രാജസ്ഥാനിലെ മൗണ്ട് അബുവും ഉദയ്പൂരും കുമ്പല്‍ഗഡും പാലിയും ജോധ്പൂരും ഒക്കെ കറങ്ങിയാണ് മരുഭൂനഗരമായ ജെയ്സാല്‍മീറില്‍ എത്തുന്നത്. ഡിസംബര്‍ മാസം ആരംഭിച്ചതിനാല്‍ ഉദയ്പൂര്‍ എത്തിയപ്പോള്‍ തന്നെ തണുത്ത് വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. രാജസ്ഥാന്‍ എന്നാല്‍ മരുഭൂമി മാത്രമാണ് എന്നായിരുന്നു ധാരണ. എന്നാല്‍, ഉദയ്പൂരും ഇവിടുത്തെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും തടാകങ്ങളും ഒക്കെ കണ്ടപ്പോള്‍ സംശയമായി ഇതെന്താ ഇങ്ങനെ? എവിടെ മരുഭൂമി? അങ്ങനെ അവിടെ വെച്ച് ആ സത്യം മനസ്സിലാക്കി. രാജസ്ഥാന്‍ എന്നാല്‍ മരുഭൂമി മാത്രമല്ല, കാടുകളും തരിശുനിലങ്ങളും വരണ്ടയിടങ്ങളും ഒക്കെ കൂടി ചേര്‍ന്നതാണെന്ന്.

To advertise here,

നട്ടപ്പാതിരയ്ക്കാണ് സ്വര്‍ണ്ണനഗരി എന്ന് വിളിക്കുന്ന ജെയ്സാല്‍മീറില്‍ എത്തുന്നത്. ജോധ്പൂരില്‍നിന്ന് പോഖ്റാന്‍ വഴിയുള്ള ഏതൊക്കെയോ വിജനമായ വഴികളിലൂടെ സഞ്ചരിച്ചാണ് ഥാര്‍ മരുഭൂമിയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ നഗരത്തില്‍ എത്തിപ്പെട്ടത്. ഈ ബസ് യാത്രയും ഗംഭീരമായിരുന്നു. മൊത്തതിലുള്ള കുലുങ്ങിയുള്ള യാത്ര മടുപ്പിച്ചെങ്കിലും കാഴ്ചകള്‍ രസിപ്പിച്ചിരുന്നു. ഇരുട്ട് പരക്കുന്നതുവരെയും പുറത്തുള്ള കാഴ്ചകള്‍ ആസ്വദിച്ചായിരുന്നു യാത്ര. നല്ല തണുപ്പുമുണ്ടായിരുന്നു. ഏതോ പുരാതന കാലത്തേക്ക് പോവുകയാണോ എന്ന് തോന്നിപ്പോയി. ചെറു പാറമലകള്‍ക്ക് മുകളിലുള്ള പുരാതന വാസ്തുശൈലിയിലുള്ള കെട്ടിടങ്ങള്‍ കണ്ടാല്‍ ദുരൂഹതകള്‍ ചുറ്റിപിണഞ്ഞു കിടക്കുന്ന പ്രേതഭവനങ്ങള്‍ പോലെയാണ്.

ഇത്തരം പല  കെട്ടിടങ്ങളും രാജസ്ഥാനിലെ യാത്രകള്‍ക്കിടയില്‍ കണ്ടിരുന്നു. ഇന്നും മനസ്സിലുള്ള ഒരു ദൃശ്യമുണ്ട്, ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ വിദൂരതയില്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ ഒറ്റയ്ക്ക് ഒരു കെട്ടിടം നില്‍ക്കുന്നു. പഴയ വാസ്തുശൈലിയിലുള്ള ആ കെട്ടിടം നാശോന്മുഖമായി തുടങ്ങിയിരുന്നു. സന്ധ്യാസമയം ആയതിനാല്‍ ആ കെട്ടിടം പൂര്‍ണ്ണമായും കാഴ്ചയില്‍ കിട്ടിയിരുന്നില്ല. പക്ഷെ ആ കെട്ടിടത്തിന്റെ കവാടത്തില്‍ ഒരു ദീപം തെളിഞ്ഞ് നില്‍ക്കുന്നത് വ്യക്തതയോടെ കണ്ടു. പരമാവധി ഇരുപ്പത് സെക്കന്‍ഡില്‍ മാത്രം കണ്ട ആ ദൃശ്യത്തില്‍ അലിഞ്ഞ് സ്വയം തീര്‍ത്ത സങ്കല്‍പ്പ കഥകളിലേക്ക് മയങ്ങിപ്പോയതിനാല്‍ ആ കെട്ടിടത്തെക്കുറിച്ചോ ആ പ്രദേശത്തെക്കുറിച്ചോ ആരോടും ചോദിക്കാന്‍ സാധിച്ചിരുന്നില്ല. ആ ദൃശ്യത്തിന്റെ ചുവട് പിടിച്ച് എന്നോ അവിടെ താമസിച്ചിരുന്ന ആളുകളെയും അവരുടെ മരണത്തെയും ശേഷമുള്ള പ്രേതകഥകളിലേക്കുമുള്ള സങ്കല്‍പ്പങ്ങള്‍ മനസ്സില്‍ നെയ്തെടുത്തു.

