നടന്‍ പ്രണവ് മോഹന്‍ലാലിന്റെ യാത്രാ ഭ്രമം പ്രശസ്തമാണ്. സിനിമ തിരക്കുകളില്‍ നിന്ന് മാറി ആഡംബരങ്ങളൊന്നുമില്ലാതെ ഒരു സാധാരണ യാത്രികനായി ഇന്ത്യ കറങ്ങലാണ് പ്രണവിന് ഏറ്റവും പ്രിയം. ഏറ്റവും പുതിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ പ്രണവ് മേഘാലയിലായിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ പ്രണവ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മേഘാലയയില്‍ പ്രശസ്തമായ ലിവിങ് റൂട്ട് ബ്രിഡ്ജിന്റെ ചിത്രങ്ങളും പ്രണവ് പങ്കുവെച്ചു.
ജീവനുള്ള വേര് പാലങ്ങള്‍
Also Read
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘായയിലെ ചിറാപുഞ്ചിയിലും സമീപപ്രദേശങ്ങളിലുമാണ് ഈ വിസ്മയക്കാഴ്ചയുള്ളത്. ഈ പാലങ്ങള്‍ യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 1844ല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ ഒരു ജേണലില്‍ പ്രസിദ്ധീകരിക്കുന്നതുവരെ ലോകത്തിന് മുമ്പില്‍ മറഞ്ഞിരിക്കുകയായിരുന്നു ഈ വിസ്മയം. നദികള്‍ക്കു കുറുകെ ജീവനുള്ള മരവേരുകളില്‍ മനുഷ്യര്‍ തീര്‍ത്ത ഈ പാലങ്ങള്‍ പ്രകൃതിയെ മനുഷ്യജീവിതവുമായി കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്ന ഒരു സമൂഹത്തിന്റെ ചിന്തയുടെയും അധ്വാനത്തിന്റെയും പ്രതീകം കൂടിയാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ വേരുപാലങ്ങള്‍ക്ക്. ഈ പ്രദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തന്നെയാവണം അവരെ ഇങ്ങനെയൊരു പാലമെന്ന ചിന്തയിലേക്ക് എത്തിച്ചത്. റബ്ബര്‍ ഫിഗ് (ഫിക്കസ് ഇലാസ്റ്റിക്ക) എന്നറിയപ്പെടുന്ന പടുകൂറ്റന്‍ ശീമയാലുകളാണ് പാലത്തിനായി ഉപയോഗിക്കുന്നത്. ശക്തവും കയര്‍ പോലെയുള്ളതുമായ വേരുകളുള്ള ഈ മരം മേഘാലയയില്‍ ധാരാളമായി കണ്ടുവരാറുണ്ട്. മരത്തിന്റെ വേരുകള്‍ ശാഖകളില്‍നിന്ന് താഴോട്ട് വീണുകിടക്കും. ഈ വേരുകള്‍ ചേര്‍ത്തുവെച്ചാണ് പാലം പണിയുന്നത്.
വേരുകള്‍ പൊള്ളയായ കമുകിന്‍ തടിയ്ക്കുള്ളിലൂടെ, അല്ലെങ്കില്‍ മുളന്തണ്ടില്‍ ഉറപ്പിച്ചുകെട്ടി മറുകരയിലേക്ക് കടത്തി വിടും. വേരുകള്‍ പടര്‍ന്ന് വേറെ വഴിക്ക് പോവാതെ കൃത്യമായി അപ്പുറത്ത് എത്തുവാനാണ് ഇങ്ങനെ ചെയ്യുന്നത്. വര്‍ഷങ്ങള്‍കൊണ്ട് വലുതായി അക്കരെയെത്തുമ്പോള്‍ ഇതിനെ മണ്ണിലേക്കിറക്കും. ആവശ്യത്തിനു വേരുകളും കരുത്തും ആയിക്കഴിഞ്ഞാല്‍ ഇതിന്റെ മുകളില്‍ കല്ലോ തടികളോ പാകി പാലമാക്കും. നദിയുടെ ഇരുകരയിലുമുള്ള മരങ്ങളുടെ വേരുകള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് അനേക വര്‍ഷങ്ങളെടുത്താണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്.
180 വര്‍ഷം വരെ പ്രായമുള്ളവയാണ് ഈ ജീവനുള്ള വേര് പാലങ്ങള്‍. പൂര്‍ണമായി വളര്‍ന്നുകഴിഞ്ഞാല്‍ ഇവയുടെ വേരുകള്‍ 500 വര്‍ഷത്തോളം നിലനില്‍ക്കും. വേരുകള്‍ക്ക് 100 അടിയിലധികം നീളം ഉണ്ടാവുന്നതാണ് പാലം പണിക്ക സഹായകമാകുന്നത്. ശക്തമായ റബ്ബര്‍ വടങ്ങളാലാണ് പാലം യോജിപ്പിച്ചിരിക്കുന്നത്. 50 പേരുടെ ഭാരംവരെ താങ്ങാന്‍ ശേഷിയുള്ളതാണ് ഈ വേരുപാലം. ഒരുപാലം ഉപയോഗ് യോഗ്യമാക്കി നിര്‍മിച്ചെടുക്കാന്‍ ഏതാണ്ട് 10-15 വര്‍ഷമെങ്കിലും വേണം. ഇപ്പോഴുള്ള പാലങ്ങളെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. തലമുറകളിലൂടെ വളരുന്ന പാലങ്ങളാണിവ.
ഖാസി ഗോത്രക്കാരാണ് പാലത്തിനു പിന്നിലെ വിദഗ്ധര്‍. ആസാമിലെയും മേഘാലയയിലെയും ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിലെയും ആദിമനിവാസികളാണ് ഖാസികള്‍. മേഘാലയയുടെ കിഴക്കന്‍ ഭാഗത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും ഖാസി ജനതയാണ്. ജെയിന്‍ഷ്യ വിഭാഗത്തിലുള്ള ഗോത്രക്കാരും ഇവിടെയുണ്ട്. മിക്കപ്പോഴും മഴപെയ്യുകയും നനഞ്ഞുകിടക്കുകയും വെള്ളം പൊങ്ങുകയും ചെയ്യുന്ന പ്രദേശമാണിത്. മണ്‍സൂണ്‍ മഴക്കാലത്ത്, ഗ്രാമങ്ങള്‍ക്കിടയിലുള്ള കാല്‍നട പാതകളെ കുത്തൊഴുക്കുകള്‍ കൊണ്ടുപോകും. ഇവിടത്തെ പുഴകളുടെയും അരുവികളുടെയും ഘടന വഞ്ചികള്‍ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണ്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുത്തിയൊലിക്കുന്ന നദിക്ക് അപ്പുറം കടക്കണമെങ്കില്‍ വേരുപാലം പോലെയുള്ള വിദ്യകള്‍ ഇവിടെ ആവശ്യമാണ്.
നദിയുടെ ഒഴുക്ക് കാരണം ചുറ്റുമുള്ള പാറകളില്‍ ഈ മരത്തിന്റെ ചില വേരുകള്‍ പിടിമുറുക്കുന്നത് പ്രകൃതിയുടെ രീതിയാണ്. ഇത് നിരീക്ഷിച്ചതിലൂടെയാവാം ഖാസി വിഭാഗക്കാര്‍ക്ക് വേരുപാലം എന്ന ആശയം വന്നത്. ഈ വേരുകള്‍ മരത്തെ സംരക്ഷിക്കുകയും അടിത്തറയിലേക്ക് ആഴ്ന്നിറങ്ങി പിടിയുറപ്പിക്കുകയും ചെയ്യുന്നു.
Content Highlights: pranav mohanlal explores meghalaya living root bridges
Published: 04 May 2024, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented