കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതവും വിശാല കമ്മിറ്റി സമ്മേളനങ്ങളിലെ തെറ്റുതിരുത്തൽ നടപടികളും കഴിഞ്ഞ് മുന്നോട്ട് കുതിക്കാനൊരുങ്ങുന്ന സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി രാഷ്ട്രീയ കൊലപാതകക്കേസുകൾ. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സമിതിയംഗം ടി.വി. രാജേഷ് എന്നിവരുൾപ്പെടെ 18 പേരെ കുറ്റവിമുക്തരാക്കി അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.ഐ. കോടതി വിധി വന്നെങ്കിലും കേസ് തുടരുമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
പ്രദേശിക നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 13 പേർക്കെതിരേ ജീവപര്യന്തമടക്കുമുള്ള ശിക്ഷ സി.പി.എമ്മിന് പൊതുമനസ്സാക്ഷിക്ക് മുന്നിൽ നൽകുന്ന ആഘാതവും ചെറുതല്ല.
ഷുക്കൂർ വധക്കേസിലെന്നപോലെ ആർ.എസ്.എസ്. നേതാവ് കതിരൂർ മനോജ് വധക്കേസിലും സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്. കേസിൽ 25-ാം പ്രതിയാണ് പി. ജയരാജൻ. 2014 സെപ്റ്റംബർ ഒന്നിനാണ് സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മനോജിനെ വാഹനത്തിൽനിന്ന് വലിച്ചിറക്കി വടിവാളുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകം, വധശ്രമം, ഗൂഢാലോചന നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ.) എന്നിവയാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ. ഏറ്റെടുക്കുകയായിരുന്നു.
1999-ൽ പി. ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് സി.ബി.ഐ. കുറ്റപത്രത്തിലെ പ്രധാന ആരോപണം. 2016 ഫെബ്രുവരിയിൽ ജയരാജൻ കീഴടങ്ങി. മാർച്ച് 23-ന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതനായി. തനിക്കെതിരേ ചുമത്തിയ യു.എ.പി.എ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജൻ സുപ്രീംകോടതിവരെയെത്തിയെങ്കിലും ആവശ്യം തള്ളി വിചാരണ നേരിടാൻ നിർദേശിക്കുകയായിരുന്നു. കേസ് കൊച്ചി സി.ബി.ഐ. കോടതിയിലാണിപ്പോൾ.
2018 ഫെബ്രുവരി 12-നാണ് കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് വെട്ടേറ്റ് മരിച്ചത്. അരയ്ക്കുതാഴേ 37 വെട്ടേറ്റ് ചോരവാർന്നായിരുന്നു മരണം. കേസിൽ സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയടക്കം 17 പ്രതികളാണ് അറസ്റ്റിലായത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും മുന്നോട്ടുപോയില്ല. നിലവിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി മൂന്നിൽ വിചാരണ നടക്കുകയാണിപ്പോൾ.
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ സി.ബി.ഐ. ആദ്യം അന്വേഷണം തുടങ്ങിയ കേസാണ് ഫസൽ വധം. 2006 ഒക്‌ടോബർ 22-നാണ് തലശ്ശേരിയിൽ പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെടുന്നത്. സി.പി.എം. പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിൽ ചേർന്നതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് ആരോപണം. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ, തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടുപേരെ പ്രതിയാക്കി സി.ബി.ഐ. നൽകിയ കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ സി.ബി.ഐ. കെട്ടിച്ചമച്ച കേസാണിതെന്നാണ് സി.പി.എം. പറയുന്നത്. യഥാർഥ പ്രതികൾ ആർ.എസ്.എസാണെന്ന് കേസിൽ ഉൾപ്പെട്ടയാൾതന്നെ മൊഴി നൽകിയതായും കേരള പോലീസ് സി.ബി.ഐ.യുടെ ശ്രദ്ധയിൽ പെടുത്തിയതും സി.പി.എം. ചൂണ്ടിക്കാട്ടുന്നു.
Content Highlights: CPM faces backlash in Kannur as political murder cases, including Shukoor and Manoj, continue to challenge the party's public image.
Published: 20 Nov 2026, 09:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented