മൈസൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സഫാരി കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം. കർണാടക വനംവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണമെന്ന് കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കുമാർ പുഷ്‌കർ ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി. പലപ്പോഴും സെൽഫിയെടുക്കുന്നതിനായി വാഹനങ്ങൾ ഒരേ കേന്ദ്രത്തിൽ ഒത്തുകൂടുന്നതും ബഹളംവെക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇതിനാലാണ് സെൽഫിനിരോധനം ഏർപ്പെടുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു.

To advertise here,

സഫാരിവാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. സഫാരി വാഹനങ്ങൾ പുറപ്പെടുന്നതിനുമുൻപ് ഫോണുകൾ ഫ്‌ളൈറ്റ് മോഡിലാക്കണം. മൃഗങ്ങളുടെ സ്ഥിരസങ്കേതങ്ങൾ വെളിപ്പെടുത്തുന്നത് തടയുന്നതിനും ഒരൊറ്റ സഫാരിസ്ഥലത്ത് വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണം. സഫാരിവാഹനങ്ങളിലെ ഡ്രൈവർമാർക്ക് മൊബൈലിനു പകരം വാക്കിടോക്കികൾ ഏർപ്പെടുത്തും.

ആശയവിനിമയം ഇതിലൂടെ നടത്താനുള്ള സംവിധാനം ഏർപ്പെടുത്തും. സംരക്ഷിത വനപ്രദേശങ്ങളിലും കടുവസംരക്ഷണ കേന്ദ്രങ്ങളിലും മൊബൈൽ ടവറുകൾ നിർമിക്കുന്നത് ഭീഷണി ഉയർത്തുന്നുണ്ട്.

മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്നതിന് ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. കടുവ സംരക്ഷണ മേഖലകളെ നിശ്ശബ്ദ മേഖലകളായി വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീംകോടതി മുൻപ് നിർദേശിച്ചിട്ടുണ്ട്. അതിനാലാണ് ഫോണുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്നതെന്ന് വനം വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

വന്യജീവികളുടെ ആക്രമണത്തിൽ കർഷകർ കൊല്ലപ്പെടുന്നത് പതിവായതോടെ കഴിഞ്ഞവർഷം നവംബറിൽ ബന്ദിപ്പുർ, നാഗർഹോളെ ടൂറിസം സഫാരികൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. തുടർന്ന് വിനോദസഞ്ചാരമേഖലയിലെ വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് ഈ വർഷം ആദ്യം കേന്ദ്രങ്ങൾ വീണ്ടും തുറന്നത്. എന്നാൽ, ഇതിനെതിരേ കർഷകർ വീണ്ടും പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സഫാരി കേന്ദ്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചത്.