ഭക്ഷണം കഴിക്കാന്‍ ധാബ പോലെയുള്ള ഒരു ചെറിയ കടയുടെ മുന്നില്‍ നിര്‍ത്തിയപ്പോഴാണ് സങ്കല്‍പ്പ ലോകത്തില്‍നിന്ന് ഇറങ്ങിവന്നത്. തണുപ്പ് വല്ലാതെ കൂടിയിട്ടുണ്ട്. കണക്ക് കൂട്ടിയത് പ്രകാരം പരമാവധി രാത്രി പതിനൊന്ന് മണിക്ക് മുമ്പ് തന്നെ ജെയ്സാല്‍മീറില്‍ എത്തേണ്ടതാണ്. പക്ഷെ, ബസ്  ഗ്രാമങ്ങളിലൂടെ ഒക്കെയാണ് കടന്നുപോകുന്നത്. ഒരിടത്ത് നിര്‍ത്തിയാല്‍ പിന്നെ അരമുക്കാല്‍ മണിക്കൂര്‍ അവിടെ തന്നെയങ്ങ് കിടക്കും. അതു കണ്ടപ്പോള്‍ തന്നെ മനസ്സിലായി ഇനിയിപ്പോ ഉദ്ദേശിച്ച സമയത്ത് എത്തില്ലയെന്നത്. തെളിച്ച വഴി പോയില്ലെങ്കില്‍ പോയ വഴി തെളിക്കാം എന്ന് കരുതി വിജനമായ ഇരുട്ടുനിറഞ്ഞ ആ പ്രദേശത്തേക്ക് വെറുതെ നോക്കി യാത്ര തുടര്‍ന്നു. എപ്പോഴോ കണ്ടക്ടര്‍ വന്ന് വിളിച്ചപ്പോഴാണ് ഉറങ്ങിപ്പോയിരുന്നുവെന്ന് മനസ്സിലായത്. ചാടിയിറങ്ങിയപ്പോള്‍ തന്നെ ബസ് വിട്ടു പോയി. സമയം എതാണ്ട് പാതിരാത്രി ഒരുമണിയോട് അടുത്തായിരുന്നു.

റെയില്‍വെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമിലോ അല്ലെങ്കില്‍ പുറത്ത് ടിക്കറ്റ് കൗണ്ടറുകളോട് ചേര്‍ന്ന് നിലത്തോ ബസ് സ്റ്റാന്‍ഡിലോ ബസ് സ്റ്റോപ്പുകളിലോ ഒക്കെയായിരുന്നു പൈസ ലാഭിക്കാനായിരുന്നു ഉറങ്ങിയിരുന്നത്. ഇവിടെ വന്നപ്പോ സീന്‍ മാറി. ബസുകാര്‍ ഇറക്കിവിട്ടത് ഏതോ റോഡ് സ്റ്റോപ്പിലായിരുന്നു. (പിറ്റേന്ന് മനസിലായി ബസ് സ്റ്റാന്‍ഡ് തൊട്ടടുത്ത് തന്നെയായിരുന്നുവെന്ന്) കടത്തിണ്ണയെങ്കിലും കാണുമോ എന്ന് നോക്കി ചുറ്റിനും നോക്കിയിട്ട് ഒന്നും മനസ്സിലായില്ല. കട്ട ഇരുട്ടും കൊടും തണുപ്പും, കുത്തിക്കൊള്ളുന്ന കാറ്റും കൂടി ആയപ്പോ കിടുങ്ങിപ്പോയി. വിരി വയ്ക്കാന്‍ ഒരു ഇടം നോക്കി ഒന്ന് വട്ടം ചുറ്റി.. ടെന്റ് വെയ്ക്കാനുള്ള ഒരു സ്ഥലവും കാണുന്നില്ല. ജാക്കറ്റ് ഇട്ടിട്ടും തണുപ്പില്‍നിന്ന് രക്ഷപ്പെടാനായില്ല. ഇനി ഇത് ജെയ്സാല്‍മീര്‍ അല്ലേ? മരുഭൂമി പ്രദേശത്ത് ഇത്രയും തണുപ്പ് ഉണ്ടാകുമോ എന്നൊക്കെയായി സംശയം.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വേറെ ഒരു ബസ് അവിടെ എത്തി. അതില്‍ നിറയെ ആള്‍ക്കാരുണ്ടായിരുന്നു. അതില്‍നിന്ന് കുറെയാളുകള്‍ ഈ സ്റ്റോപ്പില്‍ ഇറങ്ങിയത് കണ്ടപ്പോള്‍ ആശ്വാസമായി. അവരോട് അന്വേഷിച്ചപ്പോള്‍ ജെയ്സാല്‍മീര്‍ തന്നെയാണിത്, പ്രധാന സ്റ്റോപ്പ് കുറച്ച് മാറിയാണ്, അധിക ദൂരമില്ലെന്നു പറഞ്ഞു തന്നു. അപ്പോഴേക്കും ഈ ബസിന്റെ സമയം കണക്കാക്കിയാണെന്ന് തോന്നുന്നു മൂന്നാലു ജീപ്പും സുമോയും ഒക്കെ കൂടി വന്നു. അവരില്‍ ചിലര്‍ ഷെയര്‍ ടാക്സി പോലെ ആള്‍ക്കാരെ കയറ്റുന്നു. വേറെ ചിലര്‍ ഹോട്ടലിന്റെ പേരും പറഞ്ഞ് ആളെ പിടിക്കാന്‍ നടക്കുന്നു. അക്കൂട്ടത്തില്‍ ഒരു ചങ്ങായി ഒരു സുമോയും കൊണ്ട് മുമ്പില്‍ വന്നുനിന്നു. ആദ്യം എന്താണ് സംഭവമെന്ന് മനസിലായില്ല. റൂമുണ്ട് താമസിക്കാന്‍, നല്ലയിടമാണെന്ന് ഒക്കെ പുള്ളി കുറെ വാചകം അടിച്ചു. തന്റെ ടൂറിസ്റ്റ് ഹോമിലേക്ക്‌ ആളെ പിടിക്കാന്‍ ഇറങ്ങിയതാണ് കക്ഷി.

സാധാരണഗതിയില്‍ ഇത്തരക്കാര്‍ക്ക് പിടികൊടുക്കാത്തതാണ്. പക്ഷെ, എന്താണെന്ന് അറിയില്ല, ഇവിടെ ഒറ്റ ഡയലോഗ് അടിച്ച് പുള്ളിക്കാരന് പിടികൊടുത്തു. 'ഇന്ത്യ കാണാന്‍ ഇറങ്ങിയതാണ് കൈയില്‍ അധികം പൈസ ഒന്നുമില്ല. നാടുവിട്ടിട്ട് രണ്ടുമൂന്ന് മാസമായി. ചെറിയ സെറ്റപ്പ് വല്ലതുവാണെങ്കില്‍ നോക്കാം. കൂടുതല്‍ പ്രതീക്ഷിക്കണ്ട. ദരിദ്രവാസി സഞ്ചാരി ആണ്.' എന്നൊക്കെ പറഞ്ഞിട്ട് പുള്ളിയുടെ മുഖത്തോട്ട് നോക്കി. പുള്ളി പ്രതീക്ഷ വിടാതെ, ഈ വന്നിരിക്കുന്നത് നല്ല ഇര ആയിരിക്കുമെന്ന് കണ്ട് കുറെ തള്ളും കൂടി നടത്തി നോക്കി. വീണ്ടും അറുത്ത് മുറിച്ച് പറഞ്ഞു, 'നിങ്ങള്‍ക്ക് പറ്റിയ ആളല്ല. ബസ് സ്റ്റോപ്പിലും റെയില്‍വെ സ്റ്റേഷനിലും ഒക്കെ കിടക്കുന്നതാണ് പതിവ്. പിന്നെ വല്ല മണല്‍ക്കാട്ടിലോ റോഡ് സൈഡിലോ ടെന്റു അടിക്കും' എന്ന് പറഞ്ഞ് ബാഗിലെ ടെന്റ് ഒക്കെ കാണിച്ചു. അതോടെ പുള്ളിയുടെ ഉത്സാഹം പോയി. പുള്ളി പുതിയ ആളെ തപ്പി നടന്നു.

നമ്മളാണെങ്കില്‍ അവിടെ ടെന്റ് അടിക്കാനായി പറ്റിയ സെറ്റപ്പ് ഒക്കെ നോക്കി നടന്നു. അവസാനം പുള്ളി അവിടെ ഒക്കെ കറങ്ങിയിട്ട് വീണ്ടും വന്നു, എന്നിട്ട് ചോദിച്ചു, എത്ര രൂപ കാണും കൈയിലെന്ന്? നല്ല പോലെ ചീപ്പ് റേറ്റാണ് മറുപടിയായി പറഞ്ഞത്. പുള്ളി ഓക്കെ പറഞ്ഞു വണ്ടിയില്‍ കയറ്റി എങ്ങോട്ട് ഓടിക്കാന്‍ തുടങ്ങി. പുള്ളി ഇനി നമ്മളെ എവിടേലും കൊണ്ടുപോയി പണി തരാനാണോ എന്ന് സംശയിച്ചു. പേടി ഒന്നും തോന്നിയില്ല, എന്തിനാണ് പേടിക്കുന്നത്? കൈയില്‍ കാശില്ല, വിലപ്പിടിപ്പ് ഉള്ളതും ഒന്നുമില്ല, അയാള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അങ്ങ് ചെയ്യട്ടെ! എന്ന് വിചാരിച്ച്, ഒന്നൂടെ വിസ്തരിച്ച് അങ്ങ് ഇരുന്നു.

ആ സമയത്ത് പുള്ളി, വില കൂടിയ റൂമുകളുടെ ആമ്പിയന്‍സ് പറഞ്ഞ് ഒന്നൂടെ ഒന്ന് വീഴ്ത്താന്‍ നോക്കി. എവിടെ വീഴാന്‍, പറഞ്ഞതില്‍ തന്നെ കട്ടായം നിന്നു. പുള്ളി പിന്നെ പരിചയപ്പെടലായി. കക്ഷി ലോഡ്ജിന്റെ ഉടമ തന്നെയാണ്. പുള്ളി നേരിട്ടാണ് ഡീലിങ് എല്ലാം. ഇടനിലക്കാരരോ ബ്രോക്കര്‍മാരോ ഇല്ല. അവസാനം ലോഡ്ജ് എത്തി തരക്കേടില്ലാത്ത നല്ലൊരു സെറ്റപ്പാണ്. ഏതായാലും ഡീലിങ്ങ് ഒക്കെ നടത്തി റൂമിലേക്ക് കയറാന്‍ പോയി. രണ്ട് മൂന്ന് നില മുകളിലേക്ക് കയറി. പടികള്‍ക്ക് ഒന്നും കൈവരിയില്ല. ഓരോ നിലയിലേക്ക് കയറുമ്പോഴും പഴയ നമ്മുടെ തട്ടിന്‍പുറത്തേക്ക് ഒക്കെ കയറാന്‍ വച്ച ഗോവണി മാതിരിയുള്ള സ്റ്റെയര്‍കേസ് സെറ്റപ്പാണ്, പക്ഷേ കൈവരിയില്ല. മേല്‍തട്ട് ചതുരാകൃതിയില്‍ മുറിച്ചിരിക്കുന്ന മാതിരിയാണ്. പടിക്കെട്ടില്‍ നിന്നെങ്ങാനും ഒന്നു വീണാല്‍ ഒടിഞ്ഞ് പെറുക്കി കിടക്കുന്ന നമ്മളെയാവും പിന്നെ എടുക്കേണ്ടിവരിക.

placeholder
bag
ലേഖകന്റെ ബാക്ക്പാക്ക്

അങ്ങനെ സാഹസികമായി ആ പടി ഒക്കെ ചവിട്ടി റൂമിലെത്തി. ആദ്യം തന്നെ ചെയ്തത് രണ്ടുമൂന്ന് തുണികള്‍ ഉള്ളത് അങ്ങ് നനച്ചിട്ടു. ഈ കട്ട തണുപ്പില്‍ പാതിരാത്രിക്ക് തുണി നനയ്ക്കാന്‍ തലയ്ക്ക് ഓളമുണ്ടായിട്ടല്ല. നല്ല സ്വാതന്ത്ര്യത്തോടെ തുണി നനയ്ക്കാന്‍ ഇടം ഇതുവരെ കിട്ടിയിട്ടില്ല. കാരണം അറിയാല്ലോ, ബസ് സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ ഉള്ള കിടപ്പും അവിടുത്തെ ബാത്ത്റൂം തന്നെ ഉപയോഗിക്കലും ഒക്കെ കാരണം തുണി നനയൊന്നും നടക്കില്ല. പിന്നെ ഈ റൂം 24 മണിക്കൂറത്തേക്ക് കിട്ടി (സാധാരണ വടക്കേന്ത്യയില്‍ പലപ്പോഴും 12-16 മണിക്കൂറെ ഒക്കെ റൂം തരുകയുള്ളു, അതില്‍ കൂടുതല്‍ നിന്നാ അടുത്ത ദിവസത്തെ ചാര്‍ജും കൂടി കൊടുക്കണം. ഇവിടെ എന്തോ 24 മണിക്കൂര്‍ മുഴുവന്‍ കിട്ടി.). തുണി ഒക്കെ നനച്ച് സെറ്റാക്കി, റൂമിനുള്ളിലെ കസേരയിലും ടേബിളിലും ടിവിയുടെ മുകളിലുമൊക്കെയായി വിശാലമായി വിരിച്ചിട്ടപ്പോഴേക്കും കാറ്റാടി മരം വിറയ്ക്കുന്ന പോലെ തണുപ്പില്‍ വിറച്ചു തുടങ്ങി.

എന്നിട്ടും തളരാതെ നല്ല ഒരു കുളിയും പാസ്സാക്കി. ഒടുവില്‍ കട്ടിലില്‍ കയറി കമ്പിളി എടുത്ത് മൂടിയപ്പോഴാണ് സമാധാനമായത്. നാളുകള്‍ക്ക് ശേഷമാണ് ഒന്ന് ധൈര്യമായിട്ട് ഉറങ്ങാന്‍ പോകുന്നത്. പൊതുയിടങ്ങളില്‍ കിടന്നുറങ്ങുമ്പോഴുള്ള പ്രശ്നം ജാഗ്രതയോട് വേണം കിടക്കാന്‍. ബാഗിന്റെ വള്ളി കൈയില്‍ കുറെ കുരുക്കിട്ട് ഷൂസിന്റെ വള്ളി ബാഗില്‍ കെട്ടിയിട്ട് പേഴ്സും മൊബൈലും ഒക്കെ ഉണ്ടെന്ന ബോധത്തോടെയുള്ള ഉറക്കം. എങ്ങനെയാലും അടുത്തൂടെ ആരെങ്കിലും പോയാല്‍ നമ്മള് ഉണരും. അത്രക്ക് ജാഗ്രതയുള്ള ഉറക്കമാണ് (പിന്നീട് യാത്രകളുടെ ഹരത്തില്‍ ആ ജാഗ്രത ഒക്കെ പോയി. ഇനി വേണമെങ്കില്‍ നമ്മളെകൂടി അടിച്ചുകൊണ്ടുപോക്കോട്ടെ എന്ന് കരുതി വെളിവും വെള്ളിയാഴ്ചയുമില്ലാതെ കിടന്നുറങ്ങുന്നത് ശീലമായി). ഏതായാലും എല്ലാ കെട്ടുപാടുകളും ജാഗ്രതകളും ഒക്കെ തല്‍ക്കാലത്തേക്ക് താഴ്ത്തി വച്ച് നല്ലൊരു ഉറക്കം അങ്ങ് പിടിപ്പിച്ചു.

രാവിലെ എഴുന്നേറ്റപ്പോള്‍ ഒന്നു വൈകിയെങ്കിലും അധികം തട്ടി തട്ടി നില്‍ക്കാതെ ഫ്രഷായി പുറത്ത് ചാടി. സമയം പത്ത് മണിയായിട്ടും നല്ല തണുപ്പുണ്ടായിരുന്നു. മരുഭൂമിയാണേ്രത മരുഭൂമി! എന്തായാലും സംഭവം ഇഷ്ടപ്പെട്ടു. കൊടുംചൂട് പ്രതീക്ഷിച്ച് എത്തിയതാണ് ഥാര്‍ മരുഭൂമിയിലേക്ക്, പക്ഷെ കിട്ടിയത് കിടുക്കന്‍ തണുപ്പാണ്. ഈ പ്രദേശം ചെറിയൊരു നഗരമാണ്. അതുക്കൊണ്ട് തണുപ്പ് അല്പം ഒന്നു കുറയും. എന്നാല്‍ യഥാര്‍ത്ഥ മരുഭൂമിയിലേക്ക് എത്തിപ്പെട്ടാല്‍ ഇതിലും തണുപ്പായിരിക്കും. രാത്രിയില്‍ ഒക്കെ അസ്ഥി തുളച്ചു കയറുന്ന തണുപ്പും കാറ്റുമായിരിക്കും ഉണ്ടായിരിക്കുക. തലേന്ന് രാത്രിയില്‍ ടെന്റില്‍ കിടന്നിരുന്നുവെങ്കില്‍ നല്ല പണി കിട്ടിയേനേ. ഏതായാലും മരുഭൂമിയിലെ ആ മഞ്ഞും കൊണ്ട് ഒരു കട്ടന്‍ ചായയും ചപ്പാത്തിയും കഴിച്ച് അടുത്ത ചുറ്റുവട്ടം ഒന്ന് കാണാനിറങ്ങി.

placeholder
 സ്വര്‍ണ നിറമുള്ള ജെയ്‌സാല്‍മീര്‍ കോട്ടയുടെ മതില്‍

ആദ്യം തന്നെ അന്വേഷിച്ചത് ജെയ്സാല്‍മീര്‍ കോട്ട എവിടെയാണെന്നാണ്. ഒന്നുരണ്ട് പേരോട് വഴി ചോദിച്ചപ്പോള്‍ അവര്‍ക്ക് നമ്മള് പറയുന്നത് മനസിലാവുന്നില്ല. അവര് ഏതോ പ്രാദേശിക ഭാഷയില്‍ എന്തൊക്കെയോ പറയുന്നു. അങ്ങനെ പറ്റിയ ഒരാളെ കിട്ടാന്‍ വേണ്ടി ഒന്നു വട്ടത്തിലും നീളത്തിലും ഒന്ന് കണ്ണ് ഓടിച്ചപ്പോള്‍ ഒരു സ്വര്‍ണ നിറമുള്ള ഒരു മതില് കണ്ടു. ഒരു വലിയ മതില്! അപ്പോള്‍ തന്നെ ബള്‍ബ് കത്തി. 'ആരെ ബുദ്ധു! യേ ഹേ സോണാര്‍ ഖില..' എന്ന്. മനസിലായില്ലേ, ഇതുതന്നെയാണെന്ന് ആ സ്വര്‍ണ കോട്ട എന്ന ജയ്‌സാല്‍മീര്‍ കോട്ട. കോട്ടയുടെ ചുവരുകള്‍ക്ക് എന്താ പൊക്കം! മഞ്ഞ നിറമുള്ള മണക്കല്ലുകളാല്‍ തീര്‍ത്ത ആ കോട്ട, സ്വര്‍ണ്ണം പോലെയാണ് വിളങ്ങുകയാണ്. ഒപ്പം ചില ചരിത്രങ്ങളും മനസ്സിലേക്ക് കടന്നുവന്നു.

ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ജെയ്സാല്‍മീര്‍ കോട്ടയ്ക്ക് ഒരുപാട് കഥകളും ചരിത്രങ്ങളും പറയാനുണ്ട്. എ.ഡി. 1156-ല്‍ രജപുത്ര രാജാവായിരുന്ന റാവല്‍ ജെയ്സാലിന്റെ നിര്‍ദ്ദേശപ്രകാരം പണിത ഈ കോട്ട വളരെ തന്ത്രപ്രധാനമായ ഒന്നായിരുന്നു. അതിഗംഭീരമായ വാസ്തുവിദ്യകളാല്‍ കോട്ട സമ്പന്നമാണ്. ത്രികുട എന്ന ചെറിയൊരു കുന്നിന് മുകളിലാണ് കോട്ട പണി തീര്‍ത്തിരിക്കുന്നത്. ഡല്‍ഹി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജിയും മുഗൾ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഹുമയൂണും മുതല്‍ ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വരെയുള്ളവര്‍ ഈ കോട്ടയുടെ അധികാരം പിടിക്കാനായി രക്തച്ചൊരിച്ചിലുകളും ചതികളും ഒക്കെ നടത്തിയതാണ്. ഈ കോട്ട വളരെ തന്ത്രപ്രധാനവും സാമ്പത്തിക പ്രാധാന്യവുമുള്ള ഒന്നായിരുന്നുവെന്നതാണ് അതിന് പ്രധാനകാരണം.

പുരാതനകാലത്തെ ലോകത്തിന്റെ പ്രധാന വ്യാപാരപാതയായിരുന്ന സില്‍ക്ക് പാതയുടെ പ്രധാന ശാഖ കടന്നുപോയത് ജെയ്സാല്‍മീറിലൂടെയായിരുന്നു. സ്വഭാവികമായും കോട്ടയ്ക്ക് വേണ്ടിയുള്ള യുദ്ധങ്ങളും അരങ്ങേറി. പിന്നീട് ബ്രട്ടീഷ് ഭരണകാലത്ത് ഈ പുരാതന വാണിജ്യനഗരത്തിന്റെ പ്രാധാന്യം കുറഞ്ഞുവന്നു. ബോംബെ, മദ്രാസ് തുറമുഖങ്ങളുടെ വളര്‍ച്ചയും കപ്പല്‍ വ്യാപാരത്തിന്റെ പുരോഗതിയുമാണ് അതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. 1965-ലെയും 1971-ലെയും ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധം കാരണം ഈ പ്രദേശം സുരക്ഷാപരമായി ഇന്ന് വളരെ നമ്മുടെ രാജ്യത്തിന് വളരെ പ്രധാനയിടമായി മാറി. ഇന്ന് ഈ പ്രദേശവും ഈ കോട്ടയും ഥാര്‍ മരുഭൂമിയും യുദ്ധസ്മാരകങ്ങളും കാരണം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു.

ചരിത്രകഥകള്‍ ഒക്കെ ആലോചിച്ച് കഴിഞ്ഞപ്പോള്‍ കോട്ടയ്ക്കുള്ളില്‍ കയറുന്നത് എങ്ങനെയെന്നായി അന്വേഷണം. ഇതിന്റെ പ്രധാന കവാടം എവിടെയാണെന്ന് നോക്കിയിട്ട് ഒരു പിടിയും കിട്ടിയില്ല. ചോദിച്ചിട്ട് പലരും പറഞ്ഞു തന്നത് മനസ്സിലായതുമില്ല. പിന്നെ ആ മതിലിന്റെ അരിക് പിടിച്ച് അങ്ങ് നടന്നു. വാതില്‍ കാണാതിരിക്കില്ലല്ലോ. മതിലിന്റെ അരികിലൂടെ കുറെ ബസാര്‍ പോലെയുള്ള ഭാഗങ്ങളിലൂടെ ഒക്കെ നല്ലൊരു നടപ്പ് തന്നെ നടക്കേണ്ടി വന്നു പ്രവേശന കവാടത്തില്‍ എത്താന്‍. ഒടുവില്‍ മെയില്‍ ഗേറ്റിലെത്തി. ടിക്കറ്റ് എടുത്ത് അകത്തേക്ക് നടന്നു. കോട്ടയ്ക്കകത്ത് മൊത്തം കടകളും വീടുകളും പോലെയുള്ള സെറ്റപ്പാണ്. കോട്ട മുഴുവന്‍ പ്രദേശവാസികള്‍ കൈയ്യടിക്കിയിരിക്കുവാണെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് മനസിലായത് ഈ കോട്ടയ്ക്കുള്ളില്‍ ഒരു കാലത്ത് ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ കഴിഞ്ഞിരുന്നതാണ്.

placeholder
 ജെയ്‌സാല്‍മീര്‍ കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള കവാടങ്ങളില്‍ ഒന്ന്

പണ്ട് രാജാക്കാന്മാരുടെ കാലത്ത് അവരെ സേവിച്ചിരുന്നവരുടെ പിന്മുറക്കാരില്‍ പലരും കോട്ടയുടെ ഓരോ ഭാഗത്തും ഇപ്പോഴും താമസിക്കുകയാണ്. ഇന്ന് ഇവരുടെയൊക്കെ പ്രധാന വരുമാനം ഇവിടെ എത്തുന്ന സഞ്ചാരികളാണ്. ടൂറിസ്റ്റുകള്‍ക്കായിട്ടാണ് അവരുടെ പല കാട്ടിക്കൂട്ടലുകളും. ഒരു കാലത്ത് സമ്പന്നരായിരുന്ന കച്ചവടക്കാരുടെ ചില ഹവേലികള്‍ കോട്ടയ്ക്കുള്ളില്‍ ഇപ്പോഴും ഇവിടെ കാണാം. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെങ്കിലും ആ പ്രൗഢിയും ഭംഗിയും ഇപ്പോഴും കാണാന്‍ സാധിക്കും. കോട്ടയുടെ ഉള്‍വശം ഏകദേശം അഞ്ച് കിലോ മീറ്റർ വരുമെന്ന് ഗൈഡുകള്‍ പറയുന്നത് കേട്ടു. ഒരു പക്ഷേ കോട്ടയ്ക്കുള്ളിലെ പാതകളുടെ ദൂരമായിരിക്കാം അത്. ഏകദേശം 1500 അടി ഉയരവും 750 അടി വീതിയുമുള്ള കോട്ടയ്ക്കുള്ളിലേക്ക് കടക്കണമെങ്കില്‍ പ്രധാനമായും നാല് കാവാടങ്ങളുണ്ട്. ഇത് കൂടാതെ ഏഴോളം ജൈന, വിഷ്ണു, ദേവി ക്ഷേത്രങ്ങളും നൂറോളം കൊത്തളങ്ങളും ഇവിടെ ഇപ്പോഴുമുണ്ട്.

പ്രവേശന കാവാടങ്ങള്‍ താണ്ടി പ്രധാന കെട്ടിടങ്ങളുടെ ഭാഗത്തേക്ക് നടന്നപ്പോഴാണ് വല്ലാതെ പിടിച്ചിരുത്തിയ ആ നാദം ഒഴുകി എത്തിയത്. മനോഹരമായിട്ട് ആരോ പുല്ലാങ്കുഴല്‍ വായിക്കുകയാണ്. എന്താ പറയുക! അത് ആസ്വാദിക്കാന്‍ കഴിയാത്തവര്‍ അവിടെ ആരും ഉണ്ടായിരുന്നില്ല, അത്രയും വശ്യത നിറഞ്ഞതായിരുന്നു ആ നാദം. കുറച്ച് നേരത്തേക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു. ആ പാട്ടും കേട്ട് എത്രനേരം നിന്നെന്നറിയില്ല. പെട്ടെന്ന് അത് നിന്നു. അപ്പോഴാണ് ആരാണ് വായിച്ചതെന്ന് അറിയണമെന്ന് തോന്നിയത്. കുറച്ചുനേരം ആ ഭാഗത്ത് ചുറ്റിനടന്ന് അന്വേഷിച്ചു. പക്ഷെ അവിടെങ്ങും ആരെയും കണ്ടില്ല. ഇനി തോന്നിയതാണോ? ഏയ് ആവില്ല. ആരോടെങ്കിലും ചോദിക്കാന്‍ ഒരു മടി. പിന്നെ പതിയെ പ്രധാന കെട്ടിടങ്ങളുടെ ഭാഗത്തേക്ക് നടന്നു. ചെറിയ  നിരാശയോടെ അവിടെ എത്തിയപ്പോ, വീണ്ടും ആ പാട്ട് കേട്ടു. ചുറ്റിനും ഓടി നോക്കിയപ്പോ ഇത്തവണ ആളെക്കിട്ടി.

ആ പുള്ളി ഓടക്കുഴല്‍ അല്ല വായിക്കുന്നത്! മകുടിയാണോ? അല്ല.. അല്ല.. അത് രണ്ട് ഓടക്കുഴല്‍ കുത്തനെ പിടിച്ച് വായിക്കുന്നതാണ്. അതിന് സത്താറാ ഫ്‌ളൂട്ട് എന്നാണ് പറയുകയെന്നും ഇതു പുല്ലാങ്കുഴല്‍ വിഭാഗത്തില്‍പ്പെടുന്നതാണെന്നും രാജസ്ഥാനിലെ ഗ്രാമീണ നാടോടികളുടെ പ്രധാനപ്പെട്ട ഒരു വാദ്യമാണെന്നും അറിഞ്ഞു. ശരിക്കും ഓടക്കുഴലിന്റെ കൂടെ വേറെയൊരു സുക്ഷിരവാദ്യം കൂടി വായിക്കുന്നതുപോലെയാണ് നാദം. ആ മനുഷ്യന്‍ ചിത്രമെടുക്കാനോ വീഡിയോ എടുക്കാനോ സമ്മതിച്ചില്ല (പക്ഷെ ക്യാമറയില്‍ പുള്ളിയുടെ മുഖമില്ലാത്ത ഒരു ചിത്രം കിട്ടിയിരുന്നുവെന്ന് പിന്നീട് ഫോട്ടോ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായി).

placeholder
man

ഒട്ടും സൗഹൃദം കാട്ടാതിരുന്ന ആ മനുഷ്യന്‍ അവിടെയിരുന്ന് ആ ഓടക്കുഴല്‍ വായിച്ചിട്ട് കിട്ടിയ പൈസയും കൊണ്ട് കോട്ടയുടെ വേറെ ഒരും വശത്തേക്ക് നീങ്ങി.  മാന്ത്രികത തുളുമ്പുന്ന ആ നാദവും കൊണ്ട് പുള്ളി ആള്‍ക്കൂട്ടത്തില്‍ മറയുന്നതും ആ ശബ്ദം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്നതും അവിടെയിരുന്നു നോക്കിയിരുന്നു. ചില കാഴ്ചകള്‍ അങ്ങനെയാണ് നമ്മള്‍ അതിനായി കൂടുതല്‍ ദാഹിച്ചാലും എടുത്ത് കുടിക്കില്ല, അല്പം രുചിച്ച് അതിന്റെ മാധുര്യത്തില്‍ ലയിച്ചിരിക്കാനാകും ഇഷ്ടം.