുടെ വിമാന വ്യോമസേന താവളങ്ങളും നാവികസേന താവളങ്ങളും മാത്രമല്ല, ആയുധസംഭരണ കേന്ദ്രങ്ങളും മിസൈല്‍ ശാലകളും രാസായുധ കേന്ദ്രങ്ങളും ടാങ്കുകളുമൊക്കെ അവര്‍ അഗ്നിക്കിരയാക്കി. 1967-ലെ യുദ്ധത്തില്‍ സിറിയയില്‍നിന്നു പിടിച്ചെടുത്ത ഗോലാന്‍ കുന്നിനും സിറിയയ്ക്കും ഇടയ്ക്കുള്ള ബഫര്‍ സോണും കഴിഞ്ഞു മുന്നേറുന്ന ഇസ്രയേല്‍ കരസേന ഡമാസ്‌കസിന്റെ 25 കിലോ മീറ്റര്‍ അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

ഹമാസിന്റെയും ഹിസ്ബുള്ളയുടെയും അടിത്തറ തകര്‍ക്കുകയും നിത്യശത്രുവായ ഇറാനെ ശയ്യാവലംബിയാക്കുകയും ചെയ്ത ശേഷവും ജൂതരാഷ്ട്രത്തിന്റെ കലി അടങ്ങാത്തത് എന്തുകൊണ്ട് എന്നു പരിശോധിക്കുമ്പോള്‍ മനസ്സില്‍ തെളിയുക ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചിത്രമാണ്. അക്രമോത്സുകനായ, വിട്ടുവീഴ്ചയ്ക്ക് സന്നദ്ധനല്ലാത്ത, കടുത്ത നിലപാടുകളുള്ള നേതാവിന്റെ ചിത്രം. ഇസ്രയേലിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച പ്രധാനമന്ത്രിയായ നെതന്യാഹുവിനെ അവഗണിച്ച് ഈ നൂറ്റാണ്ടിന്റെ ചരിത്രമെഴുതാന്‍ ആവില്ല തന്നെ. അദ്ദേഹത്തിന്റെ നയങ്ങളും തീരുമാനങ്ങളും അത്രയ്ക്കാണ് ലോകഗതിയെ ബാധിച്ചിട്ടുള്ളത്.

'ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളെ ആക്രമിക്കും മുമ്പ് അവരെ ആക്രമിക്കുക' എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇന്ന് ഇസ്രയേലിന്റെ സൈനിക നടപടികളുടെ അടിസ്ഥാനതത്വം. ബിബി എന്ന ചുരുക്കപ്പേരുള്ള നെതന്യാഹുവിന്റെ കാഴ്ചപ്പാടില്‍ ശക്തിയുണ്ടെങ്കിലേ, ശക്തര്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ. ആ കാഴ്ചപ്പാടിനെ തല്‍ക്കാലത്തേയ്ക്ക് എങ്കിലും ശരിവെക്കുന്നവയാണ് മധ്യപൂര്‍വേഷ്യയില്‍ ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ തന്റെ ഇഷ്ടത്തിന് മധ്യപൂര്‍വേഷ്യയുടെ ഭൗമരാഷ്ട്രീയ ഭൂപടം മാറ്റിവരക്കുന്ന തിരക്കിലാണ് നെതന്യാഹു.

സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ വീഴ്ത്തി വിമതസേനകള്‍ അധികാരം പിടിച്ചപ്പോള്‍ നെതന്യാഹു പറഞ്ഞത് ശ്രദ്ധിക്കുക: 'ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനും ഞങ്ങളേല്‍പ്പിച്ച കനത്ത ആഘാതങ്ങളാണ് സിറിയന്‍ സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണം. ഇറാന്‍ നയിക്കുന്ന തിന്മയുടെ അച്ചുതണ്ട് പൂര്‍ണമായും അപ്രത്യക്ഷമായിട്ടില്ലെങ്കിലും മധ്യപൂര്‍വേഷ്യയുടെ മുഖം മാറ്റി വരയ്ക്കുകയാണ് ഞങ്ങള്‍.'  ഈ ആത്മവിശ്വാസവും കടുത്ത നിലപാടുകളും രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ തന്നെ. അഴിമതി ആരോപണങ്ങളും പരാജയങ്ങളുമൊന്നും അദ്ദേഹത്തെ തളര്‍ത്തുന്നേയില്ല.

കുട്ടിക്കാലവും സൈനികജീവിതവും

ഇസ്രയേല്‍ തലസ്ഥാനമായ ടെൽ അവീവില്‍ 1949 ഒക്ടോബര്‍ 21-നാണ്‌ ബെഞ്ചമിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ബെന്‍സിയോണ്‍ നെതന്യാഹു ചരിത്രകാരനും ജൂതരാഷ്ട്ര സംഘടനാ പ്രവര്‍ത്തകനായിരുന്നു. 1963-ല്‍ പിതാവ് അമേരിക്കയില്‍ അധ്യാപക ജോലി സ്വീകരിച്ചതോടെ കുടുംബം അവിടേക്ക് പോയി. 1967-ല്‍ തിരിച്ചെത്തി, ഇസ്രയേല്‍ പ്രതിരോധസേനയില്‍ (ഐ.ഡി.എഫ്) ചേര്‍ന്നു. സയാറത് മട്ക്കല്‍ എന്ന് പ്രത്യേക സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കവേ നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തു. 1972-ല്‍ ടെൽ അവീവ് വിമാനത്താവളത്തില്‍, ഹൈജാക്ക് ചെയ്ത വിമാനത്തെ രക്ഷിക്കുന്ന ഓപ്പറേഷനില്‍ അടക്കം.

സൈനിക സേവനത്തിലൂടെ ലഭിച്ച ആദരവും സാമൂഹിക അംഗീകാരവും അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. അമേരിക്കയിലേക്ക് തിരിച്ചുപോയി ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹാര്‍വാര്‍ഡ് എന്നിവിടങ്ങളിലും പഠിച്ചു. എം.ഐ.ടിയിയില്‍ പഠിക്കുന്നതിനിടെ ഇടവേളയെടുത്ത് 1973-ലെ യോം കിപ്പര്‍ യുദ്ധത്തില്‍ പങ്കെടുത്തു. ജ്യേഷ്ഠസഹോദരന്‍, സയാറത് മട്ക്കലില്‍ കമാന്‍ഡറായിരുന്ന യോനാഥന്‍ നെതന്യാഹു 1976-ല്‍ എന്റബെ ഓപ്പറേഷന്‍ നയിക്കുന്നതിനിടെ കൊല്ലപ്പെട്ടു. യുഗാണ്ടയില്‍ പലസ്തീൻ ഭീകരര്‍ തടവിലാക്കിയിരുന്ന 102 ബന്ദികളെ മോചിപ്പിച്ച ധീരമായ നടപടിക്കിടെ ജ്യേഷ്ഠന്‍ മരിച്ച സംഭവവും ബെഞ്ചമിന്റെ നിലപാടുകളുടെ കാഠിന്യമേറ്റാന്‍ കാരണമായി.

1978-ല്‍ നാട്ടില്‍ തിരിച്ചെത്തിയ ബെഞ്ചമിന്‍ യോനാഥന്‍ നെതന്യാഹു ഭീകരവിരുദ്ധ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലേക്കുള്ള തുടക്കം ഇതായിരുന്നു. 80-കളില്‍ രാഷ്ട്രീയ ജീവിതം മുന്നോട്ടു കുതിക്കാന്‍ തുടങ്ങി. 1984 മുതല്‍ 88 വരെ ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിന്റെ അംബാസിഡര്‍ ആയിരിക്കെ തന്റെ രാജ്യത്തിന്റെ നിലപാടുകള്‍ അതിശക്തമായി അവതരിപ്പിക്കുന്നതു വഴി അദ്ദേഹം ലോകശ്രദ്ധ ആകര്‍ഷിച്ചു.

റോക്കറ്റു വേഗത്തിലെ വളര്‍ച്ചയും വിവാദങ്ങളും

1988-ലാണ് അദ്ദേഹം ലിക്കുഡ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പാര്‍ലമെന്റംഗമാവുന്നത്. ആ വര്‍ഷം തന്നെ ഉപമന്ത്രിയുമായി. പാര്‍ട്ടിക്കുള്ളില്‍ അതിവേഗം വളര്‍ന്ന അദ്ദേഹം 1993-ല്‍ ലിക്കുഡ് പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു, പ്രതിപക്ഷ നേതാവുമായി. 1993-ല്‍ പലസ്തീനും ഇസ്രയേലും തമ്മിലുണ്ടാക്കിയ സമാധാനക്കരാറിനെ ശക്തിയായി നെതന്യാഹു എതിര്‍ത്തത് ശ്രദ്ധിക്കപ്പെട്ടു. 1996-ല്‍ 46-ാം വയസ്സില്‍ നെതന്യാഹു രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. പരിചയ സമ്പന്നനായ പ്രധാനമന്ത്രി ഷിമോൺ പെരസിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്.

പ്രധാനമന്ത്രി എന്ന നിലയിലെ ആദ്യത്തെ ടേം നിരവധി നേട്ടങ്ങള്‍ൾക്കൊപ്പം വിവാദങ്ങളും ഉണ്ടാക്കി. ഓസ്‌ലോ കരാറിന്റെ അടിസ്ഥാനത്തില്‍ പലസ്തീനുമായി സമാധാനചര്‍ച്ച നടത്തുന്ന സമയത്തു തന്നെ കടുത്ത ഭീകരവാദ വിരുദ്ധ നിലപാട് സ്വീകരിച്ചു. അതേസമയം, 1998-ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും സ്വകാര്യവല്‍ക്കരണ ശ്രമങ്ങളും നിഴലിലാക്കുന്നതായിരുന്നു അഴിമതി ആരോപണങ്ങളും പാര്‍ട്ടിക്കുള്ളിലെ അധികാര വടംവലിയും. തുടര്‍ന്ന് 1999-ലെ തിരഞ്ഞെടുപ്പില്‍ യഹൂദ് ബരാക്കിനോട് പരാജയപ്പെട്ടു.

രാഷ്ട്രീയത്തില്‍ ശക്തമായി തിരിച്ചുവന്നത് 2005-ലാണ്. പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം വീണ്ടെടുത്ത നെതന്യാഹു കുറച്ചുനാള്‍ ധനമന്ത്രിയായി. ഒടുവില്‍ 2009-ല്‍ വീണ്ടും പ്രധാനമന്ത്രിയായി. റെക്കോഡ് ഭേദിക്കുന്ന അധികാരവാഴ്ചയുടെ തുടക്കമായിരുന്നു അത്,  2009 മാര്‍ച്ച് 31 മുതല്‍ 2021 ജൂണ്‍ 13 വരെ. ചെറിയൊരു ഇടവേളയ്ക്കു ശേഷം 2022-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തി. ഈ ദീര്‍ഘകാലയളവില്‍ അദ്ദേഹം സ്വീകരിച്ച നയങ്ങളും നടപടികളും ഇസ്രായേലിന്റെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ എല്ലാ കാര്യങ്ങളെയും അടിമുടി സ്വാധീനിച്ചു. മുന്‍ഗണന രാജ്യസുരക്ഷയും സാമ്പത്തികവളര്‍ച്ചയും വെസ്റ്റ്ബാങ്കിലെ ഇസ്രയേലി കുടിയേറ്റ മേഖലകളുടെ വികസനവും ആയിരുന്നു.

അദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി നാഴികക്കല്ലുകള്‍ ഉണ്ടായി. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് ആയിരുന്ന കാലത്താണ് അവയില്‍ കൂടുതലും. ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അമേരിക്ക അംഗീകരിച്ചത് 2017-ലായിരുന്നു. യു.എ.ഇയും ബഹ്‌റൈനും അടക്കമുള്ള നിരവധി അറബ് രാജ്യങ്ങളുമായി ബന്ധം സാധാരണമാക്കാന്‍ സഹായിച്ച 2020-ലെ അബ്രഹാം കരാറുകള്‍ ഒപ്പുവെച്ചതും വലിയ നേട്ടമായിരുന്നു. അതേസമയം, പലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത സമാധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളോടുള്ള വിശ്വാസമില്ലായ്മയും വിട്ടുവീഴ്ച ചെയ്യാത്തതും പരക്കെ വിമര്‍ശിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതി ആരോപണങ്ങള്‍ കുറവായിരുന്നില്ല. 2019-ല്‍ വിശ്വാസവഞ്ചന, കൈക്കൂലി,  തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. മാധ്യമ മുതലാളിമാരും മറ്റു ബിസിനസുകാരുമായി പരസ്പര ലാഭമുണ്ടാക്കുന്ന ഇടപാടുകള്‍ നടത്തിയെന്നായിരുന്നു ആരോപണങ്ങള്‍. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണെന്നു പ്രതിരോധിച്ചുവെങ്കിലും നിയമപ്രശ്‌നങ്ങളും ആരോപണങ്ങളും രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പ്രതിസന്ധിക്കും വഴിവെച്ചു. വകുപ്പ് ചുമതലകള്‍ കയ്യൊഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പ്രധാനമന്ത്രിയായി തുടരുന്നെങ്കിലും. രാഷ്ട്രീയമായ കൂര്‍മ്മബുദ്ധി ഉപയോഗിച്ച് രാജ്യത്തെ സങ്കീര്‍ണമായ  സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായി. കഴിഞ്ഞ ദിവസമാണ് അഴിമതിക്കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരായത്. ഇസ്രയേലില്‍ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ക്രിമിനല്‍ കോടതിയില്‍ മൊഴി നല്‍കുന്നത് ഇതാദ്യമാണ്.

ഹമാസിന്റെ ആക്രമണം, തിരിച്ചടി

നെതന്യാഹുവിന്റെ ഈ ടേമിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം തീര്‍ച്ചയായും 2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണമായിരുന്നു. 1,400 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ ബന്ദിയാക്കപ്പെട്ടു. കടുത്ത സൈനിക നടപടികള്‍ വഴി തിരിച്ചടിച്ച ഇസ്രായേല്‍ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചു. ഗാസയിലുണ്ടായ നാശത്തിന്റെ വ്യാപ്തിയും സാധാരണക്കാരായ ആയിരങ്ങളുടെ മരണവും അന്താരാഷ്ട്ര വിമര്‍ശനം ക്ഷണിച്ചുവരുത്തി. സ്ത്രീകളും കുട്ടികളും അടക്കം ഏതാണ്ട് 45,000 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.

ഇസ്രയേലിന്റെ ചരിത്രത്തിലേക്കും വലിയ സുരക്ഷ, ഇന്റലിജന്‍സ് പരാജയങ്ങളില്‍ ഒന്നാണ് ഈ ആക്രമണം വിജയിക്കാന്‍ കാരണമായത്. അത് നെതന്യാഹുവിന്റെ നേതൃത്വം ഇഴകീറി പരിശോധിക്കുന്നതിന് വഴിവെച്ചു. പോരാത്തതിന്, ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രതിഷേധങ്ങളും നെതന്യാഹുവിനെ പ്രതിരോധത്തിലാക്കി. ഭരണകക്ഷിക്കുള്ളില്‍ പോലും എതിരഭിപ്രായമുണ്ടായി. ഒക്ടോബര്‍ 7-ലെ ആക്രമണത്തിന് വഴിവെച്ച ഇന്റലിജന്‍സ്, സൈനിക പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജി വെക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഹിസ്ബുള്ളയുടെ ശിരച്ഛേദവും ഇറാനും

ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍  ഇടയ്ക്കിടെയുള്ള മിസൈലാക്രമണം വഴി ഇസ്രയേലിന് തലവേദന ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രയേലിലെ വടക്കന്‍ പ്രവിശ്യകളിലെ ഏതാണ്ട് 60,000 ഇസ്രയേലുകാര്‍ക്ക് സ്ഥലം വിട്ടോടേണ്ടി വന്നു .ഒക്ടോബര്‍ ഏഴിനു ശേഷം ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം ശക്തമായി. തുടര്‍ന്നാണ് ഇസ്രയേല്‍ കരയുദ്ധത്തിന് ലെബനനില്‍ ഇറങ്ങിയത്. ഇറാന്റെ പ്രോക്‌സിയായ ഹിസ്ബുള്ളയുടെ ഒന്നും രണ്ടും നിര നേതാക്കളെയാകെ അതിനു മുമ്പു തന്നെ ഇസ്രയേല്‍ കൊന്നൊടുക്കിയിരുന്നു. കരയുദ്ധത്തില്‍ അവരുടെ ആയുധപ്പുരകളെയും മറ്റു സജ്ജീകരണങ്ങളെയും ഒക്കെ തകര്‍ത്തതിനു ശേഷം 60 ദിവസത്തെ ഒരു താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറാവുകയായിരുന്നു ഇസ്രയേല്‍. എങ്കിലും അതിര്‍ത്തിയില്‍ ഇപ്പോഴും ചെറുകിട ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നുണ്ട്.

തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന്റെ വിദേശനയത്തെ ഏറെക്കുറെ നിശ്ചയിച്ചത് ഇറാന്റെ ആണവപദ്ധതിക്കെതിരായ എതിര്‍പ്പായിരുന്നു. 'നമ്മുടെ കാലത്തെ ഏറ്റവും വലിയ ഭീകരവാദി രാഷ്ട്രമാണ് ഇറാന്‍' എന്ന് അഭിപ്രായമുള്ള നെതന്യാഹു ഇറാനിലെ ആണവ കേന്ദ്രങ്ങളെ തകര്‍ക്കുന്ന നിരവധി രഹസ്യ ഓപ്പറേഷനുകള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്, നിരവധി ഇറാനിയന്‍ ശാസ്ത്രജ്ഞരെ വകവരുത്തിയിട്ടുമുണ്ട്. സിറിയയിലും ഇടയ്ക്കിടെ ഇസ്രയേല്‍ ഓപ്പറേഷനുകള്‍ ഉണ്ടായിരുന്നു, ഹിസ്ബുള്ളയ്ക്ക് സിറിയ വഴി ഇറാന്‍ ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്നു എന്ന് ആരോപിച്ചുകൊണ്ട്. മഇപ്പോള്‍ സിറിയയിലെ നാഥനില്ലാത്ത അവസ്ഥ മുതലെടുക്കുകയാണ് ഇസ്രയേല്‍. വന്‍നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ഭീകരരുടെ കൈയിലെത്താതിരിക്കാനാണ് നടപടി എന്നാണ് അവകാശവാദം.

കുടിയേറ്റവും അപ്രസക്തമാവുന്ന ദ്വിരാഷ്ട്ര പരിഹാരവും

  • '2000 വര്‍ഷം ഭവനരഹിതരായിരുന്നു ജൂത ജനത. ഇനി നാം ഒരിക്കലും ഭവനരഹിതരാകാന്‍ പോകുന്നില്ല.'
  • 'ജൂത ജനതയുടെ എക്കാലത്തെയും തലസ്ഥാനമാണ് ജെറുസലേം. അത് മാറ്റമില്ലതെ തുടരും.'


ഈ രണ്ടു ഉദ്ധരണികളില്‍നിന്നു പലസ്തീന്‍ പ്രശ്‌നം സംബന്ധിച്ച നെതന്യാഹുവിന്റെ നിലപാട് വായിച്ചെടുക്കാം. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. കഴിഞ്ഞ ഏപ്രിലില്‍ സൈനിക നടപടിയെ തുടര്‍ന്ന് ഗാസയിലെ പ്രതിസന്ധി രൂക്ഷമായപ്പോള്‍ സിവിലിയന്‍മാരെ സംരക്ഷിക്കാന്‍ ഇസ്രയേലിന് അന്ത്യശാസനം നല്‍കിയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പക്ഷേ, അതിനെന്തു ഫലമാണുണ്ടായതെന്ന് ലോകം കണ്ടു. ഇനി ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെത്തുമ്പോള്‍ നെതന്യാഹുവിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാവാനാണിട. പ്രത്യേകിച്ചും ഇറാന്റെ കൈകള്‍ ഏതാണ്ട് ബന്ധിക്കപ്പെട്ട സാഹചര്യത്തില്‍.

കീറാമുട്ടിയായ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് ദ്വിരാഷ്ട്ര പരിഹാരമാണ്- ഇസ്രയേലും പലസ്തീനും രണ്ട് വ്യത്യസ്ത പരമാധികാര രാഷ്ട്രങ്ങള്‍. പക്ഷേ, നെതന്യാഹുവിന്റെ നടപടികള്‍ അത് ഏറെക്കുറെ അസംഭവ്യമാക്കിയിരിക്കുകയാണ്. പലസ്തീന്റെ ഭാഗമായ വെസ്റ്റ്ബാങ്കില്‍ വന്‍തോതില്‍ ജൂതരെ കുടിയിരുത്തുകയാണ് നെതന്യാഹു. പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ ഉണ്ടാക്കി അതിവേഗം വികസിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍. ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകള്‍ക്ക് അനുമതി കൊടുക്കുന്നുണ്ട്. ഈ കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രയേലിന്റെ സുരക്ഷയ്ക്കും ഭൂമിയിലുള്ള ചരിത്രപരമായ അവകാശം നിലനിര്‍ത്തുന്നതിനും നിര്‍ണായകമാണെന്ന്‌ പ്രധാനമന്ത്രി പറയുന്നു. കുടിയേറ്റം ഈ വേഗത്തില്‍ വളര്‍ന്നാല്‍ പലസ്തീന്‍ രാഷ്ട്രം ഏതു മണ്ണിലാണ് സ്ഥാപിക്കുക?  ഗാസയിലും അതിവേഗം ഭൂമി വിഴുങ്ങുകയാണ് ജൂതപ്പട്ടാളം.

നെതന്യാഹു ശരിക്കും ആരാണ്?

'ബിബി, മൈ സ്റ്റോറി' എന്ന ആത്മകഥയില്‍ നെതന്യാഹു സ്വയം വിവരിക്കുന്നത് പ്രായോഗികമതിയും എന്നാല്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവുമായാണ്. ആദര്‍ശവും  യാഥാര്‍ത്ഥ്യവും തമ്മില്‍ സന്തുലനം നിലനിര്‍ത്തുന്നയാള്‍. തന്റെ എല്ലാ പ്രവൃത്തികളും തീരുമാനങ്ങളും ഇസ്രയേലിന്റെ സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയാണെന്നും  ശത്രുക്കളാല്‍ ചുറ്റപ്പെട്ട രാജ്യത്തിന്റെ അതിജീവനത്തിനു വേണ്ടി ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞന്‍ ചെയ്യുന്ന പ്രവൃത്തികളാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ശക്തിയിലൂടെ സമാധാനമാണ് അദ്ദേഹത്തിന്റെ ഫിലോസഫി. സൈന്യത്തിന് കരുത്തു കൂട്ടുന്നതും ഭീകരവാദത്തിനും ശത്രുക്കള്‍ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതും ഇറാനിലെ അണുവായുധ പദ്ധതിക്കെതിരായ അദ്ദേഹത്തിന്റെ രഹസ്യ നടപടികളും ഒക്കെ ഉദാഹരണം. തന്റെ നടപടികളെല്ലാം ഇസ്രയേലിന്റെ ഏറ്റവും മികച്ച താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും വളരെ കരുതലോടെ ചെയ്തവയാണ് എന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു അദ്ദേഹം. താന്‍ അക്രമോത്സുകമായ നയമല്ല പിന്തുടരുന്നത്‌, അതിജീവനത്തിനുള്ള ഭീഷണികളോട് പ്രതികരിക്കുക മാത്രമാണ് എന്നും അദ്ദേഹം പറയുന്നു.

നെതന്യാഹുവിന്റെ ഭരണകാലത്ത് ഇസ്രയേല്‍ അതിശക്തമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു, നയതന്ത്രപരമായി വന്‍നേട്ടങ്ങളുണ്ടാക്കി, ഇപ്പോഴിതാ, മധ്യപൂര്‍വേഷ്യയിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത സൈനികശക്തിയുമായിരിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മയമില്ലാത്ത നേതൃത്വ ശൈലി, താന്‍പോരിമ, നിയമപ്രശ്‌നങ്ങള്‍, ജനാധിപത്യത്തോടും ന്യൂനപക്ഷ അവകാശങ്ങളോടുമുള്ള പോസിറ്റീവ് അല്ലാത്ത സമീപനം- ഇതൊക്കെ അദ്ദേഹത്തിന് നാട്ടിലും അന്താരാഷ്ട്രതലത്തിലും നല്‍കുന്ന പ്രതിച്ഛായ അത്ര നല്ലതല്ല. ദീര്‍ഘദര്‍ശിയായ നേതാവായിട്ടാണോ, മധ്യേഷ്യയില്‍ സമാധാനം സമീപകാലത്തെങ്ങും ഉണ്ടാവില്ലെന്ന് ഉറപ്പാക്കിയ തീരുമാനങ്ങളെടുത്ത ഏകാധിപതിയായാണോ വരുംകാലം അദ്ദേഹത്തെ രേഖപ്പെടുത്തുക?

Inshorts | Benjamin Netanyahu, Israel's longest-serving Prime Minister, is known for his hardline stance on security and Middle Eastern geopolitics, shaping aggressive policies against Hamas, Hezbollah, and Iran, while achieving milestones like the Abraham Accords. His tenure, marked by both economic growth and corruption allegations, remains polarizing, with debates over his legacy as a pragmatic leader or divisive figure.