ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കാമി റിത ഷെര്‍പ്പയ്ക്കുമുന്നില്‍ 27-ാം തവണയും കീഴടങ്ങി. ബുധനാഴ്ച രാവിലെ എവറസ്റ്റിനു മുകളിലെത്തിയാണ് നേപ്പാളില്‍നിന്നുള്ള 53-കാരനായ റിത റെക്കോഡിട്ടത്. ഇതോടെ ഏറ്റുമധികം തവണ എവറസ്റ്റ് കീഴടക്കിയ മനുഷ്യന്‍ എന്ന സ്വന്തം റെക്കോഡ് അദ്ദേഹം നിലനിര്‍ത്തി.

To advertise here,

2018-ല്‍ 22-ാം തവണ എവറസ്റ്റ് കയറിയതുമുതല്‍ റിതയ്‌ക്കൊപ്പം ഈ റെക്കോഡുണ്ട്. 'എവറസ്റ്റ് മനുഷ്യന്‍' എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്. ഇരുപതുവര്‍ഷത്തിലേറെയായി പര്‍വതാരോഹകരുടെ വഴികാട്ടിയായി ജോലിചെയ്യുകയാണ് റിത. വിയറ്റ്‌നാമില്‍നിന്നുള്ള പര്‍വതാരോഹകന് വഴികാട്ടിയായെത്തിയാണ് പുതിയ നേട്ടം കുറിച്ചത്.

1994-ാണ് ആദ്യമായി റിത എവറസ്റ്റ് കീഴടക്കിയത്. 2019-ല്‍ ആറുദിവസത്തെ ഇടവേളയില്‍ രണ്ടുതവണ അദ്ദേഹം 8849 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടി കീഴടക്കി. മൂന്നു ദിവസം മുമ്പാണ് മറ്റൊരു പര്‍വതാരോഹ ഗൈഡായ പാസാങ് ദവ ഷെര്‍പ്പ 26ാമത്തെ തവണ എവറസ്റ്റ് കീഴടക്കി കാമി റിതക്കൊപ്പമെത്തിയത്. കാമി റിതയടക്കമുള്ള 11 ഷെര്‍പ്പ ഗൈഡുകളാണ് ശനിയാഴ്ച എവറസ്റ്റിന്റെ 8848.86 മീറ്റര്‍ ഉയരം കീഴടക്കിയത്.

പര്‍വതാരോഹകരുടെ നാടായ ഹിമാലയത്തിലെ താമില്‍ 1970ലാണ് കാമി റിത ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛനും സഹോദരനും പര്‍വതാരോഹകരായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ഗൈഡായി പ്രവര്‍ത്തിക്കുകയാണ് കാമി റിത. ലോകത്തിലെ ഏറ്റവും വലിയ പത്ത് കൊടുമുടികളില്‍ എട്ടെണ്ണവും നേപ്പാളിലാണ്. നൂറുകണക്കിന് പര്‍വതാരോഹകരാണ് എല്ലാ വര്‍ഷവും ഈ കൊടുമുടികള്‍ കയറാനായി ഇവിടെയെത്തുന്നത്. ഈ വര്‍ഷം 478 വിദേശ പര്‍വതാരോഹകര്‍ക്ക് അധികാരികള്‍ പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇവരോടൊപ്പം ഷെര്‍പ്പകള്‍ ഉള്‍പ്പടെയുള്ള ഗൈഡുകളും പര്‍വതാരോഹണം നടത്തും.