സിനിമയിലെ പ്രണയരംഗങ്ങളിൽ നിന്നും തന്റെ 55-ാം വയസിലും പൂർണമായും മാറിനിൽക്കാൻ തയ്യാറല്ലെന്ന് നടൻ ആർ.മാധവൻ. അതേസമയം, പ്രണയരംഗങ്ങൾ ചെയ്യുമ്പോഴും പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളെ മാത്രമേ തിരഞ്ഞെടുക്കൂവെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. 2000-ൽ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം 'അലൈപായുതേ'എന്ന ചിത്രത്തിലൂടെയാണ് മാധവൻ തെന്നിന്ത്യയുടെ ചോക്ലേറ്റ് നായകനായി മാറിയത്. എന്നാൽ അന്നത്തെപ്പോലെയുള്ള നായക കഥാപാത്രങ്ങൾ ഇനി ചെയ്യില്ലെന്ന് അദ്ദേഹത്തിന് ഇന്ന് വ്യക്തതയുണ്ട്.

To advertise here,

അലൈപായുതേയിലേതുപോലെയുള്ള നായകനായി ഇനി ഞാൻ അഭിനയിക്കില്ലെന്ന് എനിക്കറിയാം. എന്നാൽ അതിനർത്ഥം എനിക്ക് അത്രതന്നെ സ്വാധീനമുള്ള പ്രണയം അല്ലെങ്കിൽ ബന്ധങ്ങളെക്കുറിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ല എന്നല്ല. 55 വയസ്സായി എന്നതുകൊണ്ട് മാത്രം ഒരാളുടെ ജീവിതത്തിൽ പ്രണയം ഇല്ലാതാകുന്നില്ല,' മാധവൻ പറഞ്ഞു.

പ്രായത്തിന് യോജിച്ച രീതിയിലുള്ള പ്രണയരംഗങ്ങൾ ചെയ്യാനാണ് താൻ എപ്പോഴും ശ്രദ്ധിക്കാറുള്ളതെന്നും, ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത കണ്ടുപിടുത്തക്കാരൻ ജി.ഡി. നായിഡുവിന്റെ ജീവചരിത്ര സിനിമയായ ജി.ഡി.എൻ ആണ് മാധവന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായിഡുവിന്റെ ജീവിതത്തോടൊപ്പം ഒരു പ്രണയവും ഉൾപ്പെടുത്തിയിട്ടുണ്ട്.

തന്റെ സിനിമാ കരിയറിലുടനീളം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കാണിക്കുന്നതിൽ താൻ പുലർത്തുന്ന വ്യക്തിപരമായ നിലപാടിനെക്കുറിച്ചും മാധവൻ വെളിപ്പെടുത്തി. സിനിമകളിൽ സ്ത്രീകളെ തല്ലുന്ന രംഗങ്ങൾ ചെയ്യരുതെന്ന് തനിക്ക് നിർബന്ധമുണ്ട്.'എന്റെ കരിയറിലെ ഒരേയൊരു സിനിമയിൽ മാത്രമാണ് സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി ഒരു സ്ത്രീ കഥാപാത്രത്തിന്റെ കരണത്തടിക്കുന്ന രംഗം ചെയ്തിട്ടുള്ളത്. എന്നാൽ അതിനുശേഷം ഒരു സിനിമയിലും സ്ത്രീകളെ തല്ലുന്ന രംഗങ്ങളിൽ അഭിനയിച്ചിട്ടില്ല, ഇനി അതിന് അനുവദിക്കുകയുമില്ല,' എന്ന് മാധവൻ തുറന്നുപറഞ്ഞു. സമൂഹത്തിലും ഇത്തരമൊരു തത്വം പിന്തുടരുന്ന ഒരു വിഭാഗമുണ്ടെന്നും, അത്തരം പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളും സിനിമകളും ചെയ്യാൻ നിരവധി സാധ്യതകളുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.

അലൈപായുതേ', 'മിന്നലെ', 'ദം ദം ദം', 'രഹ്നാ ഹെ തേരേ ദിൽ മേ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയനായകനായി ആരാധകരുടെ ഹൃദയം കവർന്ന മാധവൻ, പിന്നീട് 'ഇറുധി സുട്രു', 'വിക്രം വേദ', 'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്നീ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളിലേയ്ക്ക് തന്റെ വഴിമാറ്റി.