എക്കണോമി ക്ലാസ് യാത്രക്കാർക്കായി പുതിയ 'ഇൻഡിഗോ ലൈറ്റ്' ഫെയർ അവതരിപ്പിച്ച് ബജറ്റ് എയർലൈനായ ഇൻഡിഗോ. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കും സീറ്റ് തിരഞ്ഞെടുക്കാതെ ഓട്ടോ-അസൈൻഡ് സീറ്റ് ഉപയോഗിക്കുന്നവർക്കും കുറഞ്ഞ നിരക്കിൽ യാത്രചെയ്യാൻ അവസരം ഒരുക്കുന്നതാണിത്.

To advertise here,

ഈ പുതിയ ഫെയർ ഇൻഡിഗോയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, കോൺടാക്ട് സെന്റർ എന്നിവ വഴിയുള്ള ബുക്കിങ്ങുകളിൽ ജൂലായ് 1 മുതൽ ലഭ്യമാകും. 'ഇൻഡിഗോ ലൈറ്റ്' വിഭാഗത്തിലുള്ള യാത്രകൾ ജൂലായ് 15 മുതൽ ആരംഭിക്കും. ഡൊമസ്റ്റിക്, ഇന്റർനാഷണൽ നോൺ-സ്റ്റോപ്പ് ഫ്‌ളൈറ്റുകളിൽ മുതിർന്നവർക്കും കുട്ടികൾക്കും ഈ ഓപ്ഷൻ ലഭ്യമാകും. വൺവേ, റൗണ്ട് ട്രിപ്പ്, ഒന്നിലധികം നഗരങ്ങളിലേക്കുള്ള ബുക്കിങ്ങുകൾക്ക് എന്നിവയ്‌ക്കെല്ലാം ലഭ്യമാണ്.

ഇൻഡിഗോ ലൈറ്റ് ഫെയറിൽ യാത്രക്കാർക്ക് 7 കിലോ വരെ കാബിൻ ബാഗ് കൊണ്ടുപോകാം. അധിക ചാർജ് നൽകാതെ ഓട്ടോ-അസൈൻഡ് സീറ്റ് ലഭിക്കും. എന്നിരുന്നാലും, ചെക്ക്ഡ് ബാഗേജ്, ഇഷ്ടപ്പെട്ട സീറ്റുകൾ, ഭക്ഷണം, ഫാസ്റ്റ് ഫോർവേഡ് ഉൾപ്പെടെയുള്ള പ്രയോറിറ്റി സേവനങ്ങൾ എന്നിവ വിമാനത്താവളത്തിൽ നിന്നോ വിമാന കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നോ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ പ്രത്യേകം ലഭ്യമാകും.

ലൈറ്റ് ഫെയർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇൻഡിഗോ ബ്ലൂചിപ്പ് ലൊയൽറ്റി പോയിന്റുകൾ നേടാനും റിഡീം ചെയ്യാനും കഴിയുമെന്നും കമ്പനി അറിയിച്ചു. ഭാരം കുറഞ്ഞ ലെഗേജുമായി യാത്ര ചെയ്യുന്നവർക്കും ആവശ്യമായ സേവനങ്ങൾക്ക് മാത്രം പണം നൽകാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഈ പുതിയ ഫെയർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇൻഡിഗോ ചീഫ് സ്ട്രാറ്റജി ഓഫീസർ അലോക് സിങ് പറഞ്ഞു.