വയനാടിന്റെ സ്വർണഖനന ചരിത്രം പറഞ്ഞ് സംസ്ഥാന ടെലിവിഷൻ പുരസ്കാര നിറവിൽ ‘തരിയോട്’
വയനാടിന്റെ സ്വർണ ഖനന ചരിത്രം പ്രമേയമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രത്തിന് 2020 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാമിനുള്ള പുരസ്കാരം. മലബാറിലെ സ്വർണ്ണ ഖനനത്തിന്റെ ചരിത്രം അപൂർവ്വ രേഖകളിലൂടെ ആവിഷ്കരിച്ച ഗവേഷണ മികവിനാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരം, റീൽസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാലോളം അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
കോണ്ടിനെന്റെൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ചിത്രം സെമി ഫൈനലിസ്റ്റായിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ജിലിസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്സ് തുടങ്ങിയ ചലച്ചിത്ര മേളകളിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇതേ പശ്ചാത്തലത്തിൽ നിർമലിന്റെ തന്നെ സംവിധാനത്തിൽ വരാനിരിക്കുന്ന 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയിൽ ഭാഗമാകാൻ ചില വിദേശ സ്റ്റുഡിയോകളും വിദേശ താരങ്ങളും മുന്നോട്ടുവന്നത് മുമ്പേ വാർത്തയായിരുന്നു. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയായ 'വഴിയെ'യാണ് നിർമലിന്റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ് വഴിയെ.
കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച തരിയോടിന്റെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, നിർമൽ ബേബി വർഗീസ്. അഡിഷണൽ ക്യാമറ: ഷോബിൻ ഫ്രാൻസിസ്, അശ്വിൻ ശ്രീനിവാസൻ, ഷാൽവിൻ കെ പോൾ. സംവിധാന സഹായികൾ: വി. നിഷാദ്, അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വിവരണം: പ്രൊഫ. അലിയാർ, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോർഡിങ് ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരൻ, ട്രാൻസ്ലേഷൻ ആൻഡ് സബ്ടൈറ്റിൽസ്: നന്ദലാൽ ആർ, സെൻസർ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.
Published: 01 Sept 2021, 05:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented