അതിര്‍ത്തികള്‍ പിടിച്ചെടുത്ത് അരാക്കാന്‍ ആര്‍മി, പിന്നിലാര്? ലക്ഷ്യമെന്ത്?
മ്യാന്‍മാറിലെ രാഘൈന്‍ വംശജര്‍ക്ക് സ്വയംഭരണം വേണമെന്ന ആവശ്യവുമായി 2009-ല്‍ രൂപീകൃതമായ സായുധ സംഘം. ഏതാണ്ട് മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ അംഗസംഖ്യ. 2020-ല്‍ മ്യാന്‍മര്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഈ സംഘത്തിന്റെ പേരാണ് അരാക്കാന്‍ ആര്‍മി. എന്നാല്‍ ഇവര്‍ അത്ര ചില്ലറക്കാരല്ല. ബംഗ്ലാദേശ് അതിര്‍ത്തിയിലെ അവസാനത്തെ പട്ടണമായ മൗംഗ്‌ഡോയും മ്യാന്‍മര്‍ പട്ടാളമായ ടാറ്റ്മാഡോയില്‍ നിന്ന് അവര്‍ പിടിച്ചെടുത്തുകഴിഞ്ഞു. രാഘൈന്‍ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും കാല്‍ക്കീഴിലാക്കി അതൊരു പ്രത്യേക രാജ്യം പോലെ ഭരിക്കുന്നതിന് പുറമെയാണ് ബംഗ്ലാദേശിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിര്‍ത്തിയിലെ അതിര്‍നിര്‍ണായക മേഖലയും അവര്‍ സ്വന്തമാക്കിയിരിക്കുന്നത്. അതു മാത്രമല്ല, ബംഗാള്‍ ഉള്‍ക്കടലിലെ തന്ത്രപ്രധാനമായ സെന്റ് മാര്‍ട്ടിനന്‍സ് ദ്വീപും അവര്‍ പിടിച്ചെടുത്തുവെന്നും അഭ്യൂഹങ്ങളുണ്ട്. ഗറില്ലാ യുദ്ധത്തിനും ഭൂപ്രകൃതി അറിഞ്ഞ് പോരാടാനും അറിയുന്നതിനാല്‍ ഈ ആര്‍മിയെ കീഴ്പ്പെടുത്തലും അത്ര എളുപ്പമല്ല.
മ്യാന്‍മറും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ വിമതസേനകളുമായി ബന്ധമുള്ളവരാണ് എ.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അരാക്കാന്‍ ആര്‍മിയുടെ രൂപീകരണത്തിന് പിന്നില്‍. തൊഴില്‍ തേടി ചൈനീസ് അതിര്‍ത്തി കടന്ന രാഘൈന്‍ യുവാക്കളും കൂടി ഈ ആര്‍മിയില്‍ ചേര്‍ന്നതോടെ ശക്തിയാര്‍ജിച്ചു. അധികപേരും ഥേരാവാദ ബുദ്ധമത വിശ്വാസികളാണ്. മ്യാന്‍മര്‍ സര്‍ക്കാരിന്റെ അവഗണന കാരണം രാഘൈന്‍ പ്രവിശ്യയില്‍ ദാരിദ്ര്യവും ഒറ്റപ്പെടലും കൂടിയതോടെ പൊട്ടിപ്പുറപ്പെട്ട ജനരോഷത്തെ എ.എ ഭംഗിയായി ഉപയോഗിച്ചു. അത് സൈനിക മുന്നേറ്റത്തിനും വിഭവസമാഹരണത്തിനുമുള്ള ഇന്ധനമാക്കി മാറ്റി.
2021-ല്‍ മ്യാന്‍മറിലെ ജനകീയസര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത് ഈ വംശീയ സംഘത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്നു.
ദശകങ്ങളായി മ്യാന്‍മാര്‍ സൈന്യത്തിനെതിരെ പോരാടി വന്ന എഎ ഉള്‍പ്പെടെയുള്ള വിമതസേനകള്‍ക്ക് ഇത് സുവര്‍ണാവസരമായി. അവ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സമരം ചെയ്യുന്ന സംഘടനകളുമായി കൈകോര്‍ത്തു. ഇവരൊരുമിച്ച് പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സസ് (പി.ഡി.എഫ്) എന്ന സഖ്യം ഉണ്ടാക്കി. യന്ത്രത്തോക്കുകളും വ്യോമാക്രമണങ്ങളുമായി സൈന്യം ഈ പ്രതിഷേധങ്ങളെ നേരിട്ടതോടെ രാജ്യം സമ്പൂര്‍ണമായ ആഭ്യന്തരയുദ്ധത്തിലേക്ക് വീണു. ഇത് വിമതസംഘടനകള്‍ മുതലെടുത്തു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മ്യാന്‍മറിന്റെ പകുതിയിലധികം ഇന്ന് എഎ ഉള്‍പ്പെടെയുള്ള വിമതസേനകളുടെ നിയന്ത്രണത്തിലാണ്.
മ്യാന്‍മര്‍, ബംഗ്ലാദേശ്, ചൈന, ഇന്ത്യ എന്നീ നാല് രാജ്യങ്ങളെ സ്വാധീനിക്കുന്ന ഈ അരാക്കാന്‍ ആര്‍മിക്ക് പിന്നില്‍ ആരാണ് എന്നത് ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. രാഘൈന്‍ പ്രവിശ്യയ്ക്ക് സ്വയംഭരണം എന്നത് മാത്രമാണോ ഇവരുടെ ലക്ഷ്യമെന്നതും ചോദ്യചിഹ്നമാണ്. ഈ വിമത സംഘത്തിന് ഇന്ത്യ പരിമിതമായ തോതില്‍ പരിശീലനവും ആയുധവും പണവും രഹസ്യവിവരങ്ങളും കൈമാറുന്നുണ്ടെന്നാണ് മ്യാന്‍മാര്‍ സൈന്യവുമായി ബന്ധപ്പെട്ടര്‍ ആരോപിക്കുന്നത്. മ്യാന്‍മറിലെ സൈനിക സര്‍ക്കാരിലും കാരെന്‍, ഷാന്‍ തുടങ്ങിയ വിമത സംഘടനകളിലും ചൈനയ്ക്കുള്ള സ്വാധീനം നിയന്ത്രിക്കാനാണ് ഇന്ത്യ ഈ സഹായം ചെയ്യുന്നതെന്നാണ് ആരോപണം. എന്നാല്‍ ഇന്ത്യ ഈ ആരോപണത്തെ ഒരുതരത്തിലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല, ആരോപണം സാധൂകരിക്കുന്ന തെളിവുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. ഔദ്യോഗികമായി ഇന്ത്യ മ്യാന്‍മര്‍ പ്രശ്‌നത്തില്‍ നിഷ്പക്ഷനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അവിടെ സമാധാനമുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ രാജ്യം പങ്കാളിയാണ്.
അതേസമയം ഈ വര്‍ഷമാദ്യം അരാക്കാന്‍ ആര്‍മിയുടെ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തി ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് ഒരു രാജ്യസഭാ എം.പിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം രാഘൈന്‍ പ്രവിശ്യ സന്ദര്‍ശിക്കുകയും ചെയ്തു. അവിടത്തെ അടിസ്ഥാനസൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകളെന്നാണ് ഔദ്യോഗികവിവരം. എങ്കിലും അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച പുരോഗമിച്ചെന്ന് ആരോപിക്കുന്നവരുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങള്‍ക്ക് ബംഗാള്‍ ഉള്‍ക്കടലിലേക്ക് വഴി തുറക്കുന്ന കലാദാന്‍ മള്‍ട്ടിമോഡല്‍ പ്രോജക്ട് രാഘൈന്‍ പ്രവിശ്യ വഴിയാണ്. പദ്ധതി കൊല്‍ക്കൊത്തയില്‍ നിന്നാരംഭിച്ച് രാഘൈനിലെ സിറ്റ്വെ തുറമുഖത്തിലെത്തുന്നു. അവിടെനിന്നും ചിന്‍ സംസ്ഥാനത്തെ പലേറ്റവാ നദീതുറമുഖത്തെത്തും. അവിടെ നിന്നും റോഡുമാര്‍ഗ്ഗം മിസോറാമിലും
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമാവുന്ന പദ്ധതി കുറേക്കാലമായി തളര്‍ന്നു കിടക്കുകയായിരുന്നു. മ്യാന്‍മാറിലെ ആഭ്യന്തരയുദ്ധമായിരുന്നു പ്രധാന പ്രശ്നം. സിറ്റ്വെ തുറമുഖവും പലേറ്റവാ നദീ തുറമുഖവും നിര്‍മിച്ചിട്ടും കലാദാന്‍ നദിക്ക് ആഴം കൂട്ടിയിട്ടും നടക്കാതിരുന്ന പദ്ധതിക്ക് ജീവന്‍ വെച്ചത് അരാക്കാന്‍ സൈന്യം ചിന്‍ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും അധീനതയിലാക്കിയതോടെയാണ്. വൈകാതെ മിസോറാമിലേക്കുള്ള റോഡുപണിയും പുനരാരംഭിക്കും. സിറ്റ്വെ തുറമുഖം ഇന്ത്യ കൈവശം വെക്കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് അരാക്കാന്‍ സൈന്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മ്യാന്‍മാറിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
അരാക്കാന്‍ ആര്‍മിയുടെ മുന്നേറ്റം എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയും എന്ന ആലോചനയിലാണ് ചൈനീസ് നയതന്ത്രജ്ഞരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി പ്രകാരം ചൈന മ്യാന്‍മറില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. രാഘൈന്‍ പ്രദേശത്തെ തുറമുഖങ്ങളിലും അവര്‍ക്ക് കണ്ണുണ്ട്. പ്രത്യേകിച്ച് ക്യാക്ഫ്യു ആഴക്കടല്‍ തുറമുഖത്തില്‍. മ്യാന്‍മറില്‍ സമാധാനപ്രക്രിയക്ക് മുന്‍കൈയെടുത്ത് സൈനികഭരണത്തില്‍ മുന്‍തൂക്കം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ചൈന. ചൈനയുടെ അതിര്‍ത്തിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന കാരെന്‍, ഷാന്‍ വംശീയസേനകള്‍ വെടിനിര്‍ത്തലിന് ഏറെക്കുറെ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ ബംഗ്ലാദേശിനെ സംബന്ധിച്ച് അരാക്കാന്‍ ആര്‍മിയുണ്ടാക്കുന്ന തലവേദന കടുത്തതാണ്. ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശുമായി 2015-ല്‍ രണ്ട് തവണ അരാക്കാന്‍ ആര്‍മി ഏറ്റുമുട്ടി. ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം വീര്‍പ്പുമുട്ടുന്ന ധാക്കയിലെ ഇടക്കാല സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഈ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍. മ്യാന്‍മറില്‍നിന്ന് കൂട്ടത്തോടെ രോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നതും അവരുടെ ഉറക്കം കെടുത്തുന്നു. തങ്ങള്‍ രോഹിംഗ്യകള്‍ക്ക് എതിരല്ലെന്നും രാഘൈനിലെ എല്ലാവര്‍ക്കും വേണ്ടിയാണ് പോരാടുന്നതെന്നും ആണ് അരാക്കാന്‍ ആര്‍മിയുടെ അവകാശവാദം. എന്നാല്‍ ഇതിന് വിപരീതമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. 2017-ഓടെ രാഘൈനില്‍ നിന്നും ബംഗ്ലാദേശിലേക്ക് ജീവനും കൊണ്ടോടിയത് ആറു ലക്ഷത്തോളം രോഹിങ്ക്യകളാണ്. രാഘൈന്‍ സംസ്ഥാനത്ത് ഇനിയും ഏഴു ലക്ഷത്തോളം പേര്‍ അവശേഷിക്കുന്നുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് രോഹിങ്ക്യകളെ അരാക്കാന്‍ ആര്‍മി പുറത്താക്കിയിട്ടുണ്ട്. അതു മാത്രമല്ല, ജിഹാദി സംഘങ്ങള്‍, ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും എതിരെ മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ക്രൂരതകള്‍ അഴിച്ചു വിടുന്നതായും അരാക്കാന്‍ ആര്‍മി ആരോപിച്ചിരുന്നു. അതിര്‍ത്തിയിലെ രോഹിങ്ക്യന്‍ സംഘടനകള്‍ നിരവധി കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും കാരണക്കാരാണ്. ഇവയില്‍ ചിലതിന് ജമാഅത്തെ ഇസ്ലാമിയും അല്‍ഖ്വയിദയുമായി ബന്ധമുണ്ടെന്നും ഇത്തരം സംഘങ്ങള്‍ വളര്‍ന്നു വരുന്നതിന് ബംഗ്ലാദേശ് ഒത്താശ ചെയ്യുന്നതായും അവര്‍ ആരോപിക്കുന്നു. ഇതില്‍നിന്നുതന്നെ അരാക്കാന്‍ പട്ടാളത്തിന് രോഹിങ്ക്യകളോടുള്ള മനോഭാവം വായിച്ചെടുക്കാം.
Content Highlights: arakan armys growing influence in myanmar
Published: 05 Feb 2025, 08:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented