തിരിച്ചറിയൽ രേഖ നൽകുക, മുറിയുടെ താക്കോൽ വാങ്ങുക, മുറിയിലേക്ക് പോകുക. ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യുന്നത് ലളിതമായ ഒരു പ്രക്രിയയാണെന്ന് തോന്നാം. എന്നാൽ വിദേശയാത്ര ചെയ്യുന്ന പല ഇന്ത്യൻ യാത്രക്കാർക്കും സാധാരണമായി തോന്നുന്ന ഇത് അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാക്കാം.
ഡെപ്പോസിറ്റുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം മുതൽ റൂം അപ്‌ഗ്രേഡുകൾ നഷ്ടപ്പെടുത്തുന്നത് വരെയും പ്രാദേശിക നിയമങ്ങൾ തെറ്റിദ്ധരിക്കുന്നത് വരെയും ചെക്ക്-ഇൻ സമയത്ത് വരുത്തുന്ന ചെറിയ തെറ്റുകൾ നിങ്ങളുടെ യാത്രാനുഭവത്തെ പെട്ടെന്ന് ബാധിച്ചേക്കാം.
വിദേശത്ത് ഇന്ത്യൻ യാത്രക്കാർ വരുത്തുന്ന ഹോട്ടൽ ചെക്ക്-ഇൻ സംബന്ധമായ ചില സാധാരണ തെറ്റുകൾ താഴെ പറയുന്നവയാണ്:
1. ബുക്കിങ്ങിന് ഉപയോഗിച്ച അതേ ക്രെഡിറ്റ് കാർഡ് കൈവശം വെക്കാതിരിക്കുന്നത്
പല അന്താരാഷ്ട്ര ഹോട്ടലുകളും ഓൺലൈൻ ബുക്കിങ്ങിന് ഉപയോഗിച്ച അതേ ക്രെഡിറ്റ് കാർഡ് ചെക്ക്-ഇൻ സമയത്ത് ഹാജരാക്കാൻ ആവശ്യപ്പെടാറുണ്ട്. നിങ്ങൾ മറ്റൊരാളുടെ കാർഡാണ് ഉപയോഗിച്ചതെങ്കിൽ, അത് സങ്കീർണതകളിലേക്കോ ബുക്