
ഇലക്ട്രിക് വാഹനമുപയോഗിച്ച് ഒരാള്‍ക്ക് ഇന്ത്യമൊത്തം സഞ്ചരിക്കാനാവുമോ? ശ്രമിച്ചാല്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അനന്തുവും കൊല്ലം സ്വദേശികളായ ബിനീഷും അനുരാജും. തിരുവനന്തപുരം മുതല്‍ കശ്മീര്‍ വരെ ടാറ്റ നെക്‌സോണ്‍ ഇ.വിയില്‍ പോയി തിരിച്ചെത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍. പെട്രോള്‍ കാറിലും ഹിച്ച് ഹൈക്കായുമെല്ലാം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു യാത്ര വ്യത്യസ്തമായ അനുഭവമാണെന്ന് പറയുകയാണ് അനന്തു.
ഫെബ്രുവരി 15-ന് ഫ്‌ളാഗ് ഓഫ്
ടാറ്റാ നെക്‌സോണിന്റെ ഒന്നര വര്‍ഷം പഴക്കമുള്ള ഇ.വിയിലായിരുന്നു യാത്ര. ഫെബ്രുവരി 15-ന് തിരുവനന്തപുരത്തുവെച്ച് മന്ത്രി ഗണേഷ് കുമാറായിരുന്നു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇവി ഉപയോഗിച്ച് എത്രത്തോളം ദൂരം പോകാന്‍ സാധിക്കും?, കേരളം പോലെ മറ്റു സംസ്ഥാനങ്ങള്‍ എത്രമാത്രം ഇലക്ടിക് വാഹനസൗഹൃദമാണ്?, കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസവും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ അവസ്ഥ തുടങ്ങിയവ കാണുകയും മനസിലാക്കുകയുമായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശങ്ങള്‍.
38 ദിവസമായിരുന്നു യാത്രാദിനങ്ങള്‍. 21 സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. ഉത്തരാഖണ്ഡിനും ജമ്മുവിനും ഇടയില്‍വെച്ചാണ് യാത്ര അവസാനിപ്പിച്ചത്. ചാര്‍ജിങ് സ്റ്റേഷനുകളില്ലാത്തതും കനത്ത മഞ്ഞുവീഴ്ചയുമായിരുന്നു കാരണം. ശ്രീനഗറിലാണ് യാത്രയിലെ അവസാന ചാര്‍ജിങ് സ്റ്റേഷനുള്ളത്. പിന്നെയുള്ളത് ഞങ്ങളുടെ യഥാര്‍ഥ ലക്ഷ്യമായ ലഡാക്കിലാണ്. പോകുന്ന വഴിയില്‍ ഏതെങ്കിലും വീട്ടില്‍ക്കയറി സ്ലോ ചാര്‍ജ് ചെയ്യാമായിരുന്നെങ്കിലും മഞ്ഞുവീണുകൊണ്ടിരിക്കുന്നതിനാല്‍ ബാറ്ററി ഡ്രെയിന്‍ ആവും എന്നതിനാല്‍ ആ വഴി ആശ്രയിച്ചില്ല.

യാത്രാ റൂട്ട് ഇങ്ങനെ
തിരുവനന്തപുരത്തുനിന്ന് നേരെ കന്യാകുമാരിയിലേക്കാണ് പോയത്. അവിടെ നിന്ന് ശിവകാശിയിലേക്കാണ് പോയത്. പടക്കങ്ങളുണ്ടാക്കുന്ന സ്ഥലങ്ങളാണ് അവിടെ കാണാനായത്. അവിടെ രണ്ടുദിവസം ചെലവഴിച്ചു. അവിടെനിന്ന് തെലങ്കാന, ആന്ധ്ര, ബെംഗളൂരു, ഹൈദരാബാദ്, നാഗ്പുര്‍, മുംബൈ കറങ്ങി നേരെ പ്രയാഗ്‌രാജില്‍പോയി കുംഭമേള കണ്ടു. പിന്നീട് ഡല്‍ഹി, ബെംഗാള്‍, ചണ്ഡീഗഢ് കറങ്ങി വീണ്ടും ഡല്‍ഹിയിലെത്തുന്നു. അവിടെ നിന്ന് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് വഴി കശ്മീരിലെത്തി.
യാത്ര ലക്ഷ്യംകാണുമോയെന്ന് സംശയിച്ചിരുന്നു
ഇ.വിയിലാണ് കറക്കം എന്നതിനാല്‍ യാത്ര ലക്ഷ്യം കാണുമോ എന്ന് ഞങ്ങള്‍ക്കുതന്നെ സംശയമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ഇ.വി ഉപയോഗിക്കുന്നത് കേരളം, ഡല്‍ഹി, ബെംഗളൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മാത്രമാണ്. ബാക്കി എല്ലായിടങ്ങളിലും ചാര്‍ജിങ് പോയിന്റിന്റെ പ്രശ്‌നമുണ്ട്. പത്ത് നാല്പത് കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് നമുക്ക് ഒരു ചാര്‍ജിങ് പോയിന്റ് കിട്ടുന്നത്. കേരളത്തിന് പുറത്ത് പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിങ് പോയിന്റുകള്‍ വെയ്ക്കുന്ന സംവിധാനമുണ്ട്. പക്ഷേ ബി.പി.സി.എല്ലിന്റേതൊഴികെ ഒന്നില്‍പ്പോലും അവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. നേരത്തേ പറഞ്ഞ നാലിടങ്ങളിലൊഴിച്ച് ബാക്കിയെല്ലായിടത്തും വണ്ടി ചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. പിന്നെ നാഗ്പുര്‍ പോലുള്ള വലിയ നഗരങ്ങളില്‍ ഹോട്ടലുകളിലെല്ലാം ചാര്‍ജിങ് പോയിന്റുകളുണ്ടായിരുന്നു. അവിടെത്തന്നെ താമസിച്ച് വാഹനം ചാര്‍ജ് ചെയ്യാവുന്ന നല്ലൊരു ഓപ്ഷനാണത്. പക്ഷേ വലിയ സിറ്റികളിലേ ഇതിന് സൗകര്യമുള്ളൂ. ചാര്‍ജിങ് സ്റ്റേഷന്‍പോയിട്ട് നന്നായി ഒന്നിരിക്കാന്‍പോലും പറ്റാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്തിരുന്നു. ഒന്നര മണിക്കൂറാണ് ഫുള്‍ ചാര്‍ജാവാന്‍ വേണ്ട സമയം. അവിടെ അത്രയും സമയം ഇരിക്കേണ്ടിയിരുന്നു.

പോയതില്‍വെച്ചേറ്റവും സാഹസികമായ യാത്ര
എന്റെ നാലാമത്തെ ഓള്‍ ഇന്ത്യാ ട്രിപ്പാണിത്. ഹിച്ച് ഹൈക്കിങ്ങിനൊക്കെ പോയിട്ടുണ്ടെങ്കിലും അതിനേക്കാളെല്ലാം സാഹസികമായ യാത്ര ഇതായിരിക്കും. ഹിച്ച് ഹൈക്കാണെങ്കില്‍ വണ്ടി കിട്ടിയില്ലെങ്കില്‍പ്പോലും എവിടെയെങ്കിലും താമസിക്കാം. ഇതാണെങ്കില്‍ നല്ല വിലയുള്ള വണ്ടിയാണ്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ വഴിയിലിട്ട് പോകാന്‍ പറ്റില്ല. അതുകൊണ്ട് സുരക്ഷയുടെ പ്രശ്‌നം യാത്രയിലുടനീളം അലട്ടിയിരുന്നു. എങ്കിലും ബാറ്ററി 20-30 ശതമാനമാവുമ്പോള്‍ കൃത്യമായി ചാര്‍ജ് ചെയ്തതാണ് രക്ഷയായത്. നാഗ്പുരില്‍നിന്ന് പ്രയാഗ്രാജ് പോകുന്ന വഴിയില്‍ വണ്ടി കേടായി. കുറേ പേരോട് സഹായം ചോദിച്ചിട്ട് കിട്ടിയില്ല. ഭാഷയുടെ പ്രശ്‌നവും വന്നു. അവര്‍ പറയുന്നത് ഹിന്ദിയാണെങ്കിലും വ്യത്യസ്തമായ ശൈലിയായതുകൊണ്ട് മനസിലാക്കാന്‍ ബുദ്ധിമുട്ടി. അവര്‍ക്കാണെങ്കില്‍ നമ്മുടെ ഹിന്ദിയും ഇംഗ്ലീഷും മനസിലാവുന്നുണ്ടായിരുന്നില്ല. പക്ഷേ ഒരാള്‍ സഹായിക്കാനായി വന്നു. പുള്ളിയുടെ വീട്ടില്‍ വാഹനം ചാര്‍ജ് ചെയ്യാനും കിടക്കാനും സ്ഥലം തന്നു.
'മഹീന്ദ്ര'യുടെ സഹായം
ടാറ്റയുടെ വാഹനത്തിലാണ് യാത്രയെങ്കിലും മഹീന്ദ്രയുടെ ഭാഗത്തുനിന്നും സഹായം ലഭിച്ചിരുന്നു. മഹീന്ദ്രയുടെ എല്ലാ ഷോറൂമുകളിലും ചാര്‍ജിങ് പോയിന്റുകളുണ്ടായിരുന്നു. നാഗ്പുര്‍ മഹീന്ദ്ര ഷോറൂമിന്റെ ജിഎം മലയാളിയായിരുന്നു, കൊല്ലംകാരന്‍. ഞങ്ങള്‍ ചാര്‍ജ് ചെയ്തുകഴിഞ്ഞപ്പോള്‍ അദ്ദേഹം വന്ന് സംസാരിച്ചു. ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോവുകയും ഭക്ഷണമുണ്ടാക്കിത്തരികയും ചെയ്തു. ഒരുപാട് മലയാളികള്‍ ഇതുപോലെ വന്ന് പരിചയപ്പെടുകയും വീട്ടിലേക്ക് ക്ഷണിച്ച് ആഹാരം തരികയുംചെയ്തു.

ഏറ്റവും കൂടുതല്‍ ചെലവ് വന്നത് ടോളിന്
ഏറ്റവും കൂടുതല്‍ ചെലവ് വന്നത് ടോള്‍ കൊടുത്താണ്. 15,000 രൂപയ്ക്കുമേലെ ആയിട്ടുണ്ട് ടോളിന് മാത്രം കൊടുത്ത പൈസ. എണ്ണൂറ് രൂപ ടോള്‍ വാങ്ങിയ സ്ഥലമുണ്ട്. പൈസ തട്ടിയ അനുഭവമൊക്കെയുണ്ട്. എത്ര യാത്ര പോയെന്നു പറഞ്ഞാലും കിട്ടാനുള്ള പണി കിട്ടിയിരിക്കും.
ഉത്തരേന്ത്യയിലെ സ്‌കൂളുകള്‍
ഉത്തരേന്ത്യയുടെ കൂടുതല്‍ ഉള്ളിലേക്ക് പോകുന്തോറും സ്‌കൂളുകളെല്ലാം ഒരുപാട് മെച്ചപ്പെടാനുണ്ട്. കെട്ടിടമെന്നൊന്നും പറയാനാവില്ല. ഷെഡ്ഡുകളാണ് കാണാനായത്. ശരിക്കൊരു റോഡുപോലുമില്ലാതെ പരിതാപകരമായ അവസ്ഥയാണ്. കര്‍ണാടകയുടെ ഉള്‍നാട്ടിലുള്ള ചില സ്‌കൂളുകള്‍ സന്ദര്‍ശിച്ചിരുന്നു. പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ലെന്നാണ് മനസിലാക്കിയത്. ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ സമ്മതിക്കാതിരുന്ന സ്ഥലങ്ങളുമുണ്ട്. വെള്ളമോ വൃത്തിയോ സുരക്ഷയോ ഇല്ലാത്ത നാടുകളും ഈ യാത്രയില്‍ കണ്ടു.
പണി തന്ന പനിയും ക്ലിനിക്കും
കേരളത്തേക്കാള്‍ ഒരുപാട് മികവ് പുലര്‍ത്തുന്ന പ്രാഥാമികാരോഗ്യ കേന്ദ്രങ്ങള്‍ കണ്ടു. പക്ഷേ അതുപോലെ പൈസയുമായി. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ക്ക് ഡല്‍ഹിയില്‍വെച്ച് പനിവന്നു. ഒരു ക്ലിനിക്കിലാണ് കാണിച്ചത്. ഒരു കുത്തിവെപ്പെടുത്ത് മരുന്നുംതന്ന് വിടും എന്നാണ് വിചാരിച്ചത്. ഡോക്ടറെ കണ്ടിറങ്ങിയപ്പോള്‍ ആറായിരത്തി മുന്നൂറ് രൂപയായി. വിചാരിച്ച ചികിത്സയോ മരുന്നോ കിട്ടിയില്ല. പിറ്റേന്ന് ചെല്ലാന്‍ പറഞ്ഞു. തൊട്ടടുത്ത ദിവസം ചെന്നപ്പോള്‍ ഒരു റിസള്‍ട്ടും തന്ന് വിട്ടു. പക്ഷേ കുറച്ചുകൂടി വലിയ ആശുപത്രിയില്‍ ചെന്നപ്പോള്‍ നല്ല സര്‍വീസായിരുന്നു. കയ്യില്‍ കാശില്ലെങ്കില്‍ ക്ലിനിക്കുകളില്‍ പോകാതെ സര്‍ക്കാരാശുപത്രിയിലേ പോകാവൂ എന്ന് അതോടെ പഠിച്ചു. കാശുണ്ടെങ്കില്‍ വലിയ ആശുപത്രിയില്‍ പോകാം. ഇടത്തരം സംവിധാനങ്ങളെ ഒരിക്കലും ആശ്രയിക്കരുതെന്നും മനസിലായി. അതൊരു പുതിയ പാഠംതന്നെയായിരുന്നു. നല്ല റോഡുകളും വൃത്തിയുള്ള സര്‍ക്കാര്‍ ശൗചാലയങ്ങളുമെല്ലാം യാത്രയ്ക്കിടെ കണ്ടു.

കുംഭമേള, കേദാര്‍കന്ദ ട്രെക്കിങ്
പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് പോകാന്‍ സാധിച്ചു. അവിടെനിന്ന് ഉത്തരാഖണ്ഡിലേക്കാണ് പോയത്. അവിടെ കേദാര്‍കന്ദ ട്രെക്കിങ് നടത്തി. നാലുദിവസത്തെ പരിപാടിയായിരുന്നു അത്. രണ്ടുദിവസം അങ്ങോട്ടും രണ്ടുദിവസം ഇങ്ങോട്ടും. മലയാളി കമ്പനികളാണ് ട്രെക്കിങ് സംഘടിപ്പിക്കുന്നവരില്‍ പ്രധാനികള്‍. പോയതില്‍വെച്ചേറ്റവും ഉയര്‍ന്ന സ്ഥലമാണിത്. പിന്നെ ഇന്ത്യയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രെക്ക് ആണിത്. 12 കിലോമീറ്ററോളം നടക്കാനുണ്ട്. അത്രയും മനക്കട്ടി ഉള്ളവര്‍ക്ക് മാത്രമേ അവിടെ പോയി തിരിച്ചുവരാനാവൂ എന്ന് കേട്ടിട്ടുണ്ട്. ഭക്ഷണമെല്ലാം സ്വയം പാചകം ചെയ്യാനായി കിച്ചണ്‍ സെറ്റ് വണ്ടിയിലുണ്ടായിരുന്നു. ടാറ്റയുടെ ഇ.വിയെക്കുറിച്ച് ചില പരാതികള്‍ കേട്ടിരുന്നു. പക്ഷേ ഏതാണ്ട് 17,000 കിലോമീറ്റര്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ടുണ്ട്. എന്നാല്‍ വണ്ടിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്താവശ്യം പറഞ്ഞ് വിളിച്ചാലും നല്ല പിന്തുണയുമായി ബന്ധപ്പെട്ടവരുണ്ടായിരുന്നു. പല സമയങ്ങളിലും വണ്ടിക്കുള്ളില്‍ത്തന്നെ ചെലവഴിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.
സഞ്ജു സാംസണെ മനസിലാക്കിയ യു.പിക്കാരൻ
യാത്ര തുടങ്ങി പന്ത്രണ്ടാമത്തെ ദിവസം. യു.പിയിലൊക്കെ വാഹന ചാർജിങ് സ്റ്റേഷനുകൾ നഗരപ്രദേശങ്ങളിലേ ഉള്ളൂ. ഒരു കുഗ്രാമത്തിൽവെച്ച് രാത്രി ഏഴുമണി സമയത്ത് വാഹനം ചാർജ് തീർന്ന് വഴിയിലായി. ചാർജ് നാല് ശതമാനമായപ്പോൾ വണ്ടി അരികിലേക്കൊതുക്കുകയായിരുന്നു. സമീപത്തൊന്നും ചാർജിങ് പോയിന്റുകൾ കാണുന്നില്ല. ഫോണിന്റെ റേഞ്ച് പൊലും പരിതാപകരമായിരുന്നു. പെട്ടുപോവും എന്ന് ഞങ്ങൾക്ക് നൂറുശതമാനം ഉറപ്പായിരുന്നു. സത്യത്തിൽ വഴിതെറ്റി ആ ഗ്രാമത്തിൽ എത്തിപ്പെടുകയായിരുന്നു. ഒരുപാട് പേരോട് സഹായം അഭ്യർത്ഥിച്ചിട്ടും കിട്ടിയില്ല. ഒടുവിൽ ഒരാൾ സഹായത്തിനെത്തി. അയാൾ സ്വന്തം വീട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോയി. വളരെ ചെറിയ വീടായിരുന്നു അത്. അവിടെവെച്ച് വാഹനം സ്ലോ ചാർജിനുള്ള അവസരംലഭിച്ചു. അവിടന്നായിരുന്നു ആഹാരം കഴിച്ചത്. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു അദ്ദേഹം. ഞങ്ങൾ പറഞ്ഞതൊന്നും പുള്ളിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞത്. വളരെ സ്നേഹമുള്ള മനുഷ്യനായിരുന്നു അദ്ദേഹം. കേരളത്തേയും അവിടത്ത ആളുകളെക്കുറിച്ചും പറയുമ്പോൾ വല്ലാത്തൊരിഷ്ടം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിയാൻപറ്റി. നമ്മുടെ നടന്മാരുടെ ചിത്രമൊക്കെ കാണിച്ചപ്പോൾ അദ്ദേഹത്തിന് ആരെയും അറിയില്ല. ആകെ അറിയാവുന്നത് സഞ്ജു സാംസണെ മാത്രമായിരുന്നു. ഒരുദിവസം ആ വീട്ടിൽക്കഴിഞ്ഞു.
ചോര്‍ മാര്‍ക്കറ്റ് സന്ദര്‍ശനം, പോക്കറ്റടി
മുന്‍പ് പെട്രോള്‍ കാറില്‍ ഇന്ത്യ ചുറ്റിയിട്ടുണ്ട്. പക്ഷേ എവിടെ പെട്രോള്‍ കിട്ടുമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് വഴിയില്‍ക്കിടക്കുമെന്ന് പേടിയില്ലായിരുന്നു. ഹിച്ച് ഹൈക്കിങ്ങും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇ.വി യാത്രയായതിനാല്‍ ചാര്‍ജ് തീര്‍ന്ന് വഴിയിലാവുമോയെന്ന് ഉള്ളില്‍ പേടിയുണ്ടായിരുന്നു. പിന്നെ ഉത്തരേന്ത്യയില്‍ രാത്രി വഴിയില്‍ കള്ളന്മാരുടെ ശല്യമുണ്ടായിരുന്നു. വണ്ടി തടഞ്ഞിട്ടുണ്ട്. നമ്മുടെ വാഹനം ലക്ഷ്യമാക്കി ഓടിവരികയായിരുന്നു. അതിനുശേഷം രാത്രിയില്‍ യാത്രചെയ്യുന്നത് നിര്‍ത്തി. നാഗ്പൂരിലെ ചോര്‍ മാര്‍ക്കറ്റില്‍ പോയിരുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ മോഷണ സാധനങ്ങളാണ് അവിടെ വില്പനയ്ക്ക്. ഒരുലക്ഷം രൂപയുടെ ക്യാമറയൊക്കെ തുച്ഛമായ വിലയ്ക്ക് കിട്ടും അവിടെ. പുലര്‍ച്ചെ നാലുമുതല്‍ എട്ടുവരെയേ ഉള്ളൂ പ്രവര്‍ത്തനം. മാര്‍ക്കറ്റില്‍ പോവാന്‍മാത്രം ആ പ്രദേശത്ത് ഒരുദിവസം ചെലവഴിച്ചു. ഇടയ്ക്ക് കൂട്ടത്തിലൊരാളുടെ പോക്കറ്റടിച്ചുപോവുകയും ചെയ്തു.

കാണാന്‍ കഴിഞ്ഞ മാറ്റങ്ങള്‍
ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. ആളുകള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാവാം എല്ലായിടത്തും നല്ല മാറ്റങ്ങള്‍ കാണാനായി. എല്ലാ മേഖലയും കുറേക്കൂടി ആക്ടീവായതായി തോന്നി.
Content Highlights: Three friends completed a 38-day EV road trip across India
Published: 08 Mar 2025, 07:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented