തൃശ്ശൂര്‍: വീല്‍ച്ചെയറില്‍ കഴിയുന്ന നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുഭിന്നശേഷിക്കാര്‍ രാജ്യാന്തരയാത്രയ്ക്ക്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം രൂപകല്പന നടത്തിയ വാഹനങ്ങളിലാണ് 60 ദിവസത്തെ യാത്ര. 12000 കിലോമീറ്റര്‍ റോഡുവഴിയുള്ള യാത്രയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളും നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കും.

To advertise here,

ഭിന്നശേഷിക്കാര്‍ക്ക് സൗഹൃദമായ പൊതുസൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ട്രൈനേഷന്‍ ആക്‌സസിബിലിറ്റി അവയര്‍നസ് റൈഡ് 2026' സംഘടിപ്പിക്കുന്നത്. ജനുവരി 15-ന് തൃശ്ശൂര്‍ ആളൂര്‍ പഞ്ചായത്തുകമ്യൂണിറ്റി ഹാളില്‍ നിന്നാരംഭിച്ച് കോയമ്പത്തൂര്‍, ചെന്നൈ, കൊല്‍ക്കത്ത, സിലിഗുഡി, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ഭൂട്ടാന്‍, സിക്കിം, നേപ്പാള്‍, ഡല്‍ഹി വഴി മടങ്ങി മുംബൈ വഴി തൃശ്ശൂരില്‍ സമാപിക്കും.

'ഈഗിള്‍ സ്പെഷ്യലി ഏബിള്‍ഡ് റൈഡേഴ്സി'ന്റെ പത്ത് അംഗങ്ങളടങ്ങിയ റൈഡിങ് ടീമില്‍ അഞ്ചുപേരാണ് ഭിന്നശേഷിക്കാര്‍. തൃശ്ശൂരിലെ പി.എ. സൂരജ്, പി.എ. രാജന്‍, കാസര്‍കോട്ടെ കെ. രാഗേഷ്, തിരുവനന്തപുരത്തെ ആര്‍.ബി. രാകേഷ്, കണ്ണൂരിലെ അബ്ദുല്‍ ബഷീര്‍ എന്നിവരാണ് റൈഡര്‍മാര്‍.

സൂരജ്, ഈഗിള്‍ സ്പെഷ്യലി ഏബിള്‍ഡ് റൈഡേഴ്സിന്റെ സംസ്ഥാന പ്രസിഡന്റും വോയ്‌സ് ഓഫ് ഡിസേബിള്‍ഡ് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമാണ്. കേരള സംസ്ഥാന പുരസ്‌കാരവും ഹെലന്‍ കെല്ലര്‍ അന്താരാഷ്ട്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2025-ല്‍ 12 സംസ്ഥാനങ്ങളിലൂടെ 7,000 കിലോമീറ്റര്‍ ആക്‌സസിബിലിറ്റി റൈഡ് ഉള്‍പ്പെടെ നിരവധി ദേശീയതല യാത്രകള്‍ സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

രാഗേഷ് കേരളം മുതല്‍ ലഡാക്ക് വരെ 8,000 കിലോമീറ്റര്‍ അവയര്‍നെസ് റൈഡ് കാറില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അബ്ദുല്‍ ബഷീര്‍ 2023-ലെ കേരള സംസ്ഥാന പുരസ്‌കാര ജേതാവാണ്. വീല്‍ച്ചെയര്‍ ഉപയോഗിച്ച് കേരള-ലഡാക്ക് യാത്ര നടത്തിയിട്ടുണ്ട്.

വീല്‍ച്ചെയര്‍ കയറ്റാവുന്ന ഇലക്ട്രിക് ട്രൈസൈക്കിള്‍ കണ്ടുപിടിച്ചയാളുമാണ്. രാജന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ്. റെട്രോഫിറ്റ് സ്‌കൂട്ടറുകള്‍ക്കായുള്ള സീറ്റ്-ലിഫ്റ്റ് സാങ്കേതികവിദ്യ കണ്ടുപിടിച്ചതും ഇദ്ദേഹമാണ്. രാകേഷ് 1,600 കിലോമീറ്റര്‍ ചെന്നൈ അവയര്‍നസ് റൈഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.