ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ 'മോക്ക് പാർലമെന്റിൽ' ഇരിക്കാമെന്നും ഒരിക്കലും അദ്ദേഹത്തിന് ആ പദവി ലഭിക്കാൻ പോകുന്നില്ലെന്നും ഷാ പരിഹസിച്ചു.

To advertise here,

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്യാൻ ഇന്ത്യ മുന്നണി മോക്ക് പാർലമെന്റ് സമ്മേളനം സംഘടിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് അമിത് ഷായുടെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ 'സ്നേഹത്തിന്റെ കട' എന്ന മുദ്രാവാക്യത്തെ പരിഹസിച്ച ഷാ, ആ കടയിൽ നിന്ന് ആളുകൾക്ക് വെറുപ്പ് മാത്രമേ കൊണ്ടുപോകാൻ കഴിയൂ എന്നും കുറ്റപ്പെടുത്തി.

1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ തീയതിയായ നവംബർ ഒന്നിന് തന്നെ റാലി സംഘടിപ്പിച്ചതിലൂടെ കോൺഗ്രസ് സിഖ് സമൂഹത്തിന്റെ വികാരങ്ങളെ സാരമായി വ്രണപ്പെടുത്തിയെന്ന് അമിത് ഷാ ആരോപിച്ചു. "വലിയ മരം വീഴുമ്പോൾ ഭൂമി കുലുങ്ങും" എന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പണ്ടത്തെ പരാമർശം ഓർമിപ്പിച്ച ഷാ, കലാപത്തിന് ഇരയായവരുടെ മുറിവിൽ ഉപ്പുപുരട്ടുന്നതിന് തുല്യമാണ് ഈ ദിവസം റാലി നടത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനമെന്ന് വിമർശിച്ചു. ഈ തീയതികളിൽ പരിപാടി നടത്തരുതെന്ന് ബി.ജെ.പി കോൺഗ്രസിനോട് അഭ്യർഥിച്ചിരുന്നെങ്കിലും പാർട്ടി അതിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. റാലിയുമായി മുന്നോട്ട് പോകാൻ വിദേശത്തുനിന്നാണ് നിർദേശങ്ങൾ വന്നതെന്ന് ആരോപിച്ച ഷാ, ഇന്ത്യയ്ക്കും പഞ്ചാബിനും ഇത് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം ആയിരക്കണക്കിന് സിഖുകാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടതെന്നും എന്നാൽ ഇരകൾക്ക് നീതി നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. 1984-ലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പുനരന്വേഷിച്ചതെന്നും ഇരയായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും ഷാ അവകാശപ്പെട്ടു. കലാപകാരികൾക്കെതിരെയുള്ള എല്ലാ കേസുകളും പുനരാരംഭിക്കുകയും ഇരകളായ ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വീതം ധനസഹായം നൽകുകയും പ്രധാന കോൺഗ്രസ് നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ കലാപം ഇളക്കിവിട്ട സംഭവം ഇന്ത്യയിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.