ഗോവന്‍ ടൂറിസത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചില  സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ശ്രമിക്കുന്നതായും ഇത്തരക്കാര്‍ പണം വാങ്ങിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗോവ ടൂറിസം മന്ത്രി രോഹന്‍ ഖൗണ്ഡേ. ഗോവയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞെന്ന് പറഞ്ഞാണ് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

'പണം കൈപ്പറ്റിയാണ് ഗോവയെ അപകീര്‍ത്തിപ്പെടുത്തുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ മറികടക്കുന്ന കണക്കുകളാണ് വന്നിട്ടുള്ളത്. വളരെ മികച്ച സീസണായിരുന്നു ഇത്തവണത്തേത്. 2025-ല്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു' മന്ത്രി പറഞ്ഞു.

100 ശതമാനത്തിനടുത്തായിരുന്നു ഫൈവ്-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലെ ബുക്കിങ്. താഴ്ന്ന വിഭാഗത്തിലുള്ള ഹോട്ടലുകളില്‍ ഇത് 60-65 ശതമാനമാണ്. ഗോവയുടെ സൗന്ദര്യവും സര്‍ഗ്ഗാത്മകതയും മറ്റ് കാര്യങ്ങളും ആസ്വദിക്കാനാണ് ആളുകള്‍ ഇങ്ങോട്ടേക്ക് വരുന്നത്. ഗോവയെ തായ്‌ലന്‍ഡുമായി താരതമ്യം ചെയ്യാനാകില്ല. ഗോവയില്‍ വരുന്നവര്‍ക്ക് തായ്‌ലന്‍ഡ് അനുഭവം നല്‍കാനല്ല തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ടൂറിസം മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഗോവയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇന്‍ഫ്‌ളുവന്‍സര്‍മാരെ തുറന്നുകാട്ടും. ഞങ്ങളുടെ പിആര്‍ ടീമുമായി ചേര്‍ന്ന് ഞങ്ങള്‍ ഇതിനകം തന്നെ ഒരു പദ്ധതി തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്താന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരത്തില്‍ ചിലര്‍ സൗജന്യമായി ഭക്ഷണവും താമസവും ആവശ്യപ്പെടുന്നുണ്ടെന്ന് റെസ്റ്ററന്റ് ഉടമകള്‍ തങ്ങളോട് പറഞ്ഞിട്ടുണ്ട്. ഗോവയുടെ യഥാര്‍ത്ഥ ചിത്രം പ്രാദേശിക ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പ്രചരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'വിദേശ വിനോദസഞ്ചാരികള്‍ ഗോവയെ ഉപേക്ഷിച്ചു' എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണങ്ങള്‍ നടന്നിരുന്നു. പകരം ശ്രീലങ്ക, തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സഞ്ചാരികളുടെ ഒഴുക്കെന്നുമായിരുന്നു പ്രചാരണം.  പിന്നാലെയാണ് ഗോവന്‍ സര്‍ക്കാര്‍ നിഷേധവുമായി രംഗത്തെത്തിയത്.