VIDEO | ജീവിതത്തിൽ പെർഫക്ഷന് വേണ്ടി വാശി പിടിച്ച് ഒന്നും നടക്കാത്ത മനുഷ്യനാണ് ഞാൻ - ദീലിഷ് പോത്തൻ
സിനിമയിൽ വരുന്ന സമയത്ത് ഞാനെന്റെ ഇഷ്ടവും സന്തോഷവും മാത്രമേ നോക്കിയിട്ടുള്ളൂവെന്ന് നടനും സംവിധായകനുമായ ദീലിഷ് പോത്തൻ. മകൻ പരാജയപ്പെട്ട് പോകുന്നതിനെക്കുറിച്ച് സംസാരിച്ച് അമ്മ തന്റെ മുന്നിൽ നിന്ന് കരഞ്ഞിട്ടുണ്ട്. അന്നെല്ലാം അമ്മയെ നയപരമായി ആശ്വസിപ്പിച്ചിട്ടാണ് സിനിമയ്ക്ക് പുറകേ പോയതെന്നും അദ്ദേഹം പറഞ്ഞു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും Yours Truly യിൽ മനസ് തുറക്കുകയായിരുന്നു ദീലിഷ് പോത്തൻ.
യാഥാസ്ഥിതിക ചുറ്റുപാടിൽ നിന്ന് വന്നതുകൊണ്ട് വിലക്കാൻ ധാരാളം പേരുണ്ടായിരുന്നു. അന്നേരവും ഞാനെന്റെ ഇഷ്ടത്തിനൊപ്പം നിന്നു. അതിനെ സ്വാർഥത എന്ന് പറയാനാവില്ല, കാരണം വളരെ നയപരമായാണ് അതിനെയെല്ലാം ഞാൻ ഡീൽ ചെയ്തത്. സംവിധായകൻ എന്നതാണ് ഏറെ സംതൃപ്തി നൽകുന്ന ലേബൽ. ഒരു ചിത്രം സംവിധാനം ചെയ്ത് പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ കിട്ടുന്ന കിക്ക് ഇന്നേ വരെ നടനെന്ന നിലയിൽ കിട്ടിയിട്ടില്ല, ദിലീഷ് പറഞ്ഞു.
ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് എന്ന് പറയാം. ഒരൊറ്റ സീൻ. തുടക്കത്തിലെ തീയേറ്റർ രംഗം. മൈസൂരിലായിരുന്നു ആ സമയത്ത് പഠിച്ചിരുന്നത്. അവിടെ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത് കാണാൻ പോയതാണ്. ആ സമയത്ത് ഇതിനോടുള്ള കൗതുകമായിരുന്നു. ഒരുപാട് പേർ കുറേ നേരമായി ഒരേ കാര്യം തന്നെ ചെയ്യുന്നു. ഇതെന്താണ് പരിപാടി എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. അന്നൊന്നും സിനിമ ഇഷ്ടമാണെന്നല്ലാതെ ഈ ഭ്രാന്തൊന്നും ഇല്ല. നടനാവണമെന്നൊന്നും ആഗ്രഹിച്ചിട്ടേ ഇല്ല. നല്ല ഭക്ഷണമായിരുന്നു സെറ്റിൽ. അതാണ് ഏറെ ഇഷ്ടപ്പെട്ടത്, ആദ്യമായി അഭിനയിച്ചതിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു.
മഹേഷിന്റെ പ്രതികാരം മുതൽ ഇന്ന് വരെ ചർച്ച ചെയ്യപ്പെടുന്ന പോത്തേട്ടൻസ് ബ്രില്യൻസിനെക്കുറിച്ചും ദിലീഷ് സംസാരിച്ചു. പോത്തേട്ടൻസ് ബ്രില്യൻസ് എന്നൊക്കെയുള്ള ചർച്ചകൾ ആദ്യം കേട്ടപ്പോൾ ചളിപ്പാണ് തോന്നിയത്. എന്നെ ഇരുത്തിക്കൊണ്ട് ഒരാൾ നല്ലത് പറയുന്നത് കേൾക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ നിലക്ക് ബ്രില്യൻസ് ചർച്ചകൾ വന്നപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ പ്രതീക്ഷിച്ചതിലധികം പോസറ്റീവ് ആയി ആ ചർച്ചകൾ മാറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. മഹേഷിന്റെ പ്രതികാരം ചെയ്യുന്ന സമയത്ത് ഇത് എങ്ങനെയെങ്കിലും ഓടണം എന്നേ ഞാൻ കരുതിയിട്ടുള്ളൂ. അടുത്ത ചിത്രം ചെയ്യാൻ നിർമാതാവ് വിശ്വസിക്കുന്ന സംവിധായകനാണ് എന്ന് തെളിയിക്കണം എന്ന് മാത്രമേ അന്ന് ചിന്തിച്ചിരുന്നുള്ളൂ, അദ്ദേഹം പറഞ്ഞു.
സംവിധാനത്തിലെ എന്റെ ഡീറ്റെയ്ലിങ്ങിനെക്കുറിച്ച് ആളുകൾ സംസാരിക്കാറുണ്ട്. ജീവിതത്തിലും ആ പെർഫക്ഷന്റെ ബുദ്ധിമുട്ട് നേരിടുന്ന ആളാണ് ഞാൻ. ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി വാശി പിടിക്കുകയും ഓവർതിങ്കിങ്ങിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട്.
കുഞ്ഞു കാര്യങ്ങൾക്ക് വേണ്ടി അനാവശ്യമായി പെർഫക്ഷൻ നോക്കി ഒരു കാര്യവും നടക്കാത്ത മനുഷ്യനാണ് ഞാൻ ജീവിതത്തിൽ. ദിലീഷ് പറയുന്നു.
നിഗൂഡതയുള്ള കഥാപാത്രങ്ങൾ തന്നെ തേടി സ്ഥിരം വരാറുണ്ടെന്നും ദിലീഷ് അഭിപ്രായപ്പെട്ടു. ഈയടുത്ത് ഒരു സിനിമയുടെ ആൾക്കാർ വന്നു കഥ പറഞ്ഞു. എനിക്കതിൽ വലിയ ഇന്ററസ്റ്റിങ്ങ് ആയി ഒന്നും കണ്ടില്ല, ഞാനിത് ചെയ്യണോ എന്നെ ഒഴിവാക്കുമോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് അയ്യോ ചേട്ടൻ ഒന്നും ചെയ്യണമെന്നില്ല. ചേട്ടനൊന്ന് നിന്നു തന്നാൽ മതി, ആരാണ് പ്രതി എന്ന് എല്ലാവർക്കും സംശയിക്കാൻ ഒരാൾ വേണമെന്നാണ്. അതെന്താ അങ്ങനെയെന്ന് എനിക്കും വലിയ പിടിയില്ല. എന്തായാലും എനിക്കും അങ്ങനത്തെ കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യമുള്ള ആളാണ്. അപ്പോഴാണ് എന്തെങ്കിലുമൊക്കെ പെർഫോം ചെയ്യാനുണ്ടാവുക.
Content Highlights: Dileesh Pothan opens up about his career, family, and the challenges of perfectionism
Published: 12 Mar 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented