ദീർഘദൂര യാത്രാ വിമാന സർവ്വീസുകളിൽ വലിയ മാറ്റംകൊണ്ടുവരാൻ സാധ്യതയുള്ള ഒരു പദ്ധതി യാഥാർഥ്യത്തോട് അടുക്കുന്നു. എയർബസ് പ്രത്യേകം രൂപകൽപ്പന ചെയ്ത A350-1000ULR വിമാനത്തിന്റെ ആദ്യ പറക്കൽ പൂർത്തിയായതോടെയാണിത്. ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസിന്റെ പ്രോജക്റ്റ് സൺറൈസിനെ സംബന്ധിച്ച് നിർണായക നാഴികക്കല്ലാണ് ഈ പരീക്ഷണപ്പറക്കൽ.

To advertise here,

ഏകദേശം ഒരു ദശാബ്ദക്കാലത്തെ വികസന പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഈ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങാൻ തുടങ്ങുന്നത്. സിഡ്നിയെ ലണ്ടനുമായും ന്യൂയോർക്കുമായും നേരിട്ട് ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നടത്തുക എന്നതാണ് ക്വാണ്ടസിന്റെ 'പ്രോജക്റ്റ് സൺറൈസ്' ലക്ഷ്യമിടുന്നത്.

ഫ്രാൻസിലെ ടൗലൂസ്-ബ്ലാഗ്‌നാക് വിമാനത്താവളത്തിൽ നിന്നാണ് ആദ്യത്തെ A350-1000ULR വിമാനം ആദ്യ പറക്കൽ പൂർത്തിയാക്കിയതെന്ന് എയർബസ് പറയുന്നു. വിമാനം മൂന്ന് മണിക്കൂറും 43 മിനിറ്റും പറന്നു. 41,000 അടിക്ക് മുകളിൽ ഉയരം കൈവരിച്ചു. എയർബസ് ഫ്‌ളൈറ്റ് ടെസ്റ്റ് ടീമാണ് വിമാനം നിയന്ത്രിച്ചത്.

പ്രത്യേക ഫ്‌ളൈറ്റ് ടെസ്റ്റ് ഉപകരണങ്ങൾ ഘടിപ്പിച്ച് വിമാനത്തിന്റെ പ്രകടനം വിദഗ്ധർ പരിശോധിച്ചു. ദീർഘദൂര പറക്കലിന് നിർണായകമായ വിമാനത്തിന്റെ ഇന്ധന സംവിധാനവും യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സംവിധാനങ്ങളും അടക്കമുള്ളവയുടെ പ്രവർത്തനമാണ് പരിശോധനയ്ക്കിടെ വിലയിരുത്തിയത്.