120-ൽ അധികം രാജ്യങ്ങൾ സന്ദർശിച്ചതിന് ശേഷം താൻ ഇതുവരെ കണ്ടതിൽ ഏറ്റവും വംശീയ വിദ്വേഷമുള്ള രാജ്യം ഏതാണെന്ന് വെളിപ്പെടുത്തി എക്സ്പ്ലോറർ രാജ എന്ന ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ. ഇക്കാര്യം വിവരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഇദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലാണ്.
ജോർജിയയിലെ വിമാനത്താവളത്തിൽവെച്ച് തന്നെ വിവസ്ത്രനാക്കി പരിശോധിച്ചെന്നും അതൊരു ഭയാനകമായ അനുഭവമായിരുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു. അവിടുത്തെ നാട്ടുകാർ ഒട്ടും സൗഹൃദപരമല്ലാത്തവരും വംശീയവാദികളുമാണെന്ന് തോന്നിയെന്നും അദ്ദേഹം പറയുന്നു.
സ്റ്റാമ്പുകളും വിസകളും ഉള്ള പാസ്‌പോർട്ടുമായി രാജ്യം സന്ദർശിച്ചിട്ടും ഇമിഗ്രേഷൻ കൗണ്ടറിൽ വെച്ച് തന്നോട് സംശയത്തോടെയും അനാദരവോടെയുമാണ് പെരുമാറിയതെന്ന് രാജ തന്റെ അനുഭവം വിവരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. ഒരു ഇന്ത്യക്കാരന് വിനോദസഞ്ചാരിയാകാൻ കഴിയില്ലെന്ന് സൂചിപ്പിച്ചുകൊണ്ട്, ഇമിഗ്രേഷൻ കൗണ്ടറിലെ ഒരു സ്ത്രീ തൻ്റെ സന്ദർശന ഉദ്ദേശ്യത്തെ ചോദ്യം ചെയ്തതായും അദ്ദേഹം വീഡിയോയിൽ ആരോപിച്ചു.
'2019-ൽ ഞാൻ ആദ്യമായി ജോർജിയയിൽ വന്നപ്പോൾ എന്റെ കൈയിൽ വിസയും അടുത്ത യാത്രയ്ക്കുള്ള വിമാന ടിക്കറ്റും ഉൾപ്പെടെ എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും ഒരു കാരണവും പറയാതെ അവർ എന്നെ നാല് മണിക്കൂർ തടഞ്ഞുവെയ്ക്കുകയും വിമാനത്താവളത്തിൽവെച്ച് നഗ്നനാക്കി പരിശോധിക്കുകയും ചെയ്തു', അദ്ദേഹം കുറിപ്പിൽ എഴുതി.
'ആറ് വർഷങ്ങൾക്ക് ശേഷം എല്ലാ രേഖകളുമായി വീണ്ടും ജോർജിയയിൽ എത്തിയപ്പോൾ അവർ വ്യത്യസ്തമായി പെരുമാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഇല്ല, അവർ ഇരുണ്ട നിറമുള്ള മുഖം കാണുമ്പോൾ തന്നെ പഴയ അതേ മനോഭാവത്തോടെ പെരുമാറാൻ തുടങ്ങി. '120 രാജ്യങ്ങൾ സന്ദർശിച്ചു, അതിൽ എന്നെ വിഷമിപ്പിച്ച കുറച്ച് രാജ്യങ്ങളേയുള്ളൂ, ഇത് അതിലൊന്നാണ്', അദ്ദേഹം ആരോപിച്ചു.
ഈ പോസ്റ്റ് പിന്നീട് വലിയ ചർച്ചയായി. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. ചിലർ സമാനമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ജോർജിയയെ "മോശം നാട്ടുകാരുള്ള മനോഹരമായ രാജ്യം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അതേസമയം, ജോർജിയയിൽ നല്ല അനുഭവങ്ങളാണുണ്ടായതെന്നും അവർക്ക് സൗഹൃദപരമായ നാട്ടുകാരെ കാണാൻ കഴിഞ്ഞെന്നും ഒരു പ്രശ്നവും നേരിടേണ്ടി വന്നില്ലെന്നും മറ്റ് ചില സഞ്ചാരികൾ പറഞ്ഞു.
'എനിക്കും സമാനമായ അനുഭവമുണ്ടായി. 100 ശതമാനം ശരിയായ വിവരമാണ്, ഒരു ഉപയോക്താവ് എഴുതി. മോശം നാട്ടുകാരുള്ള മനോഹരമായ രാജ്യം. ഒരു മണി എക്സ്ചേഞ്ചിൽവെച്ചും മറ്റ് ചില സ്ഥലങ്ങളിലും എനിക്ക് മോശം അനുഭവമുണ്ടായി. ഞാൻ റഷ്യൻ ഭാഷ സംസാരിക്കുന്നത് മനസ്സിലായിട്ടും അവർ എന്നെ അവഗണിച്ചു', അദ്ദേഹം കുറിച്ചു.
'കുറച്ച് മാസങ്ങൾക്ക് മുൻപ് ഞാൻ ജോർജിയയിൽ പോയിരുന്നു. എനിക്ക് ആ സ്ഥലം ഒരുപാട് ഇഷ്ടപ്പെട്ടു. അവിടുത്തെ ആളുകളെയും ഇഷ്ടമായി. അവർ വളരെ സൗഹൃദപരവും സഹായമനസ്കരുമായിരുന്നു. വളരെ മനോഹരമായ ഒരു രാജ്യമാണത്', വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് എഴുതി.
Content Highlights: Explorer Raja, an Indian traveler, shares his experience of alleged racism
Published: 19 Aug 2025, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented