2026 ജൂൺ 27 ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ട ദിവസമായിരുന്നു. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ഗതിനിർണയ സംവിധാനമായ 'ഗഗൻ' (Gagan) ഉപയോഗിച്ച് ഇൻഡിഗോയുടെ എയർബസ് എ320 വിമാനം ഉദയ്പൂരിൽ വിജയകരമായി ലാൻഡ് ചെയ്തു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പാസഞ്ചർ ജെറ്റ് വിമാനം ആദ്യമായാണ് ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ പറന്നിറങ്ങുന്നത്. ഇതിനുമുമ്പ് ചെറിയ ടർബോപ്രോപ്പ് (turboprop) വിമാനങ്ങൾ ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്.
എന്താണ് ഗഗൻ?
ജിപിഎസ് എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ എന്നതിന്റെ ചുരുക്കരൂപമാണ് ഗഗൻ. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (AAI) സംയുക്തമായാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇത് നാവിക് (NavIC) പോലെയോ ജിപിഎസ് (GPS) പോലെയോ സ്വന്തമായി പ്രവർത്തിക്കുന്ന ഒരു ഗതിനിർണ്ണയ സംവിധാനമല്ല. പകരം, നിലവിലുള്ള ജിപിഎസ് സിഗ്നലുകളിലെ തെറ്റുകൾ കണ്ടെത്തി തിരുത്തി പൈലറ്റിന് കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്. ഐഎസ്ആർഒയുടെ ജിസാറ്റ്-8 (GSAT-8), ജിസാറ്റ്-10 (GSAT-10) എന്നീ ഉപഗ്രഹങ്ങൾ വഴിയാണ് ഗഗൻ സിഗ്നലുകൾ ലഭ്യമാക്കുന്നത്.
ഗഗൻ പ്രവർത്തിക്കുന്നത് എങ്ങനെ?
സാധാരണ ഫോണുകളിലുള്ള ജിപിഎസ് സംവിധാനം ഉപയോഗിച്ച് വലിയ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത് അസാധ്യമാണ്, കാരണം അവയ്ക്ക് വിമാനങ്ങളെ സുരക്ഷിതമായി താഴെയിറക്കാൻ വേണ്ട കൃത്യതയില്ല. ഭൂമിയുടെ അന്തരീക്ഷത്തിലെ അയണോസ്ഫിയർ എന്ന പാളിയിലൂടെ കടന്നുവരുമ്പോൾ ജിപിഎസ് സിഗ്നലുകൾക്ക് വേഗത കുറയുകയും വ്യതിയാനം സംഭവിക്കുകയും ചെയ്യും. ഇന്ത്യയ്ക്ക് മുകളിലുള്ള അന്തരീക്ഷത്തിൽ ഇത്തരം വ്യതിയാനങ്ങൾ വളരെ കൂടുതലാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയിലുടനീളം 15 ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്റ്റേഷനുകൾ അവയുടെ കൃത്യമായ സ്ഥാനവും ജിപിഎസ് കാണിക്കുന്ന സ്ഥാനവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുകയും, ഒരു കൺട്രോൾ സെന്റർ വഴി ഈ തിരുത്തലുകൾ ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഉപഗ്രഹങ്ങളിലേക്ക് അയക്കുകയും ചെയ്യും. ഈ ഉപഗ്രഹങ്ങളാണ് വിമാനങ്ങൾക്ക് കൃത്യമായ സിഗ്നലുകൾ നൽകുന്നത്. സിഗ്നലുകളിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ നിമിഷങ്ങൾക്കകം പൈലറ്റിന് മുന്നറിയിപ്പ് നൽകാനും ഗഗന് കഴിയും.
എൽപിവി (ലോക്കലാസർ പെർഫോമൻസ് വിത്ത് വെർട്ടിക്കൽ ഗൈഡൻസ്) അപ്രോച്ച് എന്നാണ് ഈ രീതിയിൽ വിമാനം ഇറങ്ങുന്നതിനെ വിളിക്കുന്നത്. ലളിതമായി പറഞ്ഞാൽ വിമാനത്താവളങ്ങളിൽ സ്ഥാപിക്കുന്ന ചെലവേറിയ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിന്റെ സഹായമില്ലാതെ പറന്നിറങ്ങുന്ന വിമാനത്തിന് റൺവേയിലേക്ക് കൃത്യമായി എത്താൻ സഹായിക്കും വിധം ഇടത്തോട്ട്-വലത്തോട്ട്-മുകളിലേക്ക്-താഴേക്ക് എന്നെല്ലാം കൃത്യമായി നിർദേശം നൽകാൻ ഗഗന് സാധിക്കും.
ഗഗൻ ഉപയോഗിക്കുന്നതിലൂടെ എയർ ട്രാഫിക് മാനേജ്മെന്റ് കൂടുതൽ സുഗമമാവും. കൂടാതെ, മോശം കാലാവസ്ഥയിലും സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കാനും വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. പ്രാദേശിക വിമാനത്താവളങ്ങൾ അതിവേഗം വികസിപ്പിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ലാഭവും സുരക്ഷയും നൽകുന്ന ഒന്നാണ് ഗഗൻ. ഇത്തരമൊരു സംവിധാനമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ; അതുപോലെ ഭൂമധ്യരേഖയ്ക്ക് മുകളിലെ സങ്കീർണ്ണമായ അന്തരീക്ഷത്തിൽ വിജയകരമായി പരീക്ഷിക്കപ്പെട്ട ഇത്തരത്തിലുള്ള ഏക സംവിധാനവും ഗഗനാണ്.
Content Highlights: In a historic milestone for Indian aviation, an IndiGo Airbus A320 successfully landed at Udaipur airport utilizing 'GAGAN', a homegrown satellite-based navigation augmentation system developed jointly by ISRO and AAI.
Published: 29 Jun 2026, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented