തൃശ്ശൂര്‍: കെഎസ്ആര്‍ടിസി തൃശ്ശൂര്‍ ജില്ലയിലേക്ക് അനുവദിച്ച ആദ്യ ഡബിള്‍ ഡെക്കര്‍ ബസ് പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി. തൃശ്ശൂര്‍ രാമനിലയത്തില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് ഡബിള്‍ ഡെക്കര്‍ ബസ് പരീക്ഷണ യാത്ര സംഘടിപ്പിച്ചത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍, റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് ഈ പരീക്ഷണയോട്ടത്തില്‍ ബസിലെ യാത്രക്കാരായത്. തിരുവനന്തപുരം, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലാണ് നിലവില്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് നടത്തുന്നത്.

To advertise here,

പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് പുതുവത്സര സമ്മാനമായി തൃശ്ശൂരിന് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നല്‍കുമെന്നും  കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. തൃശ്ശൂരില്‍ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും മന്ത്രി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധി ആളുകളാണ് പരീക്ഷണയോട്ടം കാണുന്നതിനായി വിവിധ പ്രദേശങ്ങളില്‍ തടിച്ചുകൂടിയത്.

പുത്തൂരില്‍ റോഡുനിര്‍മാണം നടക്കുന്നതിനാല്‍ ബസിന്റെ സുഗമയാത്രക്ക് വൈദ്യുതിലൈനുകളും മറ്റും നീക്കി വഴിയൊരുക്കാന്‍ കെഎസ്ഇബി ജീവനക്കാരും രംഗത്തിറങ്ങിയിരുന്നു. ഗണേഷ് കുമാറാണ് ഡബിള്‍ ഡെക്കര്‍ ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. റവന്യു മന്ത്രിയുടെ ആവശ്യപ്രകാരമാണ് സുവോളജിക്കല്‍ പാര്‍ക്കിനുവേണ്ടി ഗണേഷ്‌കുമാര്‍ ഡബിള്‍ഡെക്കര്‍ ബസ് അനുവദിച്ചിരിക്കുന്നത്.

മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നത്. ഈ മാസം 28-ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച് പാര്‍ക്ക് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. 338 ഏക്കറില്‍ 371 കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് സജ്ജമാകുന്നത്. ഇതില്‍ 331 കോടി രൂപ ലഭിച്ചത് കിഫ്ബിയില്‍നിന്നാണ്. 18-ന് ഉദ്ഘാടനച്ചടങ്ങിന്റെ കൊടിയേറ്റം നടക്കും. പിന്നീട് തുടര്‍ച്ചയായ 10 ദിവസങ്ങളില്‍ വൈകീട്ട് മുതല്‍ കലാസാംസ്‌കാരികപരിപാടികള്‍ ഉണ്ടാകും.