ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ തന്ത്രവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരിന്റെ പ്രകൃതിസൗന്ദര്യത്തെ പ്രചരിപ്പിക്കാനായി ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളെ ഉപയോഗിക്കണമെന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി കൂടുതലായി ഇടപഴകാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. 

To advertise here,

'പണം ഉള്ളയിടങ്ങളിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയുടെ ബജറ്റ് വളരെ വലുതാണ്. അഹങ്കാരം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ, നമ്മള്‍ ഇത്രയും കാലം അതിനെ അവഗണിച്ചു. മുന്നൂറും നാനൂറും കോടി രൂപയാണ് അവരുടെ സിനിമയുടെ ബജറ്റ്.' -ഒമര്‍ അബ്ദുള്ള വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. 

ജമ്മു കശ്മീരും ബോളിവുഡും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ചും ഒമര്‍ അബ്ദുള്ള പരാമര്‍ശിച്ചു. താഴ്‌വരയെ തലമുറകളുടെ പ്രിയപ്പെട്ട ഹണിമൂണ്‍ കേന്ദ്രമാക്കി മാറ്റിയതില്‍ ബോളിവുഡിന് നിര്‍ണായക പങ്കുണ്ട്. അതിനാല്‍ തന്നെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളില്‍ ജമ്മു കശ്മീരിന്റെ സൗന്ദര്യം ദൃശ്യവത്കരിച്ചാല്‍ അതിന്റെ ആനുകൂല്യം ടൂറിസം മേഖലയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. 

ജമ്മു കാശ്മീരിനെ പണ്ടുമുതലേ ദക്ഷിണേന്ത്യക്കാര്‍ വിനോദസഞ്ചാരത്തിനുള്ള ഇടമായല്ല കാണുന്നത്. ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലൂടെ ജമ്മു കാശ്മീരിന്റെ പ്രകൃതിഭംഗി അവരെ കാണിച്ചാല്‍ ജമ്മു കശ്മീരിലേക്ക് അവരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. പുതിയ തരംഗമായ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും വലിയ ബിസിനസ് അവസരമാണ് ജമ്മു കശ്മീരിന് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.