കൊച്ചി: സംസ്ഥാനത്ത് ടൂറിസം രംഗത്ത് വനിതാസംരംഭങ്ങൾ കൂടുന്നു. ടൂറിസം വകുപ്പിന്റെ ഭാഗമായ കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിലേക്ക് ഇതുവരെ 25,118 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 17,600-ന് മുകളിൽ സംരംഭങ്ങൾ വനിതകളുടേതാണ്. ഈ സംരംഭങ്ങൾ വഴി നേരിട്ട് 42,000-ന് മുകളിൽ ആളുകൾക്കാണ് ജോലി നൽകുന്നത്.
ഹോംസ്‌റ്റേ, ടൂർ ഓപ്പറേറ്റർമാർ, കരകൗശല നിർമാണം, നെയ്ത്ത്, ഭക്ഷ്യോത്പന്ന നിർമാണ യൂണിറ്റുകളടക്കം ഈ ഉത്തരവാദിത്വടൂറിസത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതി വഴി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. പുതിയ സംരംഭങ്ങൾക്ക് ആരംഭഘട്ടം മുതൽ ഉത്തരവാദിത്വ ടൂറിസം മിഷൻ എല്ലാ സഹായങ്ങളും നൽകും.
ടൂറിസം മേഖലയിലേക്ക് വനിതാ യൂണിറ്റുകൾകൂടി വരുകയാണ്. ഈവർഷം ഡിസംബറോടെ പുതിയ 1,500 വനിതാ യൂണിറ്റുകൾ ആരംഭിക്കാനുള്ള പദ്ധതികൾ നടന്നു വരുകയാണെന്ന് കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ. കെ. രൂപേഷ് കുമാർ പറഞ്ഞു.
വരുമാനത്തിന്റെ കാര്യത്തിലും ഇത്തരം യൂണിറ്റുകൾ മുന്നോട്ടുതന്നെയാണ്. മാസം ശരാശരി 10,000 രൂപയാണ് ഓരോ സംരംഭവും വരുമാനമായി നേടുന്നത്. എന്നാൽ സംരംഭത്തിന്റെ പ്രവർത്തനവും വലുപ്പവും അനുസരിച്ച് വരുമാനം ഉയരും. കഴിഞ്ഞ സാമ്പത്തികവർഷം ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി നേടിയ 28 കോടി രൂപയിൽ 70 ശതമാനവും സ്ത്രീസംരംഭങ്ങളിൽ നിന്നാണ്.
Content Highlights: tourism sector women empowerment
Published: 08 Mar 2025, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented