ബോളിവുഡിന്റെ ബോള്‍ഡ് വുമണാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ കരിയര്‍ തുടങ്ങി ഹോളിവുഡ് വരെയെത്തിനിൽക്കുന്ന പ്രിയങ്കയുടെ ജൈത്രയാത്ര പ്രചോദനം നല്‍കുന്നതാണ്. നടിയെന്നതിലുപരി വ്യക്തിപ്രഭാവം കൊണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അവർ. കുടുംബവിശേഷങ്ങൾ അടക്കം പ്രിയങ്കയും ഭർത്താവ് നിക്ക് ജൊനാസും പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മകൾ മാൽതി മേരിയോടൊപ്പമുള്ള പ്രിയങ്കയുടെ രസകരമായ നിമിഷങ്ങളാണ് ഇൻസ്റ്റ​ഗ്രാമിൽ നിറയുന്നത്.   

To advertise here,

ഫ്ലോറിഡയിലെ ഓർലാൻഡോയിലുള്ള ഡിസ്നി വേൾഡിൽ മാൽതിയോടൊപ്പം സമയം ചെലവഴിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങൾ വൈറലാണ്. തന്റെ ആദ്യ റോളർ കോസ്റ്റർ യാത്രയുടെ ആകാംക്ഷയിലായിരുന്നു കുഞ്ഞു മാൽതി. സംഭവം ഏറെ ഇഷ്ടപ്പെട്ടതിനാൽ തുടർച്ചയായി നാല് തവണയാണ് ഇരുവരും റോളർ കോസ്റ്ററിൽ കയറിയത്. പ്രിയങ്കയുടെ സുഹൃത്ത് സുദീപ് ദത്ത് തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. പിന്നീട് പ്രിയങ്ക തന്നെ ഇത് റീപോസ്റ്റ് ചെയ്യുകയും ചെയ്തു. 

ഒരു കൂട്ടുകാരനോടൊപ്പം കൈ കോർത്തു നടക്കുന്ന മാൽതിയെ വീഡിയോയിൽ കാണാം. പ്രിയങ്ക കുഞ്ഞിനെ ചേർത്തുപിടിച്ചിരിക്കുന്നതാണ് മറ്റൊരു ക്ലിപ്പിലുള്ളത്. 'എംഎം-ന്റെ (മാൽതി മേരി) ആദ്യ റോളർ കോസ്റ്റർ യാത്ര, ഞങ്ങൾ നാല് തവണ പോയി. എന്റെ മകൾ!' എന്ന് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് പ്രിയങ്ക കുറിച്ചു. 2018-ല്‍ ആയിരുന്നു ഗായകന്‍ നിക്ക് ജൊനാസിമായുള്ള പ്രിയങ്കയുടെ വിവാഹം. വാടക ഗര്‍ഭധാരണത്തിലൂടെയാണ് മാൽതിയെ ഇരുവരും ജീവിതത്തിലേക്ക് വരവേറ്റത്.

കരിയറിലേക്ക് വരുമ്പോൾ, ആകാംക്ഷ ഉയർത്തുന്ന നിരവധി പ്രോജക്റ്റുകളാണ് പ്രിയങ്കയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഇട്രിസ് എൽബയ്ക്കും ജോൺ സീനയ്ക്കും ഒപ്പം പ്രൈം വീഡിയോയിലെ 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്' എന്ന ചിത്രത്തിൽ താരം ഉടൻ പ്രത്യക്ഷപ്പെടും. 'ദി ബ്ലഫ്' എന്ന ചിത്രത്തിൽ 19-ാം നൂറ്റാണ്ടിലെ കരീബിയൻ കടൽക്കൊള്ളക്കാരിയായി വേഷമിടാനും പ്രിയങ്ക ഒരുങ്ങുന്നുണ്ട്. കൂടാതെ 2026-ൽ റിലീസിനൊരുങ്ങുന്ന 'സിറ്റാഡൽ 2' ഉം പ്രതീക്ഷ നൽകുന്ന ചിത്രമാണ്.