നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജീവിതം തൊട്ടറിഞ്ഞ് മുംബൈയില്‍നിന്ന് കശ്മീരിലേക്ക് സ്‌കൂട്ടറില്‍ സാഹസികയാത്രചെയ്യുകയാണ് മലയാളി വനിതകള്‍. റായ്ഗഢ് ജില്ലയിലെ പെന്‍ നിവാസികളായ ആലുവ സ്വദേശി സേതുലക്ഷ്മിയും പത്തനംതിട്ട സ്വദേശി ആതിര ഷാലിയുമാണ് 20 ദിവസത്തോളമെടുക്കുന്ന യാത്രയുടെ ഭാഗമാകുന്നത്. പെന്‍ എന്ന സ്ഥലത്തുനിന്ന് ഞായറാഴ്ച യാത്രതിരിച്ച അവര്‍ ബുധനാഴ്ച 770 കിലോമീറ്റര്‍ പിന്നിട്ട് ഉദയ്പുരിലെത്തി.
ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷനില്‍ ബി.ടെക്. കഴിഞ്ഞ സേതുലക്ഷ്മിയും ബി.എ. ലിറ്ററേച്ചര്‍ കഴിഞ്ഞ ആതിരയും ജോലി രാജിവെച്ചാണ് യാത്രയ്ക്കുതിരിച്ചത്. ''നേരത്തേയും ഞങ്ങള്‍ യാത്രചെയ്തിട്ടുണ്ട്. എന്നാല്‍, ഇത്രയും ദൂരത്തേക്ക് ഇതാദ്യമാണ്. മാസങ്ങള്‍ക്കുമുമ്പ് സ്‌കൂട്ടറില്‍ത്തന്നെ എല്ലോറയിലേക്ക് പോയിരുന്നു. 13 മണിക്കൂര്‍കൊണ്ട് അവിടെയെത്തി. ഇതിപ്പോള്‍ 20 ദിവസത്തോളമെടുക്കും.
സൂറത്ത്, അഹമ്മദാബാദ് വഴി ഉദയ്പുരിലെത്തി. ഇനി ജയ്പുര്‍, പഞ്ചാബ്, വാഗാ അതിര്‍ത്തി, ഹരിയാണ, പത്താന്‍കോട്ട് വഴി ശ്രീനഗറിലേക്ക്. അവിടെനിന്ന് തിരിച്ച് ഡല്‍ഹിയിലെത്തി പിന്നീടുള്ള യാത്ര ട്രെയിനിലായിരിക്കും.'' -എറണാകുളം ആലുവ സ്വദേശിയായ സേതുലക്ഷ്മി പറയുന്നു.
ഒരു ദിവസം 250-ഓളം കിലോമീറ്ററാണ് യാത്ര. വൈകീട്ട് ഏഴോടെ ഏതെങ്കിലും പട്ടണത്തില്‍ യാത്ര അവസാനിപ്പിക്കും. ഇതിനിടയില്‍ ഒരു ചെറിയ കച്ചവടത്തിനും സമയംകണ്ടെത്തുന്നുണ്ട്. വഴിയില്‍ കാണുന്ന ഏതെങ്കിലും സാധനം കുറച്ചധികം വാങ്ങി അവ മറ്റൊരിടത്ത് വിറ്റ് അതില്‍നിന്ന് കിട്ടുന്ന ലാഭം പാവപ്പെട്ട കുട്ടികള്‍ക്കോ, വഴിയരികിലെ വയോധികര്‍ക്കോ നല്‍കും. അവര്‍ക്കൊരു കൈത്താങ്ങാകുക എന്നതും യാത്രയുടെ ഉദ്ദേശ്യമാണെന്ന് ഇവര്‍ പറയുന്നു.
''ഓറഞ്ചിന്റെ സീസണായതിനാല്‍ അവയാണ് ഏറെയും വാങ്ങി വില്‍ക്കുന്നത്. ഇത് കഴിഞ്ഞുവേണം ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിക്കുകയറാന്‍. ഇത്തരം യാത്രകള്‍ക്ക് അവധിയൊന്നും കിട്ടില്ല. അതിനാലാണ് ജോലിവിട്ടത്.'' -പത്തനംതിട്ട സ്വദേശിയായ ആതിര പറയുന്നു. കുടുംബത്തിന്റെയും ഭര്‍ത്താക്കന്മാരുടെയും പൂര്‍ണസമ്മതത്തോടെയാണ് ഇരുവരുടെയും യാത്ര. യാത്രയ്ക്കിടയില്‍ അതത് പ്രദേശത്തെ മലയാളി സംഘടനകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
Content Highlights: Kerala girls on a dream ride to explore India on scooter
Published: 21 Dec 2023, 10:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented