
ന്യൂഡൽഹി: വോട്ടർപട്ടിക അട്ടിമറി ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ശനിയാഴ്ചത്തെ ജന്തർ മന്തർ 2.0 പ്രക്ഷോഭത്തെ നേരിടാൻ വൻ സന്നാഹവുമായി ഡൽഹി പോലീസ്. സമരം നേരിടുന്നതിനായി രാജ്യത്തുടനീളം ആയിരക്കണക്കിന് യുവാക്കളെ തടങ്കലിലാക്കിയിട്ടുണ്ടെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ആരോപിച്ചു.
'ഒക്ടോബർ 10-ന് ഞങ്ങൾ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി, രാജ്യത്തുടനീളം ആയിരക്കണക്കിന് യുവാക്കളെ ബിജെപി സർക്കാർ തടങ്കലിലാക്കിയിരിക്കുന്നു. മോദി, ഈ ഭീഷണിപ്പയറ്റൊന്നും വിലപ്പോവില്ല. ഈ രാജ്യത്തെ യുവാക്കൾക്ക് ഇനി നിങ്ങളെ ഒട്ടും ഭയമില്ല. നാളെ ഞാൻ ഡൽഹിയിലെത്തും; എന്തുതന്നെ സംഭവിച്ചാലും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുക തന്നെ ചെയ്യും', ദീപ്‌കെ എക്‌സിൽ കുറിച്ചു.
സമരത്തെ നേരിടാൻ വൻ സുരക്ഷാവിന്യാസം പോലീസ് നടത്തുന്നുണ്ട്. പ്രതിഷേധത്തിൽ സ്ത്രീ പ്രക്ഷോഭകരുടെ വലിയ പങ്കാളിത്തം മുൻകൂട്ടി കണ്ട്, ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഡൽഹി പോലീസ് അഞ്ഞൂറോളം അധിക വനിതാ അർദ്ധസൈനിക ഉദ്യോഗസ്ഥരെ നിയോഗിക്കും.
11000-ലധികം അധിക അർദ്ധസൈനികരെ വിന്യസിക്കുന്നതിന് പുറമെയാണ് അഞ്ച് കമ്പനി വനിതാ ഉദ്യോഗസ്ഥരെ കൂടി ഇറക്കുന്നത്. ഇതോടെ സി.എ.പി.എഫ് ഉദ്യോഗസ്ഥരുടെ മൊത്തം അംഗബലം ഏകദേശം 26,000 ആയി ഉയരും. 2020 ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനുശേഷം തലസ്ഥാനത്ത് ഇത്രയധികം ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ആദ്യമാണ്.
ഡൽഹി പോലീസ് വനിതാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് പുറമെയായിരിക്കും ഈ അധിക വനിതാ അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ വിന്യാസം. ഡൽഹി പോലീസിന്റെ 15000-ഓളം ഉദ്യോഗസ്ഥരും സുരക്ഷയ്ക്കുണ്ടാകും. വിദ്യാർഥികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നത് ഒഴിവാക്കാൻ ഹോസ്റ്റൽ ഉടമകൾക്കും മറ്റും ഡൽഹി പോലീസ് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഒക്ടോബർ 10-ന് ഉച്ചയ്ക്ക് രണ്ടു മണിവരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലെത്തുന്ന എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഈ സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ട്രെയിനുകൾ റദ്ദാക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ, സിജെപി പ്രതിഷേധങ്ങൾക്കെത്തുന്നവരെ തടയുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ന് രാത്രി മുതൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും ഡൽഹി പോലീസ് മെട്രോ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: Cockroach Janata Party (CJP) announced the Jantar Mantar 2.0 protest demanding the Chief Election Commissioner's resignation., Delhi Railways cancelled all Mail and Express trains arriving at New Delhi and Hazrat Nizamuddin stations till October 10., 57 metro stations ordered to shut down starting tonight due to security reasons., Over 26,000 security personnel including 500 additional women paramilitary troops deployed in Delhi., CJP founder Abhijeet Dipke alleged mass detentions of youths across the country by the BJP government.
Published: 09 Oct 2026, 12:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented