കിണറ്റിലെ വെള്ളത്തില്‍ നിന്നും അമീബിക് മസ്തിഷ്‌കജ്വരം:ഏത് വെള്ളത്തില്‍ കുളിച്ചാലും രോഗമുണ്ടാകുമോ?
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് താമരശേരിയില്‍ ഒന്‍പത് വയസുകാരി മരിച്ചത് ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. അതിന് പിന്നാലെ ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്പതുകാരനും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കുഞ്ഞിന് വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍ ആശങ്കപ്പെടുത്തുന്നതാണ്. എന്താണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്? ഏത് വെള്ളത്തില്‍ കുളിച്ചാലും ഈ രോഗമുണ്ടാകുമോ?
സാധാരണയായി പുഴകളിലും ഒഴുക്ക് കുറവുള്ള കുളങ്ങളിലും ഈ രോഗത്തിന് കാരണമായ അമീബ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവയുടെ വംശവര്‍ധനയ്ക്ക് സാഹചര്യമൊരുങ്ങുമ്പോഴാണ് രോഗബാധയ്ക്ക് സാധ്യതയേറുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ വളരുന്ന ഇവയ്ക്ക് നല്ല സൂര്യപ്രകാശവും ചൂടുമുള്ള സാഹചര്യം ഏറെ അനുയോജ്യമാണ്. ജലാശയത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയും ചെയ്യും. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുന്നു. ശേഷം ഇവ തലച്ചോറിലെത്തി കോശങ്ങള്‍ നശിപ്പിക്കുകയും അതുമൂലം തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യും. കിണറ്റില്‍ നിന്നും രോഗാണുബാധയേല്‍ക്കാം.
രോഗലക്ഷണങ്ങള്‍ ഇങ്ങനെ
രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.
രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങിയാല്‍ രോഗം ഭേദമാകും.
പ്രതിരോധിക്കാം
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തില്‍ കുളിച്ചാലോ മൂക്കില്‍ വെള്ളം കയറിയാലോ അമീബ ശരീരത്തിലെത്തും. പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവരും പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പും ഉപയോഗിക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് ആശങ്കപ്പെടേണ്ടതില്ല.
inshort-Learn about Amoebic Meningoencephalitis, a rare but deadly brain infection. Understand symptoms, prevention, and treatment options. Protect yourself and your family.
Content Highlights: Amoebic Meningoencephalitis: Symptoms, Prevention, & Treatment
Published: 19 Aug 2025, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented