മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ചലച്ചിത്ര താരമാണ് നവ്യ നായര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യ നൃത്തത്തിലും സാമൂഹികമാധ്യമങ്ങളില്‍ സജീവമായി തുടരുകയാണിപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെ, താന്‍ സോളോ ട്രിപ്പുകള്‍ക്ക് പോകാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ താരം. താന്‍ ജീവിതത്തിലെ ഏകാന്തതയെ എങ്ങനെ മറികടന്നുവെന്നും നവ്യ വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. 

To advertise here,

ആകെ ഒരു സോളോ ട്രിപ്പ് മാത്രമേ ഞാന്‍ പോയിട്ടുള്ളൂ. ബിസിനസ് ആവശ്യത്തിനായി ബനാറസിലും മറ്റും ഒറ്റയ്ക്ക് പോയിട്ടുണ്ട്. സോളോ ട്രിപ്പിന് പോകുമ്പോള്‍ നവ്യക്ക് ഫ്രീഡം അനുഭവപ്പെടുന്നുണ്ടോ എന്ന് ഒരിക്കല്‍ മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍ സിറാജേട്ടന്‍ ചോദിച്ചു. സത്യത്തില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല ഞാന്‍ സോളോ ട്രിപ്പ് പോകുന്നത്. പണ്ട് മുതലേ ഷൂട്ടിങ്ങിന് പോകുമ്പോള്‍ അമ്മയോ അച്ഛനോ ലൊക്കേഷന്‍ അസിസ്റ്റന്‍സോ ഡ്രൈവറോ ഒക്കെ കൂടെയുണ്ടാകും. നമ്മുടെ ചുറ്റും നമ്മുടെ കാര്യങ്ങളില്‍ നമ്മളെക്കാള്‍ ശ്രദ്ധിക്കുന്ന ഒരുപാടുപേര്‍ കൂട്ടംകൂടിയാണ് സിനിമയില്‍ അഭിനയിക്കുന്നത്. എല്ലാ ആവശ്യങ്ങള്‍ക്കും നമുക്കവിടെ ആളുകളുണ്ട്. എന്റെ വിവാഹം വലിയൊരു ഷിഫ്റ്റായിരുന്നു എനിക്ക്. അവിടെ ചെന്നപ്പോള്‍ വീട്ടില്‍ സഹായത്തിനെല്ലാം ആളുകളുണ്ടായിരുന്നെങ്കിലും ഒറ്റപ്പെടല്‍ അനുഭവിച്ചു. ഒറ്റപ്പെടല്‍ എല്ലാപ്രായത്തിലും എല്ലാവര്‍ക്കും ഉണ്ടാകും. 

അമ്മയും അച്ഛനും നല്‍കുന്ന നിരുപാധികമായ സ്‌നേഹം കാണുമ്പോള്‍ നാളെ ഇവരില്ലാതെയായാല്‍ ആരുണ്ടാകും? ഞാനെങ്ങനെ അതിനെ അതിജീവിക്കും എന്നെല്ലാം ഞാന്‍ ആലോചിച്ചു. അവര്‍ നല്‍കുന്ന സുരക്ഷിതത്വവും ശ്രദ്ധയും നാളെ ഇല്ലാതായാല്‍ ഞാന്‍ എങ്ങനെയതിനെ അഭിമുഖീകരിക്കും എന്ന പേടി കുറച്ചുകാലമായി കൂടിവന്നപ്പോഴാണ് ഒറ്റയ്ക്ക് യാത്രചെയ്യാന്‍ തുടങ്ങിയത്. 

ആരുമില്ലാത്ത ഒരു ദിവസം വന്നാലും എനിക്ക് എന്റേതായ സന്തോഷം കണ്ടെത്താന്‍ കഴിയണം. അതിനുവേണ്ടിയാണ് സോളോ ട്രിപ്പ് പോകുന്നത്. യാത്ര ചെയ്യുമ്പോള്‍ മറ്റേതെങ്കിലും തരത്തിലുള്ള ഒരു ഫ്രീഡം കൂടുതല്‍ കിട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല. യാത്രചെയ്യാന്‍ തുടങ്ങുമ്പോള്‍ തമ്മള്‍ കുറേക്കൂടി ഉത്തരവാദിത്വബോധമുള്ളവരാകും. സുരക്ഷയെപ്പറ്റി ബോധമുള്ളവരും കൃത്യനിഷ്ഠയുള്ളവരുമാകും. നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകും. 

എന്നെപ്പോലെ കൂട്ടുകുടുംബത്തില്‍നിന്നുള്ളവര്‍ക്ക് ഒറ്റപ്പെടല്‍ ഭയപ്പാടുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെ ഒറ്റപ്പെടല്‍ എന്നെങ്കിലും ഉണ്ടാവുകയാണെങ്കില്‍ പോലും ഞാന്‍ തനിച്ചിരിക്കുന്ന അവസ്ഥയില്‍ സന്തോഷം കണ്ടെത്താന്‍ വേണ്ടിയാണ് സോളോ ട്രിപ്പുകള്‍.  

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നാട്ടിലാണ് താമസമെന്നും അച്ഛനും അമ്മയും മാതംഗി ഡാന്‍സ് സ്‌കൂള്‍ നടത്തിപ്പുമെല്ലാം ഉള്ളതുകൊണ്ട് ഇപ്പോള്‍ അത്ര ഒറ്റപ്പെടലില്ലെന്നും നവ്യ വീഡിയോയില്‍ പറയുന്നു.