ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യാനാ​ഗ്രഹിക്കുന്ന സഞ്ചാരികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഇടങ്ങളിലൊന്നാണ് ബാലി. വിനോദസഞ്ചാരികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത് എന്നതുകൂടിയാണ് ഇതിനുള്ള കാരണം. ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപുകൂടിയായ ബാലി സന്ദർശിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകളായ നടി സുഹാന ഖാൻ. ബാലി സന്ദർശനത്തിന്റെ ചിത്രങ്ങളും അവർ പങ്കുവെച്ചു.

To advertise here,

ബ്രൗൺ ഔട്ട്ഫിറ്റ് ധരിച്ചുനിൽക്കുന്ന സുഹാനയെയാണ് ആദ്യ രണ്ടുചിത്രങ്ങളിൽ കാണാനാവുക. വെള്ളച്ചാട്ടത്തിന്റെ വീഡിയോയും കടലിലേക്ക് നോക്കിനിൽക്കുന്ന പാവകളുടേയും ചിത്രങ്ങൾ സുഹാന പോസ്റ്റ് ചെയ്തിരിക്കുന്നവയിൽപ്പെടുന്നു. 

42 ലക്ഷത്തിലേറെയാണ് ബാലിയിലെ ജനസംഖ്യ. മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡൊനീഷ്യയില്‍ ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. പരമ്പരാ​ഗതമായി കാർഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെങ്കിലും ഇന്നീ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് വിനോദസഞ്ചാരം തന്നെയാണ്. അത്രമേൽ പ്രാധാന്യം വിനോദസഞ്ചാര മേഖലയ്ക്ക് അവർ നൽകുന്നുണ്ട്. എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കുന്നു. എല്ലാതരക്കാര്‍ക്കും താങ്ങാവുന്ന നിരക്കുകളുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്. വിനോദസഞ്ചാരികളോട് സൗമനസ്യവും സഹാനുഭൂതിയും ബഹുമാനവും പ്രകടിപ്പിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കുന്നു. 

ഏതാണ്ട് കേരളത്തോട് ഇണങ്ങുന്ന മട്ടിലാണ് ഭൂപ്രകൃതി. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലര്‍ത്തുന്നവരാണ് ബാലിക്കാര്‍. എവിടെ തിരിഞ്ഞാലും ഹരിതാഭ. ചെറിയ കടകള്‍ക്കുമുന്നില്‍ പോലും കൊച്ചുപൂന്തോപ്പ് കാണാം. പൂച്ചെടികള്‍ വളര്‍ത്തുന്ന നഴ്‌സറി ബാലിയില്‍ വലിയ ബിസിനസ് തന്നെയാണ്.

placeholder
ബാലിയിലെ പ്രശസ്തമായ പുര ഉലൂൻ ദാനു ബേർതാൻ ക്ഷേത്രം | ഫോട്ടോ: ഷബീൻ അസീസ്‌\ മാതൃഭൂമി

ബാലി യാത്രയില്‍ കണ്ടിരിക്കേണ്ട 10 പ്രധാനകേന്ദ്രങ്ങള്‍

  1. കുട്ട ബീച്ച്: ബാലിയിലെ ഏറ്റവും പ്രശസ്തമായ കടലോര വിനോദസഞ്ചാര കേന്ദ്രം. അസ്തമയവേള കണ്ണഞ്ചിപ്പിക്കുന്നത്. രാത്രിവിരുന്നിന് പ്രശസ്തം 
  2. ടാനാ ലോട്ട്: ബാലിയുടെ പ്രതീകമെന്ന് വിശേഷണമുള്ള പൗരാണിക ക്ഷേത്രം. കടലില്‍ രൂപപ്പെട്ട പാറക്കെട്ടിനു മുകളിലാണ് ആരാധനാലയം
  3. ഉബൂദ്: ബാലിയിലെ പ്രധാനകൃഷിയിടങ്ങളിലൊന്ന്. വിശാലമായ വയല്‍പ്പരപ്പുകളും തോട്ടങ്ങളും നിറഞ്ഞ പ്രകൃതിസുന്ദരമായ മേഖല.
  4. കോപ്പി ലുവാക് പ്ലാന്റേഷന്‍: വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു തീറ്റിച്ച്, കാഷ്ഠത്തില്‍നിന്ന് ശേഖരിക്കുന്ന കാപ്പിക്കുരു സംസ്‌കരിച്ചെടുത്ത് നിര്‍മിക്കുന്ന കാപ്പിയാണ് കോപ്പി ലുവാക്. പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്ന ഈ കാപ്പിക്ക് പൊന്നുംവിലയാണ്. ഈ കാപ്പി നിര്‍മിക്കുന്ന തോട്ടങ്ങള്‍ വിനോദസഞ്ചാരികളുടെ പതിവുസന്ദര്‍ശനകേന്ദ്രം.
  5. സെകുംപുള്‍ വെള്ളച്ചാട്ടം: കാടിന് നടുവിലൊരു വെള്ളച്ചാട്ടം. വന്യഭംഗിക്കൊപ്പം കുത്തിയൊഴുകിയെത്തുന്ന അരുവിയുടെ കണ്‍കവരുന്ന കാഴ്ചയും. ട്രെക്കിങ് പ്രിയര്‍ക്ക് അനുയോജ്യം
  6. മൗണ്ട് ബാടുര്‍: ബാലിയിലെ സജീവമായ അഗ്നിപര്‍വതം. പശ്ചാത്തലമായി നാടകീയമായ ഭൂപ്രകൃതിയും
  7. ഉലുവത്ത് ടെംപിള്‍: കുന്നിന്‍മുകളിലെ ചുണ്ണാമ്പുപാറയിലൊരു ക്ഷേത്രം. മറുഭാഗത്ത് കടലും. അവിസ്മരണീയ കാഴ്ച.
  8. അഗുംഗ് റായ് മ്യൂസിയം ഓഫ് ആര്‍ട്ട്: ബാലിയുടെ സാംസ്‌കാരിക, കലാപാരമ്പര്യം അവതരിപ്പിക്കുന്ന കാഴ്ചബംഗ്ലാവ്
  9. സേക്രഡ് മങ്കി ഫോറസ്റ്റ്: വിവിധ ജനുസ്സുകളില്‍പ്പെട്ട കുരങ്ങന്മാര്‍ അധിവസിക്കുന്ന കേന്ദ്രം. കടന്നാക്രമണത്തിന് ഇരയായിട്ടില്ലാത്ത മഴക്കാടിന്റെ ഭംഗിയും പ്രധാനം.
  10. തീര്‍ഥഗംഗ വാട്ടര്‍ പാലസ്: ബാലിയിലെ പഴയ രാജകൊട്ടാരങ്ങളിലൊന്ന്. കുളങ്ങളും ജലധാരകളും ശില്പങ്ങളും നിറഞ്ഞ സമുച്ചയം.