മനുഷ്യരും പുലികളും ഒന്നിച്ച് കഴിയുന്ന ജവായ് എന്ന രാജസ്ഥാനിലെ ഗ്രാമം. ഈ ഗ്രാമത്തിലൂടെ മാതൃഭൂമി ഡോട്ട് കോം പ്രതിനിധികളായ ബിജു പങ്കജും അഭിലാഷ് ചിറക്കടവും നടത്തിയ യാത്രയുടെ അനുഭവങ്ങൾ.

കാടുകളിലല്ലാതെ, മനുഷ്യർ താമസിക്കുന്ന ഗ്രാമങ്ങൾക്ക് തൊട്ടടുത്ത് പുലികൾ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു പ്രദേശത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? രാജസ്ഥാനിലെ പാലി ജില്ലയിലുള്ള ജവായ് എന്ന ഗ്രാമത്തിനാണ് ഈ അപൂർവ്വത. ഇന്ത്യയിലെതന്നെ ഒരു പ്രൈവറ്റ് കൺസർവൻസി മോഡലെന്ന് വിളിക്കാവുന്ന ജവായ്, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിന്റെ കഥയാണ് പറയുന്നത്.
പുലർച്ചെ രാജസ്ഥാൻ വനംവകുപ്പിന്റെ ജീവനക്കാരായ റൺബീറിനും വിഷ്ണുവിനുമൊപ്പമാണ് ഞങ്ങൾ ജവായിയിലൂടെ യാത്ര തുടങ്ങിയത്. പാറക്കെട്ടുകൾക്ക് മുകളിലൂടെ വിനോദസഞ്ചാരികളുമായി കയറിപ്പോകുന്ന മാരുതി ജിപ്‌സികൾ കാണാമായിരുന്നു. പുലർച്ചയും വൈകുന്നേരങ്ങളിലും മാത്രമാണ് പുലികളെ അടുത്ത് കാണാൻ കഴിയുക.
ഈ മേഖലയിലെ വിശാലമായ ഗ്രാനൈറ്റ് പാറക്കെട്ടുകൾക്കിടയിൽ ഏതാണ്ട് അമ്പതോളം ഗുഹകളുണ്ട്. വനവകുപ്പിന്റെ കണക്കനുസരിച്ച് 46 പുലികളാണ് ഈ ഗുഹകളിൽ വസിക്കുന്നത്. തൊട്ടടുത്തു കൂടെ മുംബൈ-ഡൽഹി റെയിൽവേ ലൈൻ കടന്നുപോകുന്നുണ്ടെങ്കിലും, അതൊന്നും ബാധിക്കാത്ത രീതിയിൽ പുലികൾ ഇവിടെ സുരക്ഷിതരായി ജീവിക്കുന്നു. ഏറെ കാത്തിരുന്നതിന് ശേഷമാണ് പുലിയുടെ ഒരു ഫ്രെയിം അഭിലാഷിന് കിട്ടിയത്. ഗുഹയ്ക്കകത്തുനിന്ന് ഇറങ്ങിയ ഒരു പുലിക്കുഞ്ഞ്, ചെറിയ മരത്തിൽ കയറി കളിക്കുന്നു. അപൂർവ്വമായ ദൃശ്യം പകർത്തിയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. പുലി കുഞ്ഞ് മരത്തിൽ കയറി കളിക്കുമ്പോൾ ഗുഹയ്ക്കുള്ളിൽ അമ്മപ്പുലിയെയും കാണാമായിരുന്നു.
ഈ പാറക്കെട്ടുകളുടെ താഴ്വരയിലായി ഏകദേശം 20 റബാരി ഗ്രാമങ്ങളുണ്ട്. രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹത്തെപ്പോലെ തന്നെ വന്യജീവികളെ ഏറെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണ് റബാരികൾ. ചിലപ്പോഴൊക്കെ ഇവരുടെ ആടുകളെ പുലികൾ പിടിക്കാറുണ്ടെങ്കിലും, അതിനെ ഒരു മനുഷ്യ-മൃഗ സംഘർഷമായി കാണാൻ ഇവർ തയ്യാറല്ല. പ്രകൃതിയുടെ സ്വാഭാവികമായ ജീവിതരീതിയായി മാത്രമാണ് അവരതിനെ കാണുന്നത്.
കുട്ടികൾ സമീപത്തെ സ്‌കൂളിൽ പോകുമ്പോഴും പുലികൾ തൊട്ടടുത്തുള്ള മരങ്ങളിൽ കളിക്കുന്ന കാഴ്ച ജവായിൽ മാത്രമാണ് കാണാൻ കഴിയുക. ഇവിടെ പുലിയുടെ ആക്രമണം കാരണം ഇതുവരെ ഒരേയൊരു സംഭവം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു പുലി ആടിനെ പിടിച്ച് ഗുഹയിലേക്ക് കൊണ്ടുപോയപ്പോൾ, ഒരു റബാരി യുവാവ് ഗുഹയ്ക്കുള്ളിൽ കയറി ആടിനെ തിരികെ വലിച്ചെടുക്കാൻ നോക്കിയപ്പോഴായിരുന്നു അത്. അതൊഴിച്ചാൽ സമാധാനപരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
ഇന്ന് റബാരി വംശജർ തങ്ങളുടെ പാരമ്പര്യ വസ്ത്രധാരണവും സംസ്‌കാരവും നിലനിർത്തിക്കൊണ്ട് തന്നെ വൈൽഡ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കൂടാതെ, ടൈഗർ റിസർവായി പ്രഖ്യാപിക്കാൻ പോകുന്ന കുമ്പൾഗഡ് സാങ്ച്വറിയുമായി ജവായ് കണക്റ്റഡ് ആണ്. അതിനാൽ പുലികളുടെ എണ്ണം കൂടിയാലും അവയ്ക്ക് സഞ്ചരിക്കാൻ സ്വാഭാവിക നാച്ചുറൽ കോറിഡോർ ലഭ്യമാണ്. ജവായിയുടെ മേൽനോട്ട ചുമതല ഉണ്ടായിരുന്ന രാജസ്ഥാനിലെ ചീഫ് കൺസർവേറ്ററും മലയാളിയുമായ കെ.ആർ. അനൂപ് പറഞ്ഞു.
പ്രകൃതിയെയും വന്യജീവികളെയും ബഹുമാനിച്ചാൽ മനുഷ്യനും മൃഗങ്ങൾക്കും ഒന്നിച്ച് സമാധാനത്തോടെ ജീവിക്കാം എന്നതിന് ലോകത്തിന് തന്നെ വലിയൊരു മാതൃകയാണ് ജവായ്.
ജവായിലേക്ക് എത്താനുള്ള മാർഗം
ജോധ്പൂരിൽനിന്ന് റോഡ് മാർഗവും റെയിൽ മാർഗവും ജവായിലേക്ക് എത്താം. ജവായ് എന്ന പേരിൽ റെയിൽവേ സ്റ്റേഷൻ തന്നെയുണ്ട്. ജോധ്പൂരിൽനിന്ന് ബസിൽ മൂന്ന് മണിക്കൂർ എടുക്കും. ട്രെയിനിലാണെങ്കിൽ രണ്ട് മണിക്കൂർ. താമസിക്കാൻ ഹോട്ടലുകളും ജംഗിൾ ലോഡ്ജുകളുമുണ്ട്. സഫാരിക്കുള്ള സൗകര്യവും ഇവർ ഏർപ്പെടുത്തും. പുലികളെ അടുത്ത് കാണാനുള്ള ഏറ്റവും അനുയോജ്യമായ സമയം നവംബർ- ഡിസംബർ മാസങ്ങളാണ്.
Content Highlights: Jawai in Rajasthan is a unique area where tigers roam freely near human settlements, showcasing peaceful coexistence between humans and wildlife. The region features around 50 caves within granite formations, housing approximately 46 tigers, and is home to the Rabari community, who respect and protect wildlife despite occasional livestock losses. Jawai is connected to Kumbhalgarh Sanctuary, providing a natural corridor for tigers, and is accessible by road and rail from Jodhpur, with November-December being the best time for tiger sightings.
Published: 01 Oct 2026, 10:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented