ബാക്ക് ബെഞ്ചര്‍, ഫ്രണ്ട് ബെഞ്ചര്‍ എന്നീ രീതികളെ തച്ചുടച്ചുകൊണ്ട് അര്‍ധ വൃത്താകൃതിയിലുള്ള ക്ലാസ് മുറി. പണ്ട് മുതല്‍ക്കേ പല സ്‌കൂളുകളും അലംബിച്ച ആശയമാണിതെങ്കിലും 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രത്തിലെ കഥ പറച്ചിലിന് സമൂഹത്തെ മാറിച്ചിന്തിപ്പിക്കാന്‍ സാധിച്ചു. തമിഴ്‌നാട്ടിലും പഞ്ചാബിലും കേരളത്തിലുമൊക്കെ പല സ്‌കൂളുകളും ഈ രീതി നടപ്പിലാക്കിത്തുടങ്ങി. 'ആദ്യമൊക്കെ സോഷ്യല്‍ മീഡിയയില്‍ നമ്മളെ ടാഗ് ചെയ്ത് പുതിയ മാറ്റത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കുമായിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് ശേഷം എത്ര സ്‌കൂളുകളില്‍ ഈ മാറ്റം വന്നുവെന്ന കണക്കുപോലും സൂക്ഷിക്കാന്‍ സാധിക്കാതെയായി', എന്ന് പറയുകയാണ് സംവിധായകൻ വിനേഷ് വിശ്വനാഥ്. 

To advertise here,

തീയറ്ററിൽ അർഹിച്ച വിജയം നേടാനാവാതിരുന്ന സിനിമ ഒടിടി റിലീസ് ചെയ്തതോടെയാണ് രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായത്. ഇതിനിടെ മമ്മൂക്കയും സിനിമ കണ്ട് അഭിപ്രായം പറ‍ഞ്ഞതോടെ സന്തോഷം ഇരട്ടിയായി. 'മമ്മൂക്ക സിനിമ കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അജു ചേട്ടന്‍ അദ്ദേഹത്തിന്റെ മെസേജ് കാണിച്ചുതരുന്നത്. ഒരു പുരസ്‌കാരം കിട്ടിയ പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക്. സിനിമ കാണണമെന്ന് ഞാന്‍ മുന്‍പ് അദ്ദേഹത്തിന് മെസേജ് ഇട്ടിരുന്നു. അന്ന് ബെസ്റ്റ് വിഷസ് എന്ന് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു. ഞങ്ങളുടെ പടം കണ്ട് ഇഷ്ടമായെന്ന് അറിയിച്ചതില്‍ ഒരുപാട് സന്തോഷം', വിനേഷ് വിശ്വനാഥ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.