അധികാരത്തിന്റെ അന്തിമവാക്ക്: ആരായിരുന്നു ഇറാന് ഖമനേയി? പരമോന്നത പദവിയിലേക്ക് ഇനിയാര്?
ഇറാനിലെ രാഷ്ട്രീയ-മത അധികാരഘടനയിൽ പ്രസിഡന്റിനേക്കാൾ എത്രയോ മുകളിൽ. 'പരമോന്നത നേതാവ്' എന്ന പേര് ഒരു പദവി മാത്രമല്ല. ജുഡീഷ്യറി, രഹസ്യാന്വേഷണം, മീഡിയ, സൈനിക നീക്കം, നയതന്ത്രം,ആണവനയം തുടങ്ങി രാജ്യത്തിന്റെ ഓരോ സ്പന്ദനവും നിയന്ത്രിക്കുന്ന അധികാരത്തിന്റെ അന്തിമവാക്കാണ്. സായുധ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അഥവാ IRGCയുടെ സർവസൈന്യാധിപൻ. മതനിയമങ്ങളുടെ ചട്ടക്കൂടുകൾക്ക് അപ്പുറം പോകാത്ത ഇറാന്റെ സവിശേഷ രാഷ്ട്രീയ - മത നേതൃത്വത്തിന്റെ ഏക അധികാര കേന്ദ്രം. അതായിരുന്നു ഇറാന്ള്ള ആയത്തുള്ള ഖമനേയി. കാലം മുന്നോട്ടു പോകുമ്പോൾ പിന്നോട്ടു മുഖം തിരിഞ്ഞു നിന്ന ഏകാധിപതിയെന്ന ചീത്തപ്പേര് ഖമനേയിക്ക് പണ്ടേയുണ്ട്. ആ അധികാരകേന്ദ്രത്തോടുള്ള മുഷിപ്പാണ് നിലവിൽ തെരുവുയുദ്ധത്തോളമെത്തി നിൽക്കുന്ന പ്രതിസന്ധിയിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചതും. ആണവായുധങ്ങളുടെ, അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ പേരിലാണ് ഖമനേയി വലിയ സാത്താനെന്ന് വിളിച്ച അമേരിക്കയും ചെറിയ സാത്താനെന്നു വിളിച്ച ഇസ്രയേലും നയിക്കുന്ന ശത്രുക്കൾ അദ്ദേഹത്തെ കൊന്നുകളഞ്ഞത്. ഇറാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോൾ, ആരായിരുന്നു ഇറാന് ഖമനേയി, ഖമനേയിയുടെ മരണം ഇറാനിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുക.
അന്ത്യം കുറിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി'
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട സംയുക്ത അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിലാണ് 86-കാരനായ ഖമനേയി കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള നേതൃത്വ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി 30-ലധികം കൃത്യതയാർന്ന ബോംബുകൾ വർഷിച്ചുകൊണ്ടായിരുന്നു ഇസ്രയേലിന്റെ ഈ സൈനിക നീക്കം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനേയിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്ത ആദ്യം ഇസ്രായേൽ പുറത്തുവിട്ടപ്പോൾ അതൊരു 'സയണിസ്റ്റ് കെട്ടുകഥ' ആണെന്നായിരുന്നു ഇറാന്റെ ആദ്യ പ്രതികരണം. എന്നാൽ പിന്നാലെ ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നു. ഖമനേയിക്ക് പുറമെ, ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകുന്ന അലി ഷംഖാനി, മുഹമ്മദ് പക്പുർ, അസിസ് നസീർസാദ തുടങ്ങിയ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഈ ആക്രമണത്തിൽ വധിക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളായ ഖമനേയി കൊല്ലപ്പെട്ടുവെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാചകം.
അധികാരത്തിന്റെ അന്തിമവാക്ക്: ഖമനേയി എന്ന പ്രതിഭാസം
1939 ഏപ്രിൽ 19-ന് മഷാദിലെ ഒരു പുരോഹിത കുടുംബത്തിൽ ജനിച്ച ഖമനേയി, മഷാദിലും ഖോമിലുമായി ഇസ്ലാമിക ദൈവശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യം നേടിയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ ശില്പി ആയത്തുള്ള റൂഹുല്ല ഖമനേയിയുടെ വലംകൈയ്യായി മാറിയ അദ്ദേഹം, ഷാ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ പോരാടി നിരവധി തവണ തടവുശിക്ഷ അനുഭവിച്ചു.
ഇറാനെ ആധുനികവൽക്കരിക്കാനും പാശ്ചാത്യ രാജ്യങ്ങളുമായി അടുക്കാനുമായി ഷാ മുഹമ്മദ് പഹ്ലവി നടപ്പിലാക്കിയ പരിഷ്‌കാരങ്ങളായിരുന്നു 'വൈറ്റ് റവല്യൂഷൻ'. ഭൂപരിഷ്‌കരണം, സ്ത്രീകളുടെ വോട്ടവകാശം, വിവാഹ നിയമങ്ങളിലെ മാറ്റങ്ങൾ എന്നിവയായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. പുരുഷ ആധിപത്യസമൂഹത്തിലെ വിവാഹമോചനം മുതൽ സ്ത്രീകളുടെ വോട്ടവകാവകാശം വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ശരിഅത്ത് നിയമങ്ങളിൽ സർക്കാർ ഇടപെടുന്നതിനെതിരെ റൂഹുല്ല ഖമനേയിയുടെ നേതൃത്വത്തിൽ മതപണ്ഡിതർ ശക്തമായി രംഗത്തുവന്നു. സ്ത്രീ സ്വാതന്ത്ര്യം, കോടതികളുടെ അധികാരം മാറ്റൽ എന്നിവ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് റൂഹുല്ല ഖമനേയി വാദിച്ചു.1963ൽ ഷായുടെ നയങ്ങളെ പരസ്യമായി വിമർശിച്ച റുഹുല്ല ഖമനേയിയെ ഭരണകൂടം അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിതെളിച്ചത്. ജനരോഷം ഭയന്ന ഷാ ഭരണകൂടം 1964-ൽ ഖമനേയിയെ തുർക്കിയിലേക്ക് നാടുകടത്തി. റുഹുല്ല ഖമനേയിയുടെ അസാന്നിധ്യത്തിൽ വിപ്ലവക്കനൽ കെടാതെ സൂക്ഷിച്ചത് അലി ഖമനേയി ആയിരുന്നു. വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ ആറ് തവണയാണ് ഷായുടെ രഹസ്യപ്പൊലീസായ 'സാവക്' അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെയും ഇസ്രയേലിന്റെ മൊസാദിന്റെയും നേരിട്ടുള്ള പരിശീലനം ലഭിച്ച സാവക് ഉദ്യോഗസ്ഥർ ഖമനേയിയെ തടവറയിൽ അതിക്രൂരമായ പീഡനങ്ങൾക്കിരയാക്കിയതായാണ് അമേരിക്കയോടും ഇസ്രയേലിനോടും ആജീവനാന്ത പക ഖമനേയിയിൽ ഉണ്ടാക്കിയതെന്നു കരുതപ്പെടുന്നുണ്ട്.
ഷാ മുഹമ്മദ് പഹ്ലവിയുടെ ഏകാധിപത്യ നയങ്ങളും സാമ്പത്തിക പരാജയങ്ങളുമാണ് ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന് തിരികൊളുത്തിയത്. 1975-ൽ 'നാഷനൽ റീസർജെൻസ് പാർട്ടി' എന്ന ഒറ്റപ്പാർട്ടി ഭരണം ഏർപ്പെടുത്തിയതും, എണ്ണവില വർധനവിന്റെ ഗുണഫലം സാധാരണക്കാർക്ക് ലഭിക്കാതെ അഴിമതി വർധിച്ചതും ജനരോഷം കൂട്ടി. ഇതിനിടെ റൂഹുല്ല ഖമനേയിയെ പത്രത്തിലൂടെ അപമാനിച്ചതും സാവകിന്റെ ക്രൂരതകളും പ്രക്ഷോഭം ആളിപ്പടരാൻ കാരണമായി. 1979 ജനുവരിയിൽ ഷാ ഈജിപ്തിലേക്ക് പലായനം ചെയ്തതോടെ 54 വർഷത്തെ രാജഭരണത്തിന് അന്ത്യമായി
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഖമനേയി ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ പടിപടിയായി ഉയർന്നു. ഉപപ്രതിരോധമന്ത്രി, ഐആർജിസി സൂപ്പർവൈസർ, ടെഹ്‌റാനിലെ വെള്ളിയാഴ്ച പ്രാർഥനകളുടെ ഇമാം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1981-ൽ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം നടന്ന ഒരു വധശ്രമത്തിൽ ബോംബ് സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ വലതുകൈ ഭാഗികമായി തളർന്നു. 1989 വരെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു. 1989-ൽ റൂഹൊള്ള ഖൊമേനിയുടെ മരണത്തെത്തുടർന്ന് 'അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സ്' അദ്ദേഹത്തെ ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. പരമോന്നത നേതാവാകാൻ ഇസ്ലാമിക മതവിദ്യാഭ്യാസം അനുസരിച്ച്'ആയത്തുല്ല' പദവി വേണമെന്ന നിയമത്തിന് പകരം രാഷ്ട്രീയ വൈദഗ്ധ്യമുള്ളവർക്കും ഈ സ്ഥാനത്തെത്താമെന്ന നിയമഭേദഗതിയിലൂടെയാണ് ആയത്തുല്ല അലി ഖമനേയി രൊഹല്ല ഖമനേയിയുടെ പിൻഗാമി ആയെത്തുന്നത്. ഭേദഗതി നടത്തിയതാകട്ടെ രൊഹല്ല ഖമനേയിയും
'വിലായത്ത്-ഇ ഫഖിഹ്' എന്ന സിദ്ധാന്തപ്രകാരം ഇറാന്റെ സകല അധികാരങ്ങളും പരമോന്നതനേതാവിൽ നിക്ഷിപ്തമാണ്. സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ സൈനിക നീക്കങ്ങളിൽ അന്തിമ തീരുമാനമെടുത്തതും ഇറാന്റെ ആണവ പദ്ധതികളുടെ ഗതി നിശ്ചയിച്ചതും പിന്നീട് ഖമനേയി ആയിരുന്നു. അമേരിക്കയെ 'മഹാ സാത്താൻ' എന്നും ഇസ്രായേലിനെ 'ചെറിയ സാത്താൻ' എന്നും വിശേഷിപ്പിച്ച അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളുമായി കടുത്ത ശത്രുത പുലർത്തി. എണ്ണ വിതരണത്തിലും കയറ്റുമതിയിലും വരെ ആ ശത്രുത നിഴലിച്ചു.
ഖമനേയിയുടെ കാലത്താണ് ഇറാൻ സിറിയ, ലെബനൻ, ഇറാഖ്, യമൻ തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ 'പ്രതിരോധ അച്ചുതണ്ട്'-Axis of Resistance വിപുലീകരിച്ചത്. എന്നാൽ 2009-ലെ ഗ്രീൻ മൂവ്‌മെന്റ്, 2019, 2022 വർഷങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾ എന്നിവയെ അദ്ദേഹം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തി. പാശ്ചാത്യ ഉപരോധങ്ങൾ കാരണം തകർന്ന സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താൻ 'പ്രതിരോധ സമ്പദ് വ്യവസ്ഥ' എന്ന മാതൃക അദ്ദേഹം അവതരിപ്പിച്ചു. വിപ്ലവകാരിയായ നേതാവ് എന്നതിനപ്പുറം സാഹിത്യത്തിലും താൽപ്പര്യമുണ്ടായിരുന്ന ഖമനേയിക്ക് വിക്ടർ ഹ്യൂഗോയുടെ 'ലെ മിസെറബിൾസ്' ആയിരുന്നു ഏറ്റവും പ്രിയം. പാവങ്ങൾ ആണ് ലോകത്തിലെ ഏറ്റവും മികച്ച നോവൽ എന്ന് അദ്ദേഹം വിശ്വസിച്ചു. 'അമീൻ' എന്ന തൂലികാനാമത്തിൽ അദ്ദേഹം കവിതകളും എഴുതി.
ഇറാനിൽ ഇനി?
ആധുനിക ഇറാന്റെ ചരിത്രഗതി നിർണയിച്ച ഖമനേയിയുടെ വിയോഗത്തോടെ പശ്ചിമേഷ്യയിൽ ഒരു യുഗം അവസാനിക്കുകയാണ്. പഹ്ലവി രാജവംശത്തിന്റെ പതനത്തിന് ശേഷം ഇറാനിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഖമനേയിയുടെ വിയോഗം, ഇറാൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിക്കാണ് വഴിതുറക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ രണ്ട് പരമോന്നത നേതാക്കൾ മാത്രമാണുണ്ടായിരുന്നത് എന്നതും, ഖമനേയിയുടെ സ്വാധീനം എത്രത്തോളം വലുതായിരുന്നു എന്നതും ഈ വിടവ് നികത്തുന്നത് വെല്ലുവിളിയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 88 അംഗങ്ങളുള്ള പുരോഹിത സഭയായ 'അസംബ്ലി ഓഫ് എക്‌സ്‌പെർട്‌സി'നാണ് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല.
ഖമനേയി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ സമ്മിശ്ര വികാരമാണ് ഇറാനിലുണ്ടാക്കിയിരിക്കുന്നത്. പാശ്ചാത്യ ശക്തികളുടെ അധിനിവേശത്തെ തടയാൻ ഇനി ആരുണ്ടാകുമെന്ന ആശങ്കയിലാണ് ഷിയ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവർ. എന്നാൽ ഖമനേയിയുടെ വധത്തിൽ സന്തോഷിക്കുന്നവരും ഇറാനിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖമനേയി കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് നിരവധി പേർ വീടുകളിലെ ജനലുകൾക്ക് സമീപമെത്തി കൈയ്യടിച്ചുവെന്നും വധം ആഘോഷമാക്കിയെന്നും അമേരിക്കൻ മാധ്യമമായ ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലണ്ടനിൽ പ്രവാസികളായ ഇറാനിയൻ ജനതയും ഇസ്രയേലി ജനതയും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ ആഘോഷിക്കുന്നതിന്റെയും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനം, കുതിച്ചുയരുന്ന പണപ്പെരുപ്പം, കുത്തനെ ദുർബലമാകുന്ന കറൻസി, വർധിച്ചുവരുന്ന ഭക്ഷ്യവില തുടങ്ങി ഇറാനിൽ പൊതുജനം തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിയിട്ട് മാസങ്ങളായി. ഭരണകൂടവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒട്ടേറെ പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുദ്ധവും ഖമനേയിയുടെ വധവും. ഖമനേയി കൊല്ലപ്പെട്ടതിൽ അനുശോചനമർപ്പിച്ച് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണമാണ് ഇറാനിൽ. ഇതിനൊപ്പം എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക സംഘർഷങ്ങൾ, ആഭ്യന്തരപ്രശ്നങ്ങൾ, ഇസ്രയേലുമായുള്ള യുദ്ധഭീഷണി, അമേരിക്കയുമായുള്ള ശത്രുത, ആണവായുധ കുറിച്ചുള്ള ചർച്ചകൾ എന്നിങ്ങനെ ഇറാനിൽ പ്രശ്നങ്ങൾ അനവധിയാണ്. ഇതിനൊപ്പമാണ് ഇറാനിൽ യുദ്ധവും അധികാരപ്രതിസന്ധിയുമുണ്ടാകുന്നത്. ഒമ്പതുകോടി ജനങ്ങളുണ്ട് ഇറാനിൽ. ബഹുവംശ രാഷ്ട്രസമൂഹമാണത്. അറബ്, കുർദ്, അസീറി, ബലൂച് വംശജരുണ്ട്. ഭരണപരമായ ഒരുവിടവുണ്ടായാൽ, സ്വയംഭരണം ആവശ്യപ്പെട്ട് ഉയർത്തെഴുന്നേൽക്കാൻ കാത്തുനിൽക്കുകയാണവർ. ഇസ്ലാമിക ഭരണകൂടത്തിനെതിരേ രംഗത്തുവരാൻ അടുത്തിടെയാണ് അമേരിക്ക കുർദുകളോട് ആഹ്വാനം ചെയ്തത്.
ഇറാനിൽ അധികാരത്തിലേറാൻ പറ്റിയ ഒട്ടേറെ 'നല്ല'വരുണ്ടെന്നാണ് ട്രംപ് പറയുന്നത്. ആക്രമണത്തെ അതിജീവിച്ച ചില അതികായർ ഇറാനിലുണ്ട്. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖെർ ഖാലിബാഫ് ആണ് ഒരാൾ. അദ്ദേഹത്തിന്റെ മുൻഗാമി അലി ലാറിജാനിയാണ് മറ്റൊരാൾ. പിന്നെ സാധ്യതയുള്ള ഒരാൾ മുൻ പ്രസിഡന്റ് ഹസ് റൂഹാനിയാണ്. മിതവാദിയും പരിഷ്‌കരണവാദിയുമായ അദ്ദേഹമാണ് 2015-ൽ അമേരിക്കയുമായി ആണവക്കരാർ സാധ്യമാക്കിയത്.അധികാരമോഹവുമായി ഒരു ഇറാൻകാരൻ അമേരിക്കയിലുണ്ട്. റേസ പഹ്ലവി. 1979-ലെ ഇസ്ലാമികവിപ്ലവത്തിൽ അധികാരം പോയ ഷാ മുഹമ്മദ് റേസ പഹ്ലവിയുടെ മൂത്തമകൻ. പക്ഷേ, രാജപരമ്പരയിൽപ്പെട്ട റേസ പഹ്ലവിയുടെ അധികാരത്തിലേറ്റാൻ ട്രംപിന് താത്പര്യമില്ല.
ആഗോള പ്രത്യാഘാതങ്ങളും മൂന്നാം ലോകമഹായുദ്ധ ഭീതിയും
ഇറാനുനേരെ നടത്തുന്ന ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം. കടൽ മാർഗമുള്ള ചരക്കുനീക്കത്തെ യുദ്ധം ബാധിക്കുന്നതും, ആഗോള എണ്ണവിലയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തിന് തന്നെ വഴിതെളിച്ചേക്കാം.യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോകരാജ്യങ്ങൾ രണ്ട് പ്രധാന ചേരികളിലേക്കായി തിരിഞ്ഞതും ആശങ്കയേറ്റുന്നുണ്ട്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവർ ഇസ്രയേലിനും അമേരിക്കയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. തങ്ങൾ ആക്രമിക്കപ്പെട്ടതോടെ ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളും ഇറാൻ വിരുദ്ധ നിലപാട് സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ ഇറാന് കരുത്തായി റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം സിറിയ, ഇറാഖ്, യെമൻ, ലെബനോൺ എന്നീ രാജ്യങ്ങളും. ഗൾഫ് രാജ്യങ്ങളെ പിന്തുണച്ച് പാകിസ്താനും രംഗത്തെത്തി. ഇരുപക്ഷവും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ പരിഹാരം കാണണമെന്നുമാണ് ഇന്ത്യയുടേയും ജപ്പാന്റേയും നിലപാട്.
വെനസ്വേല ഭരണകൂടത്തെ നാടുകടത്തി കൈപ്പിടിയിലാക്കിയ ട്രംപ് ഇസ്രയേലിനെ കൂട്ടുപിടിച്ച് ഇറാനിലും അതാവർത്തിക്കുന്നു. ഖമനേയി യുഗത്തിന് ശേഷം ഇറാൻ ഏത് വഴിക്ക് നീങ്ങും. ഇറാന്റെ തിരിച്ചടികളിൽ ഗൾഫിലുണ്ടാക്കുന്ന ആശങ്കയിൽ ഇങ്ങ് കേരളക്കരയിലും അത് മനസ്സിൽ തീകോരിയിടുന്നു. യുദ്ധവെറിയിൽ എന്നത്തേയും പോലെ നിരപരാധികളുടെ ചോരയും വീഴുന്നു.
Content Highlights: Details the assassination of Iran's Supreme Leader Ayatollah Khamenei in a joint US-Israeli operation named 'Operation Epic Fury'., Explores Khamenei's absolute authority over Iran's military, judiciary, and foreign policy., Analyzes the ensuing succession crisis and the potential for internal instability within Iran., Discusses the geopolitical fallout, including the risk of a wider regional conflict and global economic impact.
Published: 01 Mar 2026, 08:46 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented