പുണെ: മഹാരാഷ്ട്രയിൽ കോടതിക്ക് പുറത്തുവെച്ച് കൊലക്കേസ് പ്രതിയെ വടിവാൾ ഉപയോഗിച്ച് വെട്ടിയശേഷം വെടിവെച്ചു. 35-കാരനായ കിവാലെ ആണ് ആക്രമണത്തിനിരയായത്. ആക്രമണത്തിന് മുൻപ് ഇയാളുടെ കൈ വാക്കത്തി ഉപയോഗിച്ച് വെട്ടിമാറ്റിയതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

ബുധനാഴ്ച ശിവാജിനഗർ കോടതിയുടെ നാലാംനമ്പർ ഗേറ്റിന് സമീപത്താണ് നടുക്കുന്ന സംഭവം നടന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇയാൾക്കുനേരെ വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനുശേഷം അക്രമികൾ രണ്ട് ബൈക്കുകളിൽ രക്ഷപ്പെട്ടു. പോലീസ് പരിശോധന ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

രണ്ടുദിവസം മുൻപ്, ഈ കോടതിക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിക്കുകയും തുടർന്ന് പരിശോധനകൾക്കായി കോടതി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അക്രമികളെക്കുറിച്ചും ആക്രമണത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

കൈ മുറിച്ചു മാറ്റപ്പെട്ട നിലയിൽ ഇയാൾ ചോരയിൽ കുളിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

2025 ഏപ്രിലിൽ പുണെയിലെ സന്തോഷ് നഗറിൽ 26-കാരനായ റസ്റ്റോറന്റ് ഉടമ സുഭാഷ് ചൗവാനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് കിവാലെ. ഭൂമിയിടപാടിനെച്ചൊല്ലിയായിരുന്നു കൊലപാതകം. ഇതിന് പിന്നാലെ കിവാലെ ജയിലിൽ ആയിരുന്നു. നാല് ദിവസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്.