പൂച്ചദിനത്തിൽ ധ്രുവപര്യവേഷണ ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ പൂച്ചക്കഥ ഓർമ്മിക്കാതെ വയ്യ- എർണസ്റ്റ് ഷാക്കിൾട്ടന്റെ പ്രശസ്തമായ ''എൻഡ്യുറൻസ്'' പര്യവേഷണത്തിൽ (1914-1917) പങ്കെടുത്ത ''മിസിസ് ചിപ്പി'' എന്ന പൂച്ചയുടെ കഥ. ഷാക്കിൾട്ടന്റെ ഇതിഹാസതുല്യമായ യാത്രയുടെ പാത പിന്തുടർന്ന്, അന്റാർട്ടിക് പര്യവേഷണത്തിൽ പങ്കുചേരാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി സൗത്ത് ജോർജിയയിലെ ഗ്രിറ്റ്‌വിക്കനും സ്‌ട്രോംനെസും എലിഫന്റ് ദ്വീപും സന്ദർശിച്ചു. എന്നാൽ ആ, യാത്ര യഥാർത്ഥത്തിൽ പൂർണ്ണമായത് ന്യൂസിലാൻഡിലെ വെല്ലിംഗ്ടണിലുള്ള കാറോറി സെമിത്തേരി സന്ദർശിച്ചപ്പോഴാണ്- കൊച്ചു പൂച്ചയുടെ ഉടമയായിരുന്ന ഹാരി മക്‌നിഷിന്റെ ശവകുടീരത്തിനരികിൽ നിന്നപ്പോൾ.

To advertise here,

പശ്ചാത്തലം

അന്റാർട്ടിക്ക ഭൂഖണ്ഡത്തെ കാൽനടയായി മുറിച്ചുകടക്കുക എന്ന ലക്ഷ്യമിട്ടാണ് സർ ഏണസ്റ്റ് ഷാക്കിൾട്ടൺ 1914-ൽ ''ഇംപീരിയൽ ട്രാൻസ്-അന്റാർട്ടിക് പര്യവേഷണം'' ആരംഭിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ ''എൻഡ്യുറൻസ്'' എന്ന കപ്പൽ വെഡൽ കടലിലെ മഞ്ഞുപാളികളിൽ കുടുങ്ങി. മാസങ്ങൾക്കു ശേഷം 1915 നവംബറിൽ പൂർണ്ണമായും തകർന്നു മുങ്ങിപ്പോയി. തുടർന്ന് ജീവനക്കാർ മഞ്ഞുപാളികളിലൂടെയും ചെറുബോട്ടുകളിലുമായി എലിഫന്റ് ദ്വീപിലെത്തി, ഒടുവിൽ ഷാക്കിൾട്ടണും അഞ്ചു പേരും ചേർന്ന് സൗത്ത് ജോർജിയയിലേക്ക് 800 മൈൽ ദൂരം ''ജെയിംസ് കെയ്ഡ്'' എന്ന ലൈഫ് ബോട്ടിൽ സാഹസികമായി സഞ്ചരിച്ചെത്തി. അവിടെ നാട്ടുകാരുടെ സഹായമഭ്യർത്ഥിച്ചു. അങ്ങനെയാണ് നാട്ടുകാരുടെ സഹായത്തോടെ 28 പേരെയും രക്ഷിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ അതിജീവനകഥകളിലൊന്നാണിത്. ഈ ഇതിഹാസകഥയിൽ, മനുഷ്യർക്കൊപ്പം സഞ്ചരിച്ച ചെറിയ കൂട്ടുകാരൻ കൂടിയുണ്ടായിരുന്നു- മിസിസ് ചിപ്പി എന്ന പൂച്ച.

അന്റാർട്ടിക്കയിലേക്ക് പോയ പൂച്ച

മിസിസ് ചിപ്പി യാദൃച്ഛികമായി കപ്പലിൽ കയറിപ്പറ്റിയ തെരുവുപൂച്ചയായിരുന്നില്ല. കപ്പലിലെ മരപ്പണിക്കാരനായ ഹാരി ''ചിപ്പി'' മക്‌നിഷിന്റെ സ്‌കോട്ട്ലൻഡിലെ വീട്ടിൽനിന്ന് കൊണ്ടുവന്നതായിരുന്നു. കപ്പലിൽ കയറിയ ഉടനെ ഈ പുലിവരയൻ പൂച്ച മക്‌നിഷിനെ എപ്പോഴും പിന്തുടർന്നു- അമിതശ്രദ്ധയുള്ള ഭാര്യയെപ്പോലെ. അതുകൊണ്ട് സഹപ്രവർത്തകർ ആ പൂച്ചയ്ക്ക് ''മിസിസ് ചിപ്പി'' എന്ന് പേരിട്ടു. ഒരു മാസം കഴിഞ്ഞപ്പോഴാണ് ആ ''മിസിസ്'' യഥാർത്ഥത്തിൽ ആൺപൂച്ചയാണെന്ന് കണ്ടെത്തിയത്! എന്നാൽ, അപ്പോഴേക്കും ആ പേര് എല്ലാവർക്കും ശീലമായിക്കഴിഞ്ഞിരുന്നു.

കടുത്ത കാലാവസ്ഥയിലും കപ്പലിന്റെ വീതികുറഞ്ഞ കൈവരികളിലൂടെ അനായാസം നടക്കാനുള്ള മിസിസ് ചിപ്പിയുടെ കഴിവ് ജീവനക്കാരെ അത്ഭുതപ്പെടുത്തിയിരുന്നു. കപ്പിത്താൻ ഫ്രാങ്ക് വോർസ്ലി ഡയറിയിൽ, നാവികന്റെ ചടുലതയോടെ മിസിസ് ചിപ്പി കയറുകളിൽ കയറുന്നതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. 1914 സെപ്റ്റംബർ 13-ന് രാത്രി, ക്യാബിൻ ജനാലയിലൂടെ മിസിസ് ചിപ്പി അബദ്ധത്തിൽ കടലിലേക്ക് വീണു. കാവൽ ജോലി ചെയ്തിരുന്ന ലെഫ്റ്റനന്റ് ഹഡ്‌സൺ പൂച്ചയുടെ കരച്ചിൽ കേട്ട് കപ്പൽ പെട്ടെന്ന് തിരിച്ചു; പത്തു മിനിറ്റോളം തണുത്ത വെള്ളത്തിൽ കിടന്ന ശേഷം, ജീവശാസ്ത്രജ്ഞൻ റോബർട്ട് ക്ലാർക്ക് സാമ്പിൾ വലയുപയോഗിച്ച് പൂച്ചയെ രക്ഷപ്പെടുത്തി. നീണ്ട, ഏകാന്തവും കഠിനവുമായ ധ്രുവയാത്രയിൽ, മിസിസ് ചിപ്പിയുടെ കുസൃതികൾ ജീവനക്കാർക്ക് വലിയ ആശ്വാസമായിരുന്നു.

ഹൃദയഭേദകമായ അന്ത്യം

കപ്പൽ മഞ്ഞിൽ തകർന്ന്, ജീവനക്കാർ കാൽനടയായി സുരക്ഷിത സ്ഥലത്തേക്ക് നീങ്ങേണ്ടി വന്നപ്പോൾ, സ്വയം പരിപാലിക്കാൻ കഴിയാത്ത മൃഗങ്ങളെ കൂടെക്കൂട്ടാൻ കഴിയില്ലെന്ന് ഷാക്കിൾട്ടൺ തീരുമാനിച്ചു. 1915 ഒക്ടോബർ 29-ന്, നാല് നായ്ക്കുട്ടികൾക്കൊപ്പം മിസിസ് ചിപ്പിയെയും വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു. മക്‌നിഷിന് ഈ തീരുമാനം ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല; തന്റെ ജീവിതാവസാനം വരെ ''ഷാക്കിൾട്ടൺ എന്റെ പൂച്ചയെ കൊന്നു'' എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

ഇത് ഇരുവരും തമ്മിലുള്ള ബന്ധം ശാശ്വതമായി വഷളാക്കി. പിന്നീട് ബോട്ടുകൾ വലിച്ചുനീക്കുന്ന കാര്യത്തിൽ ഷാക്കിൾട്ടനോട് മക്‌നിഷ് പരസ്യമായി എതിർത്തു. സഹായം അഭ്യർഥിച്ച് ഇറങ്ങിയ ഷാക്കിൾട്ടന്റെ ബോട്ട് ഉൾപ്പെടെ നന്നാക്കിയത് മക്‌നിഷ് ആയിരുന്നു. എന്നിട്ടുകൂടി മറ്റെല്ലാവർക്കും ലഭിച്ച ''പോളാർ മെഡൽ'' ബഹുമതി ഷാക്കിൾട്ടൺ അദ്ദേഹത്തിന് നിഷേധിച്ചു .

  • placeholder
    ഫോട്ടോ: മിത്ര സതീഷ്

ന്യൂസിലൻഡിലെ ദാരിദ്ര്യജീവിതം

പര്യവേഷണത്തിനു ശേഷം മക്‌നിഷ് 1925-ൽ ന്യൂസിലൻഡിലേക്ക് കുടിയേറി, വെല്ലിംഗ്ടണിലെ തുറമുഖത്ത് ജോലി ചെയ്തു. യാത്രയുടെ കാഠിന്യം മൂലം ആരോഗ്യം ക്ഷയിച്ച അദ്ദേഹം പിന്നീട് കടുത്ത ദാരിദ്ര്യത്തിലായി. തുറമുഖ ഷെഡുകളിൽ ഉറങ്ങി. ചെറിയ സഹായധനത്താൽ ജീവിതം തള്ളിനീക്കി. 1930 സെപ്റ്റംബർ 24-ന് അദ്ദേഹം അന്തരിച്ചു, കാറോറി സെമിത്തേരിയിൽ പൂർണ്ണ നാവിക ബഹുമതികളോടെ സംസ്‌കരിച്ചെങ്കിലും ശവകുടീരം വർഷങ്ങളോളം അടയാളമില്ലാതെ കിടന്നു. 1959-ൽ ന്യൂസിലൻഡ് അന്റാർട്ടിക് സൊസൈറ്റിയാണ് ഒടുവിൽ ശിലാഫലകം സ്ഥാപിച്ചത്

പൂച്ചയ്ക്കുള്ള ആദരാഞ്ജലി

2004-ൽ, പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച സംഭാവനകൾ ഉപയോഗിച്ച്, ശിൽപി ക്രിസ് എലിയട്ട് നിർമ്മിച്ച മിസിസ് ചിപ്പിയുടെ വെങ്കല പ്രതിമ മക്‌നിഷിന്റെ ശവകുടീരത്തിൽ സ്ഥാപിച്ചു. തന്റെ യജമാനന്റെ കാൽക്കൽ വിശ്വസ്തതയോടെ കിടക്കുന്ന ഭാവത്തിലാണ് ഈ പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശവകുടീരത്തിൽ മക്‌നിഷിന്റെ പേരും വിവരണവും മാത്രമേ കൊത്തിവച്ചിട്ടുള്ളൂ. എങ്കിലും, മിസിസ് ചിപ്പിയുടെ പ്രതിമയാണ് സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നത്. സഞ്ചാരികൾ ആ പ്രതിമയ്ക്കു ചുറ്റും ചെറിയ ഉരുളൻ കല്ലുകൾ അടുക്കിവച്ചിരിക്കുന്നു; ചിലർ പൂച്ചയ്ക്കുള്ള ഭക്ഷണപ്പൊതികൾ പോലും അവിടെ വെയ്്ക്കുന്നു. നൂറു വർഷം മുമ്പ് മരിച്ചുപോയ പൂച്ചയോടുള്ള സ്‌നേഹപ്രകടനങ്ങൾ. 2011-ൽ സൗത്ത് ജോർജിയ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിലും മിസിസ് ചിപ്പിയുടെ ചിത്രം ഇടം നേടിയിട്ടുണ്ട്.

യാത്രയുടെ പൂർത്തീകരണം

ഗ്രിറ്റ്‌വിക്കനിലെ ഷാക്കിൾട്ടന്റെ ശവകുടീരവും സ്‌ട്രോംനെസിലെ പഴയ തിമിംഗല വേട്ട കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളും എലിഫന്റ് ദ്വീപിലെ കാറ്റുവീശുന്ന തീരവും കണ്ടെങ്കിലും മിസ്സിസ് ചിപ്പിയാണ് ഹൃദയം തൊട്ട് കൂടെ പോന്നത്.