
ന്യൂസിലാൻഡിലെ അതിമനോഹര സ്ഥലങ്ങൾ സന്ദർശിച്ച് നടി നവ്യാ നായർ. സോഷ്യൽ മീഡിയയിൽ നവ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. വനാക തടാകം, വനാക ട്രീ, മൗണ്ട് ടാസ്മാൻ, ടാസ്മാൻ ഗ്ലേസിയർ, പുരാതനമായ ഒമരാമ ക്ലേ ക്ലിഫ്സ്, ടെകാപോ തടാകക്കരയിലുള്ള ഗുഡ് ഷെപ്പേഡ് ചര്‍ച്ച്, ലോക പ്രശസ്തമായ മിൽഫോർഡ് സൗണ്ട് എന്നിവയെല്ലാം നവ്യയുടെ യാത്രകളിൽ ഉൾപ്പെടുന്നു.
ടാസ്മാൻ പർവതവും ടാസ്മാൻ ഗ്ലേസിയറും
ന്യൂസിലൻഡിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതമാണ് മൗണ്ട് ടാസ്മാൻ. സൗത്ത് ഐലൻഡിലെ തെക്കൻ ആൽപ്‌സ് പർവ്വതനിരയില്‍, ന്യൂസിലാൻഡിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ അറോകിക്ക് നാല് കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. വെസ്റ്റ്‌ലാൻഡ് തായ് പൂട്ടിനി നാഷണൽ പാർക്ക്, മൗണ്ട് ആസ്പയറിങ് നാഷണൽ പാർക്ക്, ഫിയോർഡ്‌ലാൻഡ് നാഷണൽ പാർക്ക് എന്നിവയ്‌ക്കൊപ്പം യുനെസ്കോ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ച ഇടം കൂടിയാണിത്.
ടാസ്മാൻ ഗ്ലേസിയർ
ന്യൂസിലാൻഡിലെ ഏറ്റവും നീളമേറിയ ഹിമാനിയാണ് ടാസ്മാൻ ഗ്ലേസിയർ. 23.5 കിലോമീറ്ററാണ് നീളം. പൂർണമായും അറോക്കി ദേശീയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിലാണ് ഈ ഹിമാനി സ്ഥിതിചെയ്യുന്നത്. 1970- കളുടെ തുടക്കം മുതൽ ഹിമാനിയുടെ മുകള്‍ഭാഗത്ത് സഞ്ചാരികള്‍ക്കായി ഹെലി സ്കീയിങ് ടൂറുകൾ സംഘടിപ്പിച്ചുവന്നിരുന്നു. ഇതിനോട് അനുബന്ധിച്ച ബോൾ ഗ്ലേസിയർ സ്കീയിങ്ങിനും പ്രശസ്തമായിരുന്നു, 1930 കളിൽ അവിടെ ദേശീയ ചാമ്പ്യൻഷിപ്പുകൾ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ ഒരു ദശകത്തിനിടെ ടാസ്മാൻ ഗ്ലേസിയറിലുണ്ടായ ഗണ്യമായ ഐസ് നഷ്ടം ടൂറിസത്തെ കാര്യമായിത്തന്നെ ബാധിച്ചു. നിലവിൽ ഇവിടത്തെ ഹെലി സ്കീയിങ് സീസൺ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
തടാകത്തിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുമലകൾക്കിടയിലൂടെ ബോട്ട് ടൂറുകൾക്ക് പ്രശസ്തമായ സ്ഥലമാണ് പ്രോഗ്ലേഷ്യൽ ടാസ്മാൻ തടാകം. ഓരോ ആളുകളുടെയും ഫിറ്റ്നസ് ലെവല്‍ അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത ഹൈക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് ടാസ്മാൻ ഗ്ലേസിയർ വ്യൂ വാക്ക്. ഏതാണ്ട് നാല്പത്തഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ബ്ലൂ ലേക്സ് ആന്‍ഡ് ടാസ്മാന്‍ ഗ്ലേസിയർ വാക്ക് ടൂറില്‍, ടാസ്മാൻ ഹിമാനിയുടെയും സതേൺ ആൽപ്സിന്‍റെയും മൗണ്ട് കുക്കിന്റെയും വിശാലമായ കാഴ്ചകൾ കണ്ട് തിരിച്ചുപോരാം. കൂടുതൽ പരിചയസമ്പന്നരായ ഹൈക്കർമാർക്ക്, അല്‍പ്പം കൂടി കഠിനമായ ബോൾ ഹട്ട് റൂട്ട് തിരഞ്ഞെടുക്കാം.
ചിത്രം വരച്ചപോൽ വാനക തടാകം
ന്യൂസിലന്‍ഡിലെ ഒട്ടാഗോ മേഖലയിൽ ദക്ഷിണ ആൽപ്സ് പർവ്വതനിരകളുടെ താഴെയായി സ്ഥിതിചെയ്യുന്ന തടാകമാണ് വാനക തടാകം. ന്യൂസിലൻഡിലെ നാലാമത്തെ വലിയ തടാകമാണിത്. തടാകക്കരയിലായി ഇതേപേരിൽ ഒരു ചെറുപട്ടണവുമുണ്ട്. ദക്ഷിണദ്വീപിലെ ഏറ്റവും വലിയ നദിയായ ക്ലൂത്ത നദി ഉദ്ഭവിക്കുന്നത് വാനക തടാകത്തിൽ നിന്നാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ടെ വാഹിപൗനമുവിന്റെ ഭാഗമായ മൗണ്ട് ആസ്പയറിങ് നാഷണൽ പാർക്കിന്റെ താഴ്‌വരയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.
വാനക തടാകത്തിലെ ഒറ്റമരം
വനാക തടാകത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണമാണ്, തടാകത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന വില്ലോ മരം. ലക്ഷക്കണക്കിന് സഞ്ചാരികലാണ് ഈ മരം കാണാനും ചിത്രങ്ങൾ പകർത്താനുമായെത്തുന്നത്. വെള്ളത്തിനു മുകളില്‍ ഒറ്റയ്ക്ക് വളരുന്ന വൃക്ഷത്തെ പ്രത്യാശയുടെ പ്രതീകമായാണ് പലരും കണക്കാക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ക്യാമറയിൽ പകർത്തിയ മരം എന്ന വിശേഷണവും ഇതിനുണ്ട്. സഞ്ചാരികളുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെത്തുടർന്ന് 2020-ൽ മരത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റിയിരുന്നു.
Content Highlights: Actress Navya Nair`s stunning New Zealand trip photos go viral
Published: 28 Jan 2025, 04:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented