ഇസ്ലാമാബാദ്: തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിന്റെ ഭാഗമായി അമേരിക്കയുടെ അടിയന്തര സഹായംതേടി പാകിസ്താൻ. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനും കറൻസിയുടെ മൂല്യത്തകർച്ച തടയുന്നതിനുമായി 10 ബില്യൺ ഡോളറിന്റെ ‘എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ ഫെസിലിറ്റി’ ലഭ്യമാക്കണമെന്നാണ് ആവശ്യം. അഞ്ച് വർഷത്തെ കാലാവധിയുള്ള ഈ സഹായത്തിനായി പാകിസ്താൻ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ സമീപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

To advertise here,

അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യിൽ നിന്നുള്ള സഹായങ്ങൾ തുടരുമ്പോഴും സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന കുറവ് അവരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കയിൽനിന്ന് നേരിട്ടുള്ള ധനസഹായം ലഭിക്കുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് അതൊരു വലിയ ആശ്വാസമാകും. കൂടാതെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

സമീപകാലത്ത് യു.എസ്.-ഇറാൻ സംഘർഷത്തിനിടയിൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ പാകിസ്താൻ നിർണായക പങ്ക് വഹിച്ചിരുന്നു. ഇത് രാജ്യത്തിന്റെ നയതന്ത്ര സ്വാധീനം വർധിപ്പിച്ചിരുന്നു. ഈ സാഹചര്യം യു.എസിൽ നിന്ന് കൂടുതൽ സാമ്പത്തിക പിന്തുണ പാകിസ്താൻ പ്രതീക്ഷിക്കുന്നു. വിദേശനാണ്യ ശേഖരം വർധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള മടങ്ങിവരവും നിക്ഷേപകർക്കിടയിൽ വിശ്വാസ്യത ഉറപ്പാക്കലുമാണ് അവർ ലക്ഷ്യമിടുന്നത്.

അഞ്ചുവർഷംവരെ തിരിച്ചടവ് കാലാവധിയുള്ള 10 ബില്യൺ ഡോളറിന്റെ സഹായം നൽകണമെന്ന് പാകിസ്താൻ യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനോട് അഭ്യർത്ഥിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യു.എസ്. ട്രഷറി ഇത്തരം സാമ്പത്തിക സഹായങ്ങൾ വളരെ അപൂർവമായി മാത്രമേ നൽകാറുള്ളൂ. സാമ്പത്തിക സമ്മർദ്ദം നേരിടുന്ന രാജ്യങ്ങൾക്ക് നൽകുന്ന താൽക്കാലികമായ സഹായമാണത്. സഹായം അനുവദിക്കപ്പെട്ടാൽ അത് പാകിസ്താന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെടുന്നു.