കര്‍ണാടകത്തില്‍ മൈസൂരു വിരാജ്‌പേട്ട് പാതയിലെ നാഗര്‍ഹോളെ വനത്തിലൂടെ കടന്നുപോകുന്ന റോഡില്‍ മലയാളി വാഹനയാത്രികരില്‍നിന്ന് വനംവകുപ്പ് പണപ്പിരിവ് നടത്തുന്നു. കേരളത്തിലേക്കുള്ള പ്രധാനപാതയായ ഇവിടെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് പണംപിരിക്കാന്‍ തുടങ്ങിയത്.

To advertise here,

മൈസൂരുകഴിഞ്ഞ് ഹുന്‍സൂരിനുശേഷം വനം തുടങ്ങുന്ന ഭാഗത്തെ അനെചൗകുര്‍ ഗേറ്റില്‍നിന്നാണ് പണപ്പിരിവ്. കാറുകള്‍ പോലുള്ള ചെറിയവാഹനങ്ങള്‍ക്ക് 20 രൂപയും ബസ്, ലോറി തുടങ്ങിയ വലിയവാഹനങ്ങള്‍ക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. 'പ്രവേശന നിരക്ക്' എന്നപേരിലാണ് പണം പിരിക്കുന്നത്.

ഇതുവരെയില്ലാത്ത പുതിയരീതി കൊണ്ടുവന്നതിന്റെ കാരണം വ്യക്തമാക്കാന്‍ വനംവകുപ്പ് അധികൃതര്‍ തയ്യാറായില്ലെന്ന് ഇത്തരത്തില്‍ പണം നല്‍കേണ്ടിവന്ന കാഞ്ഞങ്ങാട് സ്വദേശി പി. വിമേഷ് പറഞ്ഞു. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനങ്ങളെ തുക ഈടാക്കാതെ കടത്തിവിടുന്നുണ്ടെന്നും ഇതരസംസ്ഥാന വാഹനങ്ങളില്‍നിന്നാണ് പണം പിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹത്തില്‍നിന്ന് പണം ഈടാക്കിയത്.

placeholder
നാഗർഹോളെ വനത്തിലൂടെ സഞ്ചരിക്കാൻ കർണാടക വനംവകുപ്പ് പണം പിരിക്കുന്നതിന്റെ രസീത്

തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള മലയാളി യാത്രികര്‍ ആശ്രയിക്കുന്ന പ്രധാന പാതയായ ഇതുവഴി പ്രതിദിനം നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്കുള്ള വനപാതകളില്‍ രാത്രിയാത്രാ നിരോധനമില്ലാത്ത ഏക പാതയും ഇതാണ്.

കടുവാ സങ്കേതം കൂടിയായ നാഗര്‍ഹോളെ വനത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുമതിയില്ല. എന്നാല്‍, പാര്‍ക്ക് ചെയ്യാന്‍ ചെറിയവാഹനങ്ങള്‍ക്ക് 50 രൂപയും വലിയ വാഹനങ്ങള്‍ക്ക് 100 രൂപയുമാണെന്നും രസീതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍, വനത്തില്‍ സഫാരി നടക്കുന്ന ഭാഗത്തേക്ക് പ്രവേശിക്കുന്നവരില്‍നിന്ന് പണമീടാക്കാനുള്ള രസീത് ഉപയോഗിച്ച് പ്രധാനറോഡിലൂടെ പോകുന്ന യാത്രികരില്‍നിന്ന് അനധികൃതമായി പണം പിരിക്കുകയാണോയെന്ന സംശയം യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്. പ്രധാന റോഡില്‍നിന്ന് മാറി വനത്തിന്റെ മറ്റൊരു ഭാഗത്താണ് സഫാരി. സഫാരിക്കെത്തുന്നവര്‍ സ്വന്തം വാഹനം പാര്‍ക്കുചെയ്തശേഷം വനംവകുപ്പിന്റെ വാഹനത്തില്‍വേണം സഫാരിക്ക് പോകേണ്ടത്. അതിനാല്‍, പാര്‍ക്കിങ് നിരക്കടക്കം രേഖപ്പെടുത്തിയ രസീത് ഉപയോഗിക്കാന്‍ സാധിക്കുന്നത് ഇവിടെ മാത്രമാണ്.