സാഹസികരായ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങളിലൊന്നാണ് ബംജീ ജംപിങ്. ശരീരം കയറിനോട് ബന്ധിച്ച് ആഴങ്ങളിലേക്ക് കുതിക്കുന്ന ബംജീ അനുഭവം ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കണമെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ ആഴങ്ങളോടും വീഴ്ചകളോടുമെല്ലാം ഭീതിയുള്ളവര്‍ക്ക് ബംജീ ജംപിങ് ഒരു പേടി സ്വപ്‌നം മാത്രമാണ്. അത്തരത്തില്‍ ഭീതിയുള്ളവര്‍ക്കായി ചൈനയില്‍ ഒരു പ്രത്യേക ബംജീ ജമ്പിങ്ങ് അനുഭവം തയ്യാറായിരിക്കുകയാണ്.

To advertise here,

സാധാരണ ജംപിങ്ങുകള്‍ക്ക് ധൈര്യമില്ലാത്തവര്‍ക്കായി ഒരുക്കിയ ഈ ബംജിക്ക് 'കവഡലി ബംജി' എന്നാണ് വിളിപ്പേര്. ചിലര്‍ ഇതിനെ 'സ്ലോമോഷന്‍ ബംജീ' എന്നു വിളിക്കുന്നുണ്ട്. അധികം ഉയരമോ വേഗതയോ ഇല്ലാതെ ബംജീ സ്‌പോട്ടുകളില്‍ നിന്ന് സഞ്ചാരികളെ സാവധാനം താഴേക്ക് വിഴ്ത്തുന്ന രീതിയാണിത്. സാധാരണ ജംപിങ്ങുകളിലെ കാഴ്ചകളും അനുഭവവുമെല്ലാം ഇതിലും അനുഭവിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്ലോമോഷന്‍ ബംജീ ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് കിഴക്കന്‍ ചൈനയിലെ ഷീജിയാങിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രങ്ങത്തിലെത്തുന്നത്.

ഈ ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായതോടെ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരും ഇവിടെ എത്തുന്നുണ്ട്. സാധാരണ ബംജീ ജംപിങ്ങിലെ പെട്ടെന്നുള്ള വീഴ്ച ചിലര്‍ക്കും താങ്ങാനാവാറില്ല. ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന ആശങ്കയും വ്യാപകമായുണ്ട്. ഇത്തരക്കാര്‍ക്ക് ഈ സ്ലോമോഷന്‍ ജംപിങ്ങ് പ്രിയപ്പെട്ടതാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ബംജികളുടെ അത്രയും താഴ്ചയിലേക്ക് അല്ലാതെ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ച് പതുക്കെ താഴേക്ക് ഇറങ്ങിയാണ് ഇത് സാധ്യമാകുന്നത്. പതുക്കെ, കാഴ്ചകളെല്ലാം ആസ്വദിച്ചുള്ള ഈ ചാട്ടം സഞ്ചാരികളില്‍ വ്യത്യസ്തമായ അനുഭവം നിറയ്ക്കുന്നു.

ജീവിതത്തില്‍ ഒരിക്കലും ബംജീ ജംപിങ് ചെയ്യാനാകുമെന്ന് കരുതിയിരുന്നിട്ടില്ലാത്ത നിരവധി പേരാണ് ഇതിലൂടെ തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. ഇക്കൂട്ടത്തില്‍ മുതിര്‍ന്നവരും കുട്ടികളും നിരവധിയാണ്.