അഫ്ഗാനിസ്താനില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ വീഡിയോ പകര്‍ത്തി ഇന്ത്യന്‍ ട്രാവല്‍ വ്‌ളോഗര്‍. ഒരു കടയില്‍ നിന്ന് മാതളനാരങ്ങയുടെ ജ്യൂസ് കുടിച്ചശേഷം പണം വാങ്ങാന്‍ വിസമ്മതിക്കുന്ന ഒരു കച്ചവടക്കാരനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇന്ത്യക്കാരന്‍ തങ്ങളുടെ അതിഥിയാണെന്നും അതിനാല്‍ പണം വേണ്ടെന്നും ഇയാള്‍ പറയുന്നു. കണ്ടന്റ് ക്രിയേറ്ററായ കൈലാഷ് മീണയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

To advertise here,

അഫ്ഗാനിസ്താനിലെ ഒരു ചെറിയ വഴിയോരക്കടയില്‍ നിന്ന് കൈലാഷ് മീണ മാതളനാരങ്ങാ ജ്യൂസ് കുടിക്കുന്നത് വീഡിയോയില്‍ കാണാം. ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പണം നല്‍കാനായി എടുത്തു. എന്നാല്‍ ജ്യൂസ് വില്‍പ്പനക്കാരന്‍ അത് സൗമ്യമായി നിരസിച്ചു. ഒരു പുഞ്ചിരിയോടെ നിങ്ങള്‍ അതിഥിയാണെന്ന് കൈലാഷിനോട് പറയുന്നുമുണ്ട്. സമീപത്ത് നിന്ന ഒരു നാട്ടുകാരനും ഇന്ത്യക്കാര്‍ തങ്ങളുടെ അതിഥികളാണെന്ന കാര്യം പറയുന്നത് വീഡിയോയില്‍ കാണാം.

ലക്ഷക്കണക്കിന് പേര്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. 'ഭായ് അഫ്ഗാനിസ്ഥാന്‍ സബ്‌സേ ബഡിയാ കണ്‍ട്രി ഹേ' എന്ന് ഒരു ഉപയോക്താവ് എഴുതി. 'മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നു, ഇത് അത് തെളിയിക്കുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'ഇന്ത്യക്കാരും അഫ്ഗാനികളും ഒരു സവിശേഷ ബന്ധം പങ്കിടുന്നു', 'ഇതുപോലുള്ള ആതിഥ്യം വളരെക്കാലം ഹൃദയത്തില്‍ തങ്ങിനില്‍ക്കും' എന്നിങ്ങനേയും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.