വാഗമൺ: ഓഫ് റോഡ് ജീപ്പുകളുടെ അമിതവേഗം വാഗമൺ മേഖലയിൽ അപകടഭീഷണി ഉയർത്തുന്നു.കഴിഞ്ഞദിവസം ജീപ്പ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സഞ്ചാരികളുമായി ജീപ്പുകൾ ചീറിപ്പായുന്നതിനേക്കുറിച്ച് മുമ്പും പരാതികൾ ഉയർന്നിരുന്നു. എന്നാൽ, ഇത് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടി ഉണ്ടായില്ല.
സ്തംഭിപ്പിക്കാതെ സുരക്ഷിതമാക്കണം
വാഗമൺ മേഖലയിൽ ഒട്ടേറെക്കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് ഓഫ് റോഡ് ജീപ്പ് സവാരി. 300-ൽ അധികം ജീപ്പുകൾ ഇവിടെയുണ്ട്. മിക്കവരും നല്ലരീതിയിലാണ് സർവീസ് നടത്തുന്നത്. എന്നാൽ, ചിലർ അമിതവേഗത്തിൽ സഞ്ചാരികളുമായി പോകുന്നുണ്ട്. അശ്രദ്ധമായ ഡ്രൈവിങ്ങുമുണ്ട്. ഇത് വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ജീവന് ഭീഷണിയാകുകയാണ്. അമിതവേഗത കാരണം നിരവധി അപകടങ്ങളാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റോഡിലൂടെ നടന്നുപോകുന്ന സഞ്ചാരികൾക്കും കുട്ടികൾക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയാകുന്ന വിധത്തിലാണ് പലരുടേയും ഡ്രൈവിങ്. ഓഫ് റോഡ് ജീപ്പുകൾ അമിതവേഗത്തിൽ വരുമ്പോൾ ഭയന്ന് മറ്റു വാഹനങ്ങൾ സൈഡ് ഒതുക്കി കൊടുക്കേണ്ട അവസ്ഥയണ്. ശബ്ദമുണ്ടാക്കി പായുന്ന ഈ വാഹനങ്ങൾ സാധാരണക്കാരുടെ സ്വൈര്യജീവിതം തകർക്കുകയാണ്. പോലീസും മോട്ടോർ വാഹന വകുപ്പും മാധ്യമങ്ങളും പലതവണ ഈ വിഷയം ഉന്നയിച്ചിട്ടും ശാശ്വതമായ പരിഹാരമുണ്ടായിട്ടില്ല.
അമിതവേഗത നിയന്ത്രിക്കാൻ ആവശ്യമായ സ്പീഡ് ക്യാമറകളോ മറ്റ് പരിശോധനകളോ വാഗമൺ പരിസരത്ത് എങ്ങും സ്ഥാപിച്ചിട്ടില്ല.ഓഫ് റോഡ് ടൂറിസം അപകടരഹിതമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. എന്നാൽ മേഖലയെ സ്തംഭിപ്പിക്കുകയും അരുത്.
കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ ടൂറിസ്റ്റ് ജീപ്പുകളുടെ അമിതവേഗവും സുരക്ഷാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പ്. പീരുമേട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാക്കി. ഇനി ഉപദേശങ്ങൾക്കില്ലെന്നും നിയമലംഘകർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമിതവേഗം നിയന്ത്രിക്കാൻ സ്പീഡ് ക്യാമറകൾ ഇല്ലാത്തതും രാഷ്ടീയ പാർട്ടികളുടെ മൗനവും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. അപകടങ്ങൾ മറച്ചുവെയ്ക്കാൻ ശ്രമം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്.
വാഗമണ്ണിലെ ടൂറിസം മേഖലയെ സംരക്ഷിക്കാൻ പഞ്ചായത്ത് മുൻ കൈയെടുത്ത് ഒരു 'ടൂറിസം വികസന സമിതി' രൂപവത്കരിക്കണമെന്നും സമിതിയുടെ നേതൃത്വത്തിൽ ഓഫ്റോഡ് സഫാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെ ന്നും മോട്ടോർവാഹന വകുപ്പ് നിർദേശിച്ചു. കൃത്യമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ സ്വൈരജീവിതവും സുര ക്ഷയും ഉറപ്പാക്കാൻ കഴിയൂ എന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വാഗമണിലെ ഓഫ് ജീപ്പുകളുടെ അമിതവേഗവും നിയന്ത്രണമില്ലാത്ത ഡ്രൈവിങ്ങിനുമെതിരേ കർശന നടപടി എടുക്കുമെന്ന് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫാറൂഖ്. മോട്ടോർവാഹന വകുപ്പും ആയി ചേർന്ന് ട്രാഫിക് കമ്മിറ്റി ഊർജിതമാക്കുമെന്നും ദിവസേന പുതുതായി നി രത്തിൽ ഇറങ്ങുന്ന സഫാരി ജീപ്പുകൾക്ക് നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: An off-road jeep accident in Vagamon injured eight people, highlighting severe safety risks., The Motor Vehicle Department (MVD) will now take strict, non-negotiable action against violators., Authorities propose a 'Tourism Development Committee' to regulate off-road safaris.
Published: 04 Mar 2026, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented