78 കൊല്ലത്തെ കാത്തിരിപ്പ്, വെല്ലുവിളികളെ മറികടന്ന് മിസോറാമിലും തീവണ്ടിയെത്തി; ഇനി വലിയ സാധ്യതകൾ
മിസോറാമിലെ ബൈറബി മുതൽ സൈരാങ് വരെയുള്ള 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്രോഡ്-ഗേജ് പാത. ദുഷ്കരമായ ഭൂപ്രകൃതിയെ മറികടന്ന് മിസോറാമിൽ ഇന്ത്യൻ റെയിൽവേ നിർമ്മിച്ച വിസ്മയം. തീവണ്ടികൾ ഇതിലേ കടന്നുപോവുമ്പോൾ ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ മിസോറാമും ഇടംനേടുകയാണ്. അസം, ത്രിപുര, അരുണാചൽ പ്രദേശ്... ഇപ്പോഴിതാ മിസോറാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ സ്വപ്ന പദ്ധതിയിലെ മറ്റൊരു നാഴികക്കല്ല്. എന്തൊക്കെയാണ് ബൈറബി– സൈരാങ് റെയിൽവേ പാതയുടെ വിസ്മയങ്ങൾ? എങ്ങനെയാണ് പുതിയ പാത മിസോറാമിനും ഇന്ത്യയ്ക്കും മുതൽക്കൂട്ടാവുക?
എഞ്ചിനീയറിംഗ് വിസ്മയം
കുത്തനെയുള്ള ചരിവുകൾ, ആഴമുള്ള താഴ്‌വരകൾ, മണ്ണിടിച്ചിലിന് സാധ്യതയുള്ള മണ്ണ്, ഇടതൂർന്ന വനങ്ങൾ എന്നിവയുള്ള ഭൂപ്രദേശം. ഇതിലൂടെയാണ് ബൈറബി– സൈരാങ് പാത നിർമ്മിച്ചിരിക്കുന്നത്. പാതയുടെ പകുതിയിലധികവും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. 48 തുരങ്കങ്ങളാണ് ആകെയുള്ളത്. 12,853 മീറ്ററാണ് തുരങ്കങ്ങളുടെ ആകെ നീളം. ഏറ്റവും നീളം കൂടിയ തുരങ്കത്തിന് ഏകദേശം 1.37 കിലോമീറ്റർ നീളമുണ്ട്. വൈബ്രേഷനും അറ്റകുറ്റപ്പണികളും കുറയ്ക്കുന്നതിനായി തുരങ്കങ്ങൾക്കുള്ളിൽ ബാലസ്റ്റ്‌ലെസ് ട്രാക്കുകളാണ് നിർമ്മിച്ചത്. 55 പ്രധാന പാലങ്ങളും 87 ചെറിയ പാലങ്ങളുമാണ് പാതയുടെ ഭാഗമായിട്ടുള്ളത്. ഇതിൽ 196-ാം നമ്പർ പാലത്തിന്റെ ഉയരം 104 മീറ്ററാണ്. അതായത് കുത്തബ് മിനാറിനേക്കാൾ 42 മീറ്റർ കൂടുതൽ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പിയർ പാലവും ഇത് തന്നെ. 5 റോഡ് ഓവർ ബ്രിഡ്ജുകളും ആറ് റോഡ് അണ്ടർ ബ്രിഡ്ജുകളും പാതയുടെ ഭാഗമാണ്.
യഥാർഥ്യമായ 78 കൊല്ലത്തെ കാത്തിരിപ്പ്
കൊലാസിബ് ജില്ലയിലെ ബൈറബിയെ ആസാമിലെ സിൽചാറുമായി ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗമായി 1.5 കിലോമീറ്റർ മീറ്റർ-ഗേജ് ട്രാക്ക് മാത്രമായിരുന്നു അസമില് ആദ്യകാലത്ത് ഉണ്ടായിരുന്നത്. ശേഷം ഈ പാതയുടെ ഗേജ് മാറ്റത്തിനും സൈരാങ് വരെ നീട്ടുന്നതിനുമുള്ള അനുമതി 2000-ൽ ലഭിച്ചു. മിസോറമിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിലുള്ള റെയിൽ നെറ്റ് വർക്കിന്റെ പ്രാധാന്യം മനസിലാക്കി 2008-09 വർഷത്തിൽ അന്നത്തെ യുപിഎ സർക്കാർ ഇതിനെ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി, ഇടതൂർന്ന വനങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവ കാരണം പ്രാഥമിക സർവേകൾ വൈകി. ഒടുക്കം 2011ലാണ് സർവേ പൂർത്തിയായത്. 2014 നവംബർ 29-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടുകൊണ്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 2014-2015 ഓടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കി, ഒരു വർഷത്തിനുശേഷം നിർമ്മാണം പൂർണ തോതിൽ ആരംഭിച്ചു. ബൈറാബി-ഹോർട്ടോകി, ഹോർട്ടോകി-കൗൺപുയി, കൗൺപുയി-മുവൽഖാങ്, മുവൽഖാങ്-സൈരാങ് എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചായിരുന്നു നിർമ്മാണം നടത്തിയത്.
എന്നാൽ നിർമ്മാണം ഒട്ടും എളുപ്പമായിരുന്നില്ല. ദുഷ്കരമായ ഭൂപ്രകൃതിക്ക് പുറമെ വേറെയും വെല്ലുവിളികൾ പദ്ധതി നേരിടേണ്ടി വന്നു. റോഡ് സൗകര്യമില്ലാത്തത് ആയിരുന്നു ഇതിലൊന്ന്. നിർമ്മാണത്തിനായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയ്ക്ക് ഏകദേശം 220-223 കിലോമീറ്റർ അപ്രോച്ച് റോഡുകൾ നിർമ്മിക്കേണ്ടി വന്നു. നിർമ്മാണ സാമഗ്രികളുടെ ലഭ്യതകുറവും പ്രശ്നമായി. പ്രാദേശികമായി നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം കാരണം മിക്ക വസ്തുക്കളും ബീഹാർ, ഝാർഖണ്ഡ്, അസം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരേണ്ടി വന്നു. ഇത് കാലതാമസത്തിനും ചെലവ് വർദ്ധിക്കാനും കാരണമായി. വിദൂര സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങളും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവവും കാരണം തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികളോടുള്ള പ്രാദേശിക എതിർപ്പും പദ്ധതിയെ ബാധിച്ചു. കാലാവസ്ഥ- കനത്ത മഴ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ വർഷത്തിൽ നാല്-അഞ്ച് മാസങ്ങൾ മാത്രമാണ് നടന്നത്. മഴ തുടർച്ചയായതോടെ മണ്ണിടിച്ചിലിനും കാരണമായി. 2023 ഓഗസ്റ്റ് 23-ന് നിർമ്മാണത്തിലിരുന്ന ഒരു പാലം തകർന്നുവീണ് തൊഴിലാളികൾക്ക് ജീവൻ വരെ നഷ്ടമായി.
പ്രതികൂല സാഹചര്യങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും പദ്ധതി മുന്നോട്ട് പോയി. 2024 ജൂലൈ മുതൽ 17 കിലോമീറ്റർ വരുന്ന ബൈറാബി-ഹോർട്ടോകി ഭാഗം പ്രവർത്തനക്ഷമമായി. ശേഷിക്കുന്ന 34 കിലോമീറ്റർ ഹോർട്ടോകി-സൈരാങ് പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. സൈരാങ്ങിലേക്കുള്ള ആദ്യ പരീക്ഷണ ഓട്ടം 2025 മെയ് മാസത്തിൽ നടത്തി. പദ്ധതി പൂർത്തിയാക്കാൻ ഏകദേശം 8,000 കോടി രൂപ മുതൽ 8,701 കോടി രൂപ വരെ ചെലവായി.
റെയിൽപാത തുറക്കുന്ന സാധ്യതകൾ
ബൈറബി-സൈരാങ് റെയിൽവേ ലൈൻ മിസോറമിനും വടക്കുകിഴക്കൻ മേഖലയ്ക്കും ഗണ്യമായ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
1) മെച്ചപ്പെട്ട ഗതാഗതം- മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിനെ ഇന്ത്യയുടെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതോടെ ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ട്രെയിൻ സർവീസുകൾ ഇവിടേക്ക് ലഭ്യമാകും. ഡൽഹിയിലേക്ക് ഒരു രാജധാനി എക്സ്പ്രസും കൊൽക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും നേരിട്ടുള്ള രണ്ട് ട്രെയിനുകളും നഗരത്തിൽ നിന്ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. സാധ്യതയും ആവശ്യങ്ങളും കണക്കിലെടുത്ത് ഐസ്വാളിൽ നിന്ന് വന്ദേ ഭാരത്, രാജധാനി സർവീസുകൾ ആരംഭിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്
2) യാത്രാ സമയം കുറയും- റോഡ് മാർഗം ഏകദേശം ഏഴ് മണിക്കൂറോളം വരുന്ന ഐസ്വാളിനും അസമിലെ സിൽച്ചാറിനും ഇടയിലുള്ള യാത്രാ സമയം ട്രെയിൻ വരുന്നതോടെ മൂന്ന് മണിക്കൂറായി കുറയും. ഗുവാഹത്തിയിൽ നിന്ന് ഐസ്വാളിലേക്കുള്ള യാത്രാ സമയവും രണ്ട് മണിക്കൂർ കുറയും.
3) യാത്രാചെലവ് കുറയും - റോഡ് അല്ലെങ്കിൽ വിമാന ഗതാഗതത്തെ അപേക്ഷിച്ച് റെയിൽ ഗതാഗതം കൂടുതൽ ലാഭകരമാണ്. നിലവിൽ ഐസ്വാളിൽ നിന്നുള്ള യാത്രയ്ക്ക് 1,200 മുതൽ 2,000 രൂപ വരെ ചെലവാകും, എന്നാൽ ട്രെയിൻ നിരക്കുകൾ ഇതിലും കുറവായിരിക്കും.
4) സാമ്പത്തിക വളർച്ച- പുതിയ റെയിൽവേ പാത വരുന്നതോടെ മിസോറാമിന്റെ ജിഡിപി പ്രതിവർഷം 500 മുതൽ 700 കോടി വരെ വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ തൊഴിലവസരങ്ങൾ, പ്രാദേശിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.
5) ചരക്കുനീക്കം എളുപ്പമാകും - മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാധനങ്ങൾ, പച്ചക്കറികൾ, മറ്റ് വസ്തുക്കൾ എന്നിവ സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള ചെലവ് 10-20% വരെ കുറയും. ഇത് വിലകുറവിന് കാരണമാകും. അവശ്യവസ്തുക്കളുടെ വില കുറയുന്നതോടെ മിസോറാമിലെ ജീവിതച്ചെലവും കുറയും. അതുപോലെ സംസ്ഥാനത്ത് വിളയുന്ന ഓറഞ്ച്, പൈനാപ്പിൾ, ഇഞ്ചി, മുളക് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ വിപണികളിൽ വേഗത്തിൽ എത്തിക്കാനാകും. സംസ്ഥാനത്തിന് പുറത്ത് തങ്ങളുടെ ഉത്പന്നങ്ങള് വിൽക്കാൻ കർഷകർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
6) ടൂറിസം വികസനം- അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനോദസഞ്ചാരികളുടെ എണ്ണം 50 ശതമാനം വർദ്ധിക്കുമെന്നാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. ഇത് ഹോട്ടലുകൾ, ഹോംസ്റ്റേകൾ, കരകൗശല വിപണികൾ, ഗതാഗത സേവനങ്ങൾ എന്നിവയിലെ വിൽപ്പന വർദ്ധിപ്പിക്കും. അഞ്ച് വർഷത്തിനുള്ളിൽ ടൂറിസം വരുമാനം 40-50 ശതമാനം വരെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
7) തന്ത്രപരമായ പ്രാധാന്യം- ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തെ ഈ പദ്ധതി പിന്തുണയ്ക്കുന്നുണ്ട്. മ്യാൻമറിലെ സിറ്റ്‌വെ തുറമുഖം വഴി വടക്കുകിഴക്കൻ ഇന്ത്യയും ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും ട്രാൻസ്‌ഷിപ്പ്മെന്റും സുഗമമാക്കാൻ ഇത് സഹായിക്കുകയും ചെയ്യും. മ്യാൻമർ അതിർത്തിയിലേക്ക് പാത വികസിപ്പിക്കാനുള്ള സർവേ നടന്നുവരുന്നുമുണ്ട്.
8) ദുരന്തനിവാരണം- മഴക്കാലത്ത് മണ്ണിടിച്ചിൽ മൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്നത് പതിവായതിനാൽ, റെയിൽ ഗതാഗതം കൂടുതൽ വിശ്വസനീയമായ യാത്രാമാർഗ്ഗമാകും.
ആദ്യകാല സർവീസുകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 സെപ്റ്റംബർ 13-ന് മിസോറാമിലെ ആദ്യ റെയിൽവേ സ്റ്റേഷനായ സൈരാങ്ങിൽ നിന്ന് ആദ്യ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. മിസോറാമിലേക്കുള്ള ആദ്യ രാജധാനി എക്സ്പ്രസ് സൈരാങ്ങിനെ ഡൽഹിയിലെ ആനന്ദ് വിഹാറുമായി നേരിട്ട് ബന്ധിപ്പിക്കും. 2,510 കിലോമീറ്റർ ദൂരമുള്ള ഈ യാത്രയ്ക്ക് ഏകദേശം 43 മണിക്കൂർ എടുക്കും. ഇതിനുപുറമെ, കൊൽക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും നേരിട്ടുള്ള ട്രെയിൻ സർവീസുകളും ആരംഭിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 14-ന് മിസോറാമിൽ നിന്ന് ആദ്യ ചരക്ക് ട്രെയിൻ പ്രവർത്തനം ആരംഭിച്ചു. ഇത് സിമന്റ്, സ്റ്റീൽ, വീട്ടുപകരണങ്ങൾ എന്നിവയുടെ ഗതാഗതത്തിന് പ്രയോജനകരമാകും. ജൈവ പച്ചക്കറികൾ, പൂക്കൾ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പ്രാദേശിക ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനും ഇത് സഹായിക്കും.
Content Highlights: Bairabi-Sairang Railway: Transforming Connectivity and Development in Mizoram
Published: 14 Sept 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented