ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നേപ്പാളിലെ ഇമിഗ്രേഷൻ വകുപ്പ്. ഹിമാലയൻ താഴ്വരകളിലെ മനോഹരവും എന്നാൽ നിയന്ത്രണങ്ങൾ ഉള്ളതുമായ ട്രെക്കിങ് പാതകളിലൂടെ ഇനി ഒറ്റയ്ക്കും സഞ്ചരിക്കാം. മുൻപ്, ഈ വിദൂര ഹിമാലയൻ പ്രദേശങ്ങളിൽ കുറഞ്ഞത് രണ്ട് ട്രെക്കർമാരെങ്കിലും ആവശ്യമായിരുന്നു. ഇതിനാൽ സാഹസികർക്ക് മറ്റൊരാൾക്കായി കാത്തിരിക്കുകയോ അല്ലെങ്കിൽ അവരുടെ പദ്ധതികൾ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വന്നു. എന്നാലിപ്പോൾ ഈ നിരോധിത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുമതി നൽകുന്ന നേപ്പാളിന്റെ പുതിയ നയത്തിലൂടെ അതിശയകരമായ പ്രദേശങ്ങൾ കണ്ടെത്താനുള്ള വലിയ തടസ്സം നീങ്ങുകയാണ്. എന്നാൽ നിങ്ങൾക്ക് ഇപ്പോഴും ലൈസൻസുള്ള ഗൈഡിന്റെ സഹായം അത്യാവശ്യമാണ്.

To advertise here,

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കായുള്ള മികച്ച 5 ട്രെക്കിങ് റൂട്ടുകൾ

1. അപ്പർ മുസ്താങ് ട്രെക്ക് (Upper Mustang Trek)

ദൂരം: 10-14 ദിവസം

പരമാവധി ഉയരം: 3,840 മീറ്റർ

ഏറ്റവും നല്ല സീസൺ: മാർച്ച്-നവംബർ

സാങ്കേതികമായി നേപ്പാളിന്റെ ഭാഗമാണെങ്കിലും, 1992 വരെ ഇതൊരു സ്വതന്ത്ര രാജ്യമായിരുന്നു. സാംസ്കാരികമായും ഭൂപ്രകൃതികൊണ്ടും ഇവിടം നിങ്ങളെ വിസ്മയിപ്പിക്കും. ബുദ്ധമത ആശ്രമങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രങ്ങളും കൈയെഴുത്ത് പ്രതികളും മറഞ്ഞിരിക്കുന്നു. പാറകളിൽ കൊത്തിയെടുത്ത പുരാതന ഗുഹാ സമുച്ചയങ്ങൾ, ധ്യാന കേന്ദ്രങ്ങളായും ശ്മശാനങ്ങളായും വീടുകളായും ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് ഗുഹകൾ എന്നിവയെല്ലാം ഇവിടെ കാണാം. ടിബറ്റൻ ഗ്രാമങ്ങളുടെ ഭാഗി ആവോളം ആസ്വദിക്കാം.

2. മൻസ്‌ലു സർക്യൂട്ട് ട്രെക്ക് (Manaslu Circuit Trek)

ദൂരം: 12-14 ദിവസം

പരമാവധി ഉയരം: 5,160 മീറ്റർ

ഏറ്റവും നല്ല സീസൺ: മാർച്ച്-മേയ്, സെപ്റ്റംബർ-നവംബർ

വിദൂര ഗ്രാമങ്ങൾ, ഉപോഷ്ണമേഖലാ വനങ്ങൾ, ഉയർന്ന ആൽപൈൻ പാസ്സുകൾ എന്നിവയിലൂടെ കടന്നുപോയി അന്നപൂർണ്ണ മേഖലയിൽ യാത്ര അവസാനിക്കുന്നു. ഇവിടം തിരക്കേറിയതല്ല, കൂടുതൽ വെല്ലുവിളി നിറഞ്ഞതും നേപ്പാളിലെ മറ്റേതൊരു പ്രധാന ട്രെക്കിനെക്കാളും മികച്ചതുമാണ്. ചൂടുകൂടിയ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആരംഭിക്കുന്ന യാത്ര റോഡോഡെൻഡ്രോൺ വനങ്ങളിലൂടെയും പരമ്പരാഗത ഗുരൂങ് ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്നു. ടിബറ്റൻ ബുദ്ധമത പ്രദേശത്തേക്ക് പിന്നീട് പ്രവേശിക്കാം. 360-ഡിഗ്രി ഹിമാലയൻ കാഴ്ചകളുള്ള ലാർക്യ ലാ പാസ് കടന്ന് അന്നപൂർണ്ണ മേഖലയിലേക്ക് ഇറങ്ങാം.

3. ഡോൾപോ ട്രെക്ക് (Dolpo Trek)

ദൂരം: 21-25 ദിവസം

പരമാവധി ഉയരം: 5,360 മീറ്റർ

ഏറ്റവും നല്ല സീസൺ: മേയ്-ഒക്ടോബർ

ധൗലഗിരി മാസിഫിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മിക്ക ട്രെക്കർമാരും ഇവിടെയെത്തുന്നില്ല. കാരണം ഇതിന് സമയവും കായികക്ഷമതയും ആവശ്യമാണ്. നേപ്പാളിലെ ഏറ്റവും ആഴമേറിയ തടാകമായ ഷെ ഫൊക്‌സുൻഡോ ആണ് പ്രധാന ആകർഷണം. ഈ തടാകത്തിലെ നീല നിറത്തിലുള്ള വെള്ളം കണ്ടാസ്വദിക്കാം.

4. കാഞ്ചൻജംഗ ബേസ് ക്യാമ്പ് ട്രെക്ക് (Kanchenjunga Base Camp Trek)

ദൂരം: 18-20 ദിവസം

പരമാവധി ഉയരം: 5,143 മീറ്റർ

ഏറ്റവും നല്ല സീസൺ: മാർച്ച്-മേയ്, സെപ്റ്റംബർ-നവംബർ

ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ പർവതമാണ് കാഞ്ചൻജംഗ. ഇത് നേപ്പാൾ-സിക്കിം അതിർത്തി പങ്കിടുന്നു. നോർത്ത്, സൗത്ത് ബേസ് ക്യാമ്പുകൾ പൂർണ്ണമായും വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്നു. ഉപോഷ്ണമേഖലാ വനങ്ങൾ മുതൽ ഉയർന്ന ആൽപൈൻ മേഖലകൾ വരെയുള്ള വിവിധ ആവാസവ്യവസ്ഥകൾ, പരമ്പരാഗത ലിംബു, റായ് ഗ്രാമങ്ങൾ, തിരക്കില്ലാതെ വലിയ ഹിമാലയൻ കാഴ്ചകൾ എന്നിവ അനുഭവിക്കാൻ കഴിയും.

5. സം വാലി ട്രെക്ക് (Tsum Valley Trek)

ദൂരം: 10-12 ദിവസം

പരമാവധി ഉയരം: 3,700 മീറ്റർ

ഏറ്റവും നല്ല സീസൺ: മാർച്ച്-മേയ്, സെപ്റ്റംബർ-നവംബർ

വാലി മൻസ്‌ലു മേഖലയുടെ വടക്ക് ഭാഗത്ത് മറഞ്ഞിരിക്കുന്ന പുണ്യ ഹിമാലയൻ താഴ്‌വരയാണിത്. ടിബറ്റൻ ബുദ്ധമത സംസ്കാരത്തിന് പേരുകേട്ട ഇടമെന്ന പ്രത്യേകതയുമുണ്ട്. 2008 വരെ പുറത്തുനിന്നുള്ളവർക്ക് ഇവിടേയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല.