രിത്രമുറങ്ങുന്ന തങ്കശ്ശേരിയുടെ കമാനത്തിന് ഒടുവില്‍ പുതുജീവന്‍. അവഗണനയുടെ നീണ്ട നാളുകള്‍ക്കൊടുവില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കമാനത്തില്‍ നവീകരണപ്രവൃത്തികള്‍ തുടങ്ങി. ദുര്‍ബലമായ ഭാഗങ്ങള്‍ പൂശി ബലപ്പെടുത്തി, നിറംമങ്ങിയ ഭാഗം ചായംപൂശി. ഒടുവില്‍ വൈദ്യുതീകരിക്കുകകൂടി ചെയ്യുന്നതോടെയാകും നവീകരണം പൂര്‍ത്തിയാകുക.

To advertise here,

ഏറ്റവുമൊടുവില്‍ 2014-ലാണ് സമഗ്രമായ നവീകരണം കമാനത്തില്‍ നടന്നത്. സമീപകാലത്ത് പെയിന്റിങ് നടത്തിയെങ്കിലും മോടി ഏറെനാള്‍ നീണ്ടില്ല. തങ്കശ്ശേരി ആര്‍ച്ച് എന്ന് ഇംഗ്ലീഷിലെഴുതിയതുപോലും ഇപ്പോള്‍ മാഞ്ഞുപോയിരിക്കുന്നു. പ്രൗഢി മങ്ങി സിനിമാ പോസ്റ്ററുകളും പരസ്യങ്ങളും ഒട്ടിക്കാനൊരിടം എന്ന സ്ഥാനമായിരുന്നു ഏറെനാളായി കമാനത്തിന്. ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നതോടെ വള്ളിപ്പടര്‍പ്പുകളും കയറി. 

2023 നവംബറില്‍ കമാനത്തില്‍നിന്ന് വലിയ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണിരുന്നു. ഇതിനിടെ പേരിന് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ചരിത്രസ്മാരകത്തിന്റെ സ്ഥിതി ദയനീയമായിത്തുടര്‍ന്നു. ഇപ്പോള്‍ പഴക്കവും പ്രാധാന്യവും പരിഗണിച്ച് ഏറെ ശ്രദ്ധയോടെയാണ് പണികള്‍ നടക്കുന്നതെന്ന് തങ്കശേരി കൗണ്‍സിലര്‍ ജെ. സ്റ്റാന്‍ലി പറയുന്നു. ചെറിയ അലങ്കാരങ്ങള്‍പോലും അതേപടി നിലനിര്‍ത്താന്‍ ശ്രമിക്കും. സ്‌കൂള്‍ ബസുകളുള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളാണ് കമാനം വഴി കടന്നുപോകുന്നത്.

അതുകൊണ്ടുതന്നെ റോഡ് അടച്ചുള്ള നവീകരണം വെല്ലുവിളിയാകും. അതിനാലാണ് ഓണം അവധികൂടി കണക്കിലെടുത്ത് നവീകരണത്തിന് സമയം നിശ്ചയിച്ചതെന്നും സ്റ്റാന്‍ലി പറഞ്ഞു.1939-ല്‍ ബ്രിട്ടീഷുകാരാണ് തങ്കശ്ശേരി കമാനം നിര്‍മിച്ചത്. പ്രത്യേക പ്രവിശ്യയായി നിശ്ചയിച്ച തങ്കശ്ശേരിയിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുകകൂടി ലക്ഷ്യമിട്ടായിരുന്നു കമാനത്തിന്റെ നിര്‍മാണം.