സാഹസികരായ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളിലൊന്നാണ് ബംജീ ജംപിങ്. ശരീരം കയറിനോട് ബന്ധിച്ച് ആഴങ്ങളിലേക്ക് കുതിക്കുന്ന ബംജീ അനുഭവം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കണമെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ആഴങ്ങളോടും വീഴ്ചകളോടുമെല്ലാം ഭീതിയുള്ളവര്‍ക്ക് ബംജീ ജംപിങ് ഒരു പേടി സ്വപ്‌നം മാത്രമാണ്. മാത്രമല്ല ശാരീരികമായി വെല്ലുവിളി നേരിടുന്നവരും ബംജീ ജംപിങ് പൊതുവേ ചെയ്യാറില്ല. എന്നാൽ ശാരീരികമായ പരിമിതികൾക്കിടയിലും ബംജീ ജംപിങ് നടത്തിയ ഒരു യുവാവിന്റെ വീഡി‍യോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ്.  

To advertise here,

ആഭയ് ദോഗ്ര എന്ന യുവാവാണ് ബംജീ ജംപിങ് നടത്തി ഏവരേയും  ഞെട്ടിച്ചത്. വെറും ജംപിങ് ആയിരുന്നില്ല അത്. വീൽ ചെയറിലിരുന്നാണ് ആഭയുടെ സാഹസിക ചാട്ടം. ഉത്തർപ്രദേശിലെ ഋഷികേശിൽ വെച്ച് 117 മീറ്റർ ഉയരത്തിൽവെച്ചായിരുന്നു ബംജീ ജംപിങ്. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലഉള്ള ബംജീ ജംപിങ് പോയന്റാണിത്. കയറിനോട് ബന്ധിച്ച് ആഴങ്ങളിലേക്ക് കുതിക്കുമ്പോൾ പരിമിതികളൊന്നും യുവാവിന് തടസ്സമായില്ല. സ്വപ്നം യാഥാർഥ്യമായ നിമിഷം. 

ഹിമാലയന്‍ഭംഗി എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ബംജീ ജംപിങ്ങിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ആഭയ്  വീല്‍ചെയറില്‍ ബംജീ ജംപിങ് നടത്തുന്നതാണ് ദൃശ്യങ്ങളില്‍. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി. യുവാവിന്റെ ധൈര്യം പ്രശസംനീയമാണെന്ന് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു. അതേസമയം ശാരീരീകമായി വെല്ലുവിളി നേരിടുന്നവര്‍ ബംജീ ജംപിങ് നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും അഭിപ്രായങ്ങളുണ്ട്.