വളവുകളെത്തുമ്പോള്‍ വണ്ടിയുടെ ചക്രങ്ങള്‍ മിക്കവാറും റോഡിനു പുറത്ത് കൊക്കയിലേക്ക് ഏതുനിമിഷവും പതിക്കുമെന്ന മട്ടില്‍ തിരിയുന്നു

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ ദൽഹൗസിയിൽ സുഹൃത്ത് പി. മജീദിന്റെ വാക്ക് വിശ്വസിച്ചാണ് രാത്രി ഉറങ്ങാൻ കിടന്നത്.
പിറ്റേദിവസം കാണിക്കാമെന്നു പറഞ്ഞ ഇന്ത്യയുടെ 'മിനി സ്വിറ്റ്സർലൻഡ്' എന്ന ഖജ്ജിയാറിലെ കാഴ്ചകളെപ്പറ്റിയായിരുന്നു രാത്രിയിലെ ചിന്ത മുഴുവൻ. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളും റൂട്ടും കാണാപ്പാഠമാണ് മജീദിന്. വെളുപ്പിനെ ശക്തമായ മഴശബ്ദംകേട്ട് ഉണർന്നു. മഴ രസംകൊല്ലിയായി മാറുമോ എന്നായിരുന്നു ആശങ്ക. അതിരാവിലെ മഴയത്ത് ചൂടുചായ തേടി ദൽഹൗസിപട്ടണത്തിന്റെ തെരുവിലൂടെ അലയുമ്പോൾ കണ്ണിൽപ്പെട്ടത് ചായക്കടകൾക്ക് മുമ്പേ തുറക്കുന്ന മദ്യക്കടയാണ്. കാഴ്ചകൾ പരമാവധി ആസ്വദിക്കാൻ രാവിലെ എട്ടുമണിക്കുതന്നെ യാത്രതിരിക്കാനാണ് തീരുമാനം. തുടർമഴയുടെ ലക്ഷണമൊക്കെ കാണുന്നുണ്ട്. കഴിവതും നേരത്തേ ഭക്ഷണം കഴിച്ചു യാത്ര തുടങ്ങണം. ടൗണിൽ തലേദിവസം കണ്ടുവച്ചിരുന്ന ദക്ഷിണേന്ത്യൻ ദോശക്കടയിലേക്ക് നടന്നു. പക്ഷേ, കട ഒമ്പതുമണിക്ക് മാത്രമേ തുറക്കൂ എന്നറിഞ്ഞ് നിരാശനായി തിരികെ നടന്നു. ദോശക്കട മാത്രമല്ല മറ്റുള്ള കടകളുടെയും സ്ഥിതി അതുതന്നെ. ഖജ്ജിയാറിലേയ്ക്ക് രാവിലെ 'പശി'യടക്കി പോകാനാണ് യോഗം.
വലിയ വാഹനങ്ങൾക്ക് പോകാൻ വീതിയില്ലാത്ത റോഡുകളാണ് തീരെ ചെറിയ ദൽഹൌസി പട്ടണത്തിലുള്ളത്. ബ്രിട്ടിഷ് വൈസ്രോയ് ദൽഹൗസി പ്രഭുവിന്റെ പേര് ചാർത്തിയ ഈ പട്ടണം 1854-ലാണ് സ്ഥാപിച്ചത്. ചൂടുകാലത്ത് ബ്രിട്ടിഷ് പട്ടാളക്കാർക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയ താവളമാണിത്. ടൌണിന് നടുക്ക് ബ്രിട്ടീഷുകാർ നിർമ്മിച്ച, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ വക സെന്റ് ജോൺസ് ആംഗ്ലിക്കൻ പള്ളിയ്ക്കരികിലൂടെ മുകളിലേയ്ക്ക് നീളുന്ന ചെറുവഴി. അതിലൂടെയുള്ള യാത്ര ഏറെദുഷ്ക്കരം. മുകളിലേയ്ക്ക് പോകുംതോറും യാത്രയുടെ കാഠിന്യം കൂടിവരുന്നു. ദൽഹൗസിയിലെ ചെറുവണ്ടികളിൽ ചിതറിത്തെറിച്ചുള്ള യാത്ര. 21 കിലോമീറ്റർ ഈ അവസ്ഥയിലൂടെ സഞ്ചരിക്കണം. വഴിയിലുടനീളം അത്യഗാധമായ ഗർത്തങ്ങളും അതിലേറെ ഉയരമുള്ള പർവ്വതങ്ങളും. അവയ്ക്കിടയിൽ വീണുറഞ്ഞ മഞ്ഞുപാളികൾ നിറഞ്ഞ വഴികൾ. ഒരുപോലെ അപകടകരവും ദുർഘടംപിടിച്ച പാത. പോകുന്ന വഴിയിൽ മനോഹരമായ ദൽഹൌസി പബ്ലിക് സ്കൂൾകെട്ടിടവും പരിസരവും കണ്ടു. പഠനരീതിയുടെ ഭാഗമായിട്ടാകാം മതിലിൽ പെയിന്റടിക്കുന്ന കുട്ടികളുടെ ചെറു സംഘങ്ങൾ. മതിലിനോടുചേർന്ന് തൂക്കിയിട്ട മഞ്ഞയും മറൂണും ഇടകലർന്ന നിറത്തിലുള്ള ചെടിച്ചട്ടികൾ റോഡിനും സ്കൂളിനും പകരുന്ന ഭംഗി ചെറുതല്ല. ദൂരെ, മധ്യഹിമാലയൻ മേഖലയിലെ വെട്ടിത്തിളങ്ങുന്ന ദൗളധർ മലനിര.
മഞ്ഞുപാളികൾ നിറഞ്ഞ വഴിയോരങ്ങളിൽ ഫോട്ടോ സ്റ്റോപ്പുകളിൽ വൻ തിരക്ക്. അവിടെ ഫോട്ടോ ഷൂട്ടിനുള്ള സമയം കഴിഞ്ഞപ്പോൾ
ശരീരവും മനസ്സും തുടർയാത്രയ്ക്ക് പാകമായി. ചാടിയും മറിഞ്ഞും ഉച്ചത്തിലുള്ള പാട്ടിലും അസ്വസ്ഥമായി മുന്നോട്ടു നീങ്ങുന്ന
വാഹനത്തിൽ ഇങ്ങനെ ചില സുന്ദരകാഴ്ചകളാണ് കുറച്ചെങ്കിലും സ്വസ്ഥത നൽകുന്നത്. മുകളിലെ റോഡിൽനിന്നുള്ള ആദ്യ കാഴ്ചയിൽത്തന്നെ ഖജ്ജിയാർ പുൽമേടുകളുടെ ഹരിതഭംഗി മനസ്സിന് പകരുന്ന അനുഭൂതി വർണ്ണനാതീതമാണ് . യാത്രയുടെ അസ്കിതകൾ ഒറ്റനിമിഷം കൊണ്ട് ആഹ്ലാദത്തിന് വഴിമാറിയ സമയം. അത്രയ്ക്ക് ഹൃദയാവർജ്ജകമാണ് പുൽമേടിന്റെ മുകളിൽനിന്നുള്ള കാഴ്ച. പൈൻ മരങ്ങൾ നിറഞ്ഞ കൊടുംകാടിന് നടുവിൽ സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1950 മീറ്റർ ഉയരെ സോസറിന്റെ ആകൃതിയിൽ അതിമനോഹരമായ പുൽമേട്.
പുൽമേടിന്റെ നടുക്കുള്ള ചെറിയ തടാകത്തിൽ പൊങ്ങിക്കിടക്കുന്ന ചെറിയ ദ്വീപും തടാകത്തിലേയ്ക്ക് നീളുന്ന കുഞ്ഞനരുവികളും ദൂരക്കാഴ്ചയിൽ വ്യക്തം. പശ്ചാത്തലത്തിലാകട്ടെ, മഞ്ഞുമൂടിയ ദൌളധർ മലനിരകളുടെ ആകാശംമുട്ടുന്ന നീളൻ കോട്ടമതിൽ. മറുഭാഗത്തുനിന്നാൽ പ്രഭാത സൂര്യന്റെ പ്രതിച്ഛായ തെളിയുന്ന ചെറു തടാകം. അധികം തണുപ്പോ ചൂടോ ഇല്ലാത്ത സുന്ദരമായ കാലാവസ്ഥ. ഏതോ മായികലോകത്ത് എത്തിയ പ്രതീതി. 1992-ൽ ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് വൈസ് കോൺസലർ 'മിനി സ്വിറ്റ്സർലൻഡ് 'എന്ന് ഇവിടം നാമകരണം ചെയ്തിരുന്നു. അദ്ദേഹം ഇവിടെനിന്നു കൊണ്ടുപോയ കല്ല് സ്വിസ്സ് പാർലമെന്റിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞുകേട്ടു. സ്വിറ്റ്സർലൻഡിന് സമാനമായ ഭൂപ്രകൃതിയുള്ള ലോകത്തെ 160 ഇടങ്ങളിൽ ഒന്നാണ് ഖജ്ജിയാർ.
പാർക്കിംഗ് പോയിന്റിനു സമീപമുള്ള തട്ടുകടയിൽ ബ്രെഡ് ഓംലറ്റിനും നൂഡിൽസിനും ചായയ്ക്കും ഡിമാൻഡ് ഏറിയതിനാൽ അവിടെ ക്യൂ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെനിന്നാൽ പുൽമേടിന്റെ ഭംഗി ആവോളം ആസ്വദിച്ചു ചായകുടിക്കുന്നത് സുഖമുള്ള അനുഭവമാകും. ചുറ്റുമുള്ള വനത്തെ പടർന്നുകയറാൻ അനുവദിക്കാതെ പ്രകൃതിതന്നെ അതിർത്തി നിശ്ചയിച്ചുനൽകിയ അതിവിശാലമായ പുൽമേട് . ഹൃദയഭാഗത്തെ ചെറിയ ജലാശയത്തിലേയ്ക്ക് നയിക്കുന്ന കുഞ്ഞനരുവികളുടെ ഒഴുക്കിനൊപ്പം നടക്കാൻ ധാരാളം പേർ.അരുവികൾക്കുകുറുകെ, പച്ചച്ചായമടിച്ച കുഞ്ഞൻ മരപ്പാലങ്ങളിൽ വെടിവട്ടം പറഞ്ഞിരിക്കുന്നവരുടെ ചെറുസംഘങ്ങൾ. മൈതാനത്ത് നീളൻകമ്പളം വിരിച്ച് കളിച്ചും ചിരിച്ചും ഭക്ഷണം കഴിച്ചും സമയം കളയുന്നവർ.
വലിയ പ്ലാസ്റ്റിക് ബലൂണുകൾക്കുള്ളിൽകയറി താഴേക്ക് ഉരുളുമ്പോൾ പേടിച്ച് അലറി വിളിക്കുന്നവരുമുണ്ട്. ശാന്തശീലരായ മുയലുകളെ കൈയിലെടുത്ത് ഓമനിച്ച് ഫോട്ടോയ്ക് പോസ് ചെയ്യുന്നവരുടെ ആഹ്ലാദം. മരച്ചുവട്ടിൽ തണുപ്പകറ്റാൻ തീ കായുന്ന സ്ത്രീകളും കുട്ടികളും. പൈൻ മരച്ചുവട്ടിലെ സുന്ദരമായ മരവീടിനുമുമ്പിൽ കുതിരയിൽ കയറാൻ കാത്തുനിൽക്കുന്നവരുടെ ആകാംക്ഷ. സുന്ദരമായ ധാരാളം കാഴ്ചകൾ.
പുൽമേടിന്റെ ഭംഗിയും സൗന്ദര്യവും ആവോളം ആസ്വദിച്ച് തിരികെയുള്ള യാത്ര ഏറെ സാഹസം നിറഞ്ഞതായിരുന്നു. പഞ്ചാബിലെ കൊടുംചൂടിൽ നിന്ന് ഖജ്ജിയാറിലെ തണുപ്പിലേയ്ക്ക് പോകുന്ന കാറുകളുടെ നീണ്ടനിര പലപ്പോഴും ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. അഗാധമായ കൊക്കയെ പേടിച്ച് വലതുവശത്തുകൂടി മാത്രം വാഹനം ഓടിക്കുകയാണ്. സൈഡ് തരാത്തതുകൊണ്ട് വലതുവശം ചേർന്നുള്ള അപകട ഭീഷണി എറ്റെടുത്ത് യാത്ര ചെയ്യേണ്ടതായി വന്നു. വളവുകളെത്തുമ്പോൾ വണ്ടിയുടെ ചക്രങ്ങൾ മിക്കവാറും റോഡിനു പുറത്ത് കൊക്കയിലേക്ക് ഏതുനിമിഷവും പതിക്കുമെന്ന മട്ടിൽ തിരിയുന്നു. ആ വശത്ത് ഇരിക്കുന്നവർക്ക് ബോധക്ഷയമുണ്ടാകുന്ന അവസ്ഥ. ഒരു നിമിഷം ഒന്ന് തെറ്റിയാൽ, എല്ലാം കിലോമീറ്ററുകൾ താഴെ അവസാനിക്കും. പ്രതിസന്ധികൾ ഒരുവിധം തരണം ചെയ്ത് 'കാലാടോപ് 'എന്ന സ്ഥലത്തെത്തി വനത്തിനുള്ളിലൂടെ നടത്തിയ ട്രക്കിംഗ് വ്യത്യസ്തമായ അനുഭവമായിരുന്നു.
സമുദ്ര നിരപ്പിൽനിന്ന് 8,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വനപ്രദേശമാണ് കാലാടോപ്. ദേവതാരുവും ഫിർമരങ്ങളും ഇടതൂർന്നു വളരുന്ന കാട്. ഇവിടെ ഹിമാലയൻ കരടി, പുള്ളിപ്പുലി, കുറുക്കൻ മുതലായ മൃഗങ്ങളുണ്ട്. ഹിമാലയൻ മൊണാൽ തുടങ്ങിയ തദ്ദേശീയ പക്ഷികളുമുണ്ട്. മൂന്ന് കിലോമീറ്റർ അകലെയുള്ള ഫോറസ്റ്റ് റെസ്റ്റ് ഹൗസ് വരെ നീളുന്ന സമതലത്തിലൂടെയാണ് നടത്തം. കോണിഫറസ് മരങ്ങളുടെ ഇടയിലൂടെ നടന്ന് മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലം. കാലാടോപ്പ് പ്രവേശന കവാടത്തിനരികെ ലക്കർമണ്ടിയിൽ മണ്ണിൽതീർത്ത മനുഷ്യവാസമുള്ള കുടിലുകളുടെ അവസ്ഥ ഏറെ പരിതാപകരം. അവയുടെ മുകളിൽ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളികൾ ഉരുകിയൊലിക്കാനുള്ള ഒരുക്കത്തിലാണ്. ട്രെക്കിങ്ങിനുശേഷം വഴിയോരത്തെ വിശ്രമ വേളയിൽ കണ്മുന്നിലൂടെ പാഞ്ഞു വന്ന ചാരനിറമാർന്ന കാർ തിട്ടയിലിടിച്ചു കൊക്കയിലേയ്ക്ക് വീഴുന്നത് കണ്ടു. മരത്തിൽ തങ്ങി നിന്നതുമൂലം യാത്രികർക്ക് കാര്യമായ പരുക്കൊന്നുമില്ലാതെ രക്ഷപ്പെടാനായി. അന്വേഷിച്ചു പോയ തദ്ദേശീയർ അവരെ രക്ഷപ്പെടുത്തി മുകളിൽ എത്തിച്ചു.
Content Highlights: Journey from Dalhousie to Khajjiar through challenging mountain roads, Breathtaking views of saucer-shaped meadows and pine forests at Khajjiar, Historical connection as India's Mini Switzerland named in 1992, Thrilling trekking experience through Kalatop wildlife sanctuary
Published: 21 Aug 2026, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented