ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് സിക്കിം. എന്നാല്‍ പ്രകൃതിഭംഗികൊണ്ട് രാജ്യത്ത് മുന്നില്‍ തന്നെയാണ് സിക്കിം. ഈ വര്‍ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുണ്ടായ സഞ്ചാരി പ്രവാഹം സിക്കിമിലേക്കുമുണ്ടായി. 2024 ആദ്യപാദത്തില്‍ മാത്രം 290,401 സഞ്ചാരികളാണ് സിക്കിമിലെത്തിയത്. ഇതില്‍ 256,537 പേര്‍ ആഭ്യന്തര സഞ്ചാരികളും 30,864 പേര്‍ വിദേശികളുമാണ്.
സംസ്ഥാന ടൂറിസം വകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ സംസ്ഥാനം വിനോദസഞ്ചാര മേഖലയില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 2023 ഒക്ടോബറിലുണ്ടായ പ്രളയത്തില്‍ സിക്കിമില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 73 പേരെ കാണാതാവുകയും ചെയ്തിരുന്നു. നിലവിലുള്ള ട്രെന്‍ഡ് തുടര്‍ന്നാല്‍ പത്ത് ലക്ഷം സഞ്ചാരികളെന്ന സ്വപ്‌ന നേട്ടം സിക്കിമിന് കയ്യെത്തിപ്പിടിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ജോലി ചെയ്യുന്ന ടൂറിസം മേഖലയ്ക്കുണ്ടായ ഈ ഉണര്‍വ് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Also Read

ഓരോ ഇടത്തും വ്യത്യസ്തമായ സഞ്ചാരാനുഭവങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു സിക്കിമിനെ വ്യത്യസ്തമാക്കുന്നത്. തലസ്ഥാനമായ ഗാങ്‌ടോക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അതിമനോഹരമാണ്. ബുദ്ധാശ്രമങ്ങളും പര്‍വതങ്ങളും താഴ്വരകളും തടാകങ്ങളും തുടങ്ങി സിക്കിമില കാഴ്ചകള്‍ അനന്തമാണ്. ഇന്ത്യയിലെ ഏറ്റവും ശുചിത്വപൂര്‍ണമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിക്കിമിന്റെ സ്ഥാനം. പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യത്തെ ഓര്‍ഗാനിക് സംസ്ഥാനമായി സിക്കിം മാറിയത് സമീപകാലത്താണ്. വലിയൊരു ശതമാനം ജൈവകൃഷിരീതികളും സുസ്ഥിരമായ ജീവിതരീതികളും സ്വീകരിച്ചുകൊണ്ടാണ് ഈ കുഞ്ഞന്‍ സംസ്ഥാനം രാജ്യത്തിന് അത്ഭുതമായി മാറിയത്. ഹിമാലയത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയിലും കാലവസ്ഥയിലുമായതിനാല്‍ സിക്കിം യാത്ര മറക്കാനാകാത്ത അനൂഭൂതിയായിരിക്കും ഓരോ സഞ്ചാരിക്കും സമ്മാനിക്കുക.
കാണേണ്ട സ്ഥലങ്ങള്‍
1. ഗാങ്‌ടോക്
സിക്കിമിലെ തലസ്ഥാനമായ ഗാങ്‌ടോക് സംസ്ഥാനത്ത ഏറ്റവും വലിയ പട്ടണമാണ്. കിഴക്കന്‍ ഹിമാലയനിരയില്‍ ശിവാലിക് പര്‍വതത്തിന് മുകളില്‍ സമുദ്രനിരപ്പില്‍നിന്ന് 1676 മീറ്റര്‍ ഉയരത്തിലായാണ് ഗാങ്‌ടോക്കിന്റെ സ്ഥാനം. പ്രമുഖ ബുദ്ധമത തീര്‍ഥാടനകേന്ദ്രം കൂടിയാണിത്. 1840-ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എന്‍ചെ മൊണാസ്ടി, നാഥുലാ പാസ്, നാംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദുല്‍ ചോര്‍ട്ടെന്‍, ഗണേഷ് തോക്, ഹനുമാന്‍ തോക്, വൈറ്റ് വാള്‍, റിഡ്ജ് ഗാര്‍ഡന്‍, ഹിമാലയന്‍ സൂ പാര്‍ക്ക്, എം.ജി. മാര്‍ഗ്, ലാല്‍ ബസാര്‍, റൂംതെക് മൊണാസ്ട്രി എന്നിവയാണ് ഗാംങ്‌ടോക്കിലും പരിസരത്തുമുള്ള കാഴ്ചകള്‍.

2. പെല്ലിങ്
പടിഞ്ഞാറല്‍ സിക്കിമിലെ പെല്ലിങ് ഗാങ്‌ടോക്ക് കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. സമുദ്രനിരപ്പില്‍നിന്ന് 2150 മീറ്റര്‍ ഉയരത്തി ലാണിത്. സമ്പന്നമായ ബുദ്ധമത പൈതൃകവും ചരിത്രവുമാണ് ഈ ചെറുഗ്രാമം സഞ്ചാരികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ളത്. പമയാംഗ്റ്റ്‌സേ- സംഗചോലിങ് ബുദ്ധവിഹാരങ്ങള്‍, സിങ്കോര്‍ ബ്രിഡ്ജ്, ചാംഗെ വെളളച്ചാട്ടം, കെച്ചുപരി തടാകം തുടങ്ങിയവയാണ് മറ്റു ആകര്‍ഷണകേന്ദ്രങ്ങള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാഞ്ചന്‍ജംഗ ഉത്സവമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം.
3. കാഞ്ചന്‍ജംഗ നാഷണല്‍ പാര്‍ക്ക്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചന്‍ജംഗ. വടക്കന്‍ സിക്കിമിലാണ് കാഞ്ചന്‍ജംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ പ്രദേശമാണിത്.
4. ലാചെന്‍
നോര്‍ത്ത് സിക്കിമിലെ പ്രശാന്തസുന്ദരമായ കൊച്ചുപട്ടണം. 'വലിയ ചുരം' എന്നാണ് സ്ഥല നാമത്തിന്റെ ഭാഷാര്‍ഥം. ഗാങ് ടോക്കില്‍ നിന്ന് 129 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍നിന്ന് 2750 മീറ്ററിന്റെ ഉത്തുംഗതയിലാണ് ലാ ചെന്‍ പട്ടണം സ്ഥിതിചെയ്യുന്നത്. ഗുരുടോങ്മര്‍ തടാകവും ചോപ് താഴ്വരയും ഈ പ്രദേശത്തിന് അലങ്കാരമായ് വിലയിക്കുന്നു.

5. ഗുരുഡോങ്മാര്‍ ലേക്ക്
സമുദ്രനിരപ്പില്‍ നിന്ന് 17,100 അടി ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നാല്‍ കാഞ്ചന്‍ജംഗ, സിനി യോര്‍ചു എന്നീ കൊടുമുടികളുടെ മനോഹരദൃശ്യം കാണാം.
6. യംതാങ് വാലി
പൂക്കളുടെ താഴ് വര എന്നാണ് യംതാങ് അറിയപ്പെടുന്നത്. വസന്തകാലത്ത് ഇവിടം പൂക്കളാല്‍ നിറഞ്ഞ് മനോഹരമായി കാണപ്പെടും. പ്രിമുല, റോഡോഡെന്‍ഡാന്‍സ് പുഷ്പങ്ങ ളാണ് ഏറിയ പങ്കും. ഷിങ്ബ് റോഡോഡെന്‍ഡാണ്‍ വന്യജീ വിസങ്കേതം ഇരുപത്തിനാലിനം റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ വിരിയുന്ന സ്ഥലമാണ്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവ പുഷ്പിക്കുന്നത്. ഗാങ്‌ടോക്കില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ, വടക്കന്‍ സിക്കിം ജില്ലയിലാണ് യംതാങ് താഴ് വര സ്ഥിതിചെയ്യുന്നത്.
7. ചൊലാമു ലേക്ക്
സമുദ്രനിരപ്പില്‍നിന്ന് 18000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചൊലാമു ലേക്ക് ഈ സവിശേഷതകൊണ്ട് ഇന്ത്യയില്‍ ഒന്നാമതും ലോകത്തില്‍ പതിന്നാലാം സ്ഥാനത്തുമാണ്. ടിബറ്റ് അതിര്‍ത്തിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയായുള്ള ചൊലാമുവിലേക്കുള്ള യാത്ര സാഹസികമാണ്.
Content Highlights: Sikkim witnesses record tourist influx
Published: 01 May 2024, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented