തെന്മല: കിഴക്കന്‍ മേഖലയിലെത്തുന്ന സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പാക്കേജുകള്‍ ഉഷാറാക്കി ശെന്തുരുണി ഇക്കോടൂറിസം. സഞ്ചാരികളുടെ വര്‍ധനയെത്തുടര്‍ന്ന് കര്‍ണാടകത്തിലെ ഹൊഗനക്കലില്‍നിന്ന് ആറു പുതിയ കുട്ടവഞ്ചികള്‍ കഴിഞ്ഞദിവസമെത്തിച്ചു. അവധിദിവസങ്ങളില്‍ കുട്ടവഞ്ചിക്കുമാത്രം 10,000 രൂപയോളം വരുമാനമുണ്ട്.

To advertise here,

കൂടാതെ കളംകുന്നിനോടു ചേര്‍ന്നുള്ള ദ്വീപില്‍ മുമ്പ് നിര്‍മിച്ച മുളകൊണ്ടുള്ള താമസസ്ഥലം വിപുലീകരിക്കാനുള്ള തീരുമാനവുമുണ്ട്. ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പരപ്പാറില്‍ ജലനിരപ്പു കുറയുന്ന വേനല്‍സമയത്തും സഞ്ചാരികളെ എത്തിക്കാനാണ് ശ്രമം.

വെള്ളമുയരുമ്പോള്‍ ബോട്ടുകളിലാണ് ഇവിടേക്ക് സഞ്ചാരികളെ എത്തിക്കാറുള്ളത്. ഈ ദ്വീപില്‍നിന്ന് നോക്കിയാല്‍ അണക്കെട്ടും വൃഷ്ടിപ്രദേശവും നന്നായി ആസ്വദിക്കാം. കൂടാതെ കാട്ടാന, കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ കാഴ്ചകളും.

നിലവില്‍ പരപ്പാറിലൂടെ കിലോമീറ്ററുകള്‍ ബോട്ടിലൂടെ യാത്രചെയ്ത് എത്താന്‍കഴിയുന്ന വനത്തിനുള്ളിലെ താമസസ്ഥലമായ ഇടിമുഴങ്ങാന്‍ പാക്കേജിനും ആവശ്യക്കാരേറെയാണ്. അതേസമയം പരപ്പാറില്‍ ജലനിരപ്പു കുത്തനെ കുറഞ്ഞ് മൊട്ടക്കുന്നുകള്‍ തെളിഞ്ഞത് ആസ്വദിക്കാനും സഞ്ചാരികളെത്തുന്നുണ്ട്.

മഴകുറഞ്ഞതിനൊപ്പം രണ്ടു ജനറേറ്ററുകളില്‍ വൈദ്യുതോത്പാദനം നടക്കുന്നതോടെ കഴിഞ്ഞവര്‍ഷം ഇതേസമയം 100 മീറ്ററിന് പുറത്തായിരുന്ന ജലനിരപ്പ് കഴിഞ്ഞദിവസം 94 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്.