തൊടുപുഴ: മലയോരത്തിന്റെ മനോഹാരിതയിലൂടെ ജീപ്പ് യാത്ര. സാഹസികതയും സൗന്ദര്യവും ഒരുപോലെ ഇഴചേരുന്ന കിടിലൻ ജീപ്പ് സഫാരി. ജില്ലയിലെ ആയിരക്കണക്കിന് പേരുടെ ഉപജീവനമാർഗം. എന്നാൽ, സുരക്ഷിതമല്ലാതെ അതിസാഹസികമായി ചിലർ നടത്തുന്ന ഓഫ് റോഡ് സവാരി പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ജീവൻ പൊലിഞ്ഞ സംഭവങ്ങളുമുണ്ടായി.
ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ജീപ്പ് സഫാരി ജില്ലയിൽ നിരോധിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയശേഷം ഉടൻ പുനഃസ്ഥാപിക്കുമെന്നാണ് വാഗ്ദാനം. ജീപ്പിലെ സാധാരണ യാത്രകൾക്ക് നിരോധനമില്ല. എന്നാൽ, അതുവരെ തങ്ങൾ എന്ത് ചെയ്യണമെന്ന് ഡ്രൈവർമാരും അവരുടെ കുടുംബാംഗങ്ങളും ചോദിക്കുന്നു. ഉപജീവനം നടത്താൻ ഇവർക്ക് മറ്റൊരു ജോലിയില്ല. ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് ഇവർ പറയുന്നു.
മുതൽക്കൂട്ടാണ് ജീപ്പ് സഫാരി
ഇടുക്കിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ജീപ്പുകൾ. പല ജനവാസ മേഖലകളിലേക്കും കല്ലും പാറയും നിറഞ്ഞ ദുർഘടമായ പാതകളാണ് ഉള്ളത്. അത് താണ്ടണമെങ്കിൽ ജീപ്പ് വേണം. അല്പം സാഹസികമായ യാത്ര വിനോദസഞ്ചാരികളെ ആകർഷിക്കാനും ഉപയോഗിച്ചുതുടങ്ങി.
അത് ഹിറ്റായി. വിനോദ സഞ്ചാര മേഖലയിലെ പ്രധാന തൊഴിലുകളിലൊന്നായി. ഇപ്പോൾ വാഗമൺ, കൊളുക്കുമല, ചിന്നക്കനാൽ, പരുന്തുംപാറ, മറയൂർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ജീപ്പ് സഫാരിയാണ്. വിദേശികളുൾപ്പെടെയുള്ളവർ ഈ യാത്ര ആസ്വദിക്കാൻ വേണ്ടിമാത്രം എത്തുന്നുണ്ട്.
വൈകിയാൽ പട്ടിണിയാകും
സുരക്ഷാ മുൻകരുതലുകൾ ഏതൊക്കെയെന്ന് നിശ്ചയിക്കാൻ സബ് കളക്ടർമാരുടെ നേതൃത്വത്തിൽ ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത്, എംവിഡി, ഡിടിപിസി, റവന്യൂ, വനം, പോലീസ് എന്നീ വകുപ്പുകളുടെ പ്രതിനിധികൾ സംഘത്തെ നിയോഗിക്കും. ജീപ്പുകളുടെ എണ്ണവും ഡ്രൈവർമാരുടെ വിവരങ്ങളും പഞ്ചായത്ത് ശേഖരിക്കണം. ദൗത്യസംഘം സുരക്ഷതമായ പാത ഉൾപ്പെടെയുള്ളവ നിശ്ചയിക്കും.
അപകടയാത്ര തടയാൻ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കും. കളക്ടർ അന്തിമ തീരുമാനം കൈക്കൊള്ളും.സുരക്ഷയൊരുക്കി 15-നകം ജീപ്പ് സഫാരി പുനഃസ്ഥാപിക്കുമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. അതുവരെ ജീപ്പ് സഫാരിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ വരുമാനം നിലയ്ക്കുമെന്നുള്ളതാണ് പ്രധാനകാര്യം.നിരോധനം പിൻവലിക്കുകയോ അല്ലെങ്കിൽ ദൗത്യസംഘത്തിന്റെ നടപടി വേഗത്തിലാക്കുകയോ ചെയ്യണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.
കൊളുക്കുമല മാതൃക
കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി നല്ല മാതൃകയാണ്. ചിന്നക്കനാൽ പഞ്ചായത്ത്, ഡിടിപിസി, മോട്ടോർ വാഹന വകുപ്പ്, പോലീസ് തുടങ്ങിയവയെല്ലാം സുരക്ഷ ഒരുക്കാനായി കൈകോർക്കും. മോട്ടോർ വാഹനവകുപ്പ് ജീപ്പുകൾ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കും. ലൈസൻസ്, പോലീസ് ക്ലിയറൻസ് തുടങ്ങിയവയും നിർബന്ധം. എങ്കിൽ മാത്രമേ കൊളുക്കുമലയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാൻ കഴിയൂ.
കളക്ടറുമായി കൂടിക്കാഴ്ച ഇന്ന്
വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി കളക്ടർ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തും. വിനോദസഞ്ചാരമേഖലയിലെ പ്രശ്‌നങ്ങളും പ്രതിവിധികളും ആശയങ്ങളും പരിമിതികളും നേരിട്ട് അവതരിപ്പിക്കാം.
Content Highlights: Thousands risis if jeep safari ban extended
Published: 08 Jul 2025, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented