വാഗമണ്‍: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് മത്സരങ്ങള്‍ക്ക് തുടക്കമായി. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരങ്ങള്‍ സാഹസിക ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

To advertise here,

ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 11 വിദേശരാജ്യങ്ങളില്‍നിന്ന് 49 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 15 വിദേശതാരങ്ങളും മത്സരിക്കുന്നുണ്ട്. ശനിയാഴ്ച സമാപന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കും. വാഗമണില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള കോലാഹലമേട്ടിലെ അഡ്വഞ്ചര്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 3000 അടി ഉയരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ സ്ഥലം ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും അനുയോജ്യമാണ്. കാലാവസ്ഥ പ്രതികൂലമായാല്‍ 23 വരെ മത്സരങ്ങള്‍ നീളും.

ഇടുക്കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വണ്‍ അഡ്വഞ്ചര്‍ പ്രതിനിധി വിനില്‍ തോമസ്, കോഴ്‌സ് ഡയറക്ടര്‍ വിജയ് സോണി തുടങ്ങിയവര്‍ പങ്കെടുത്തു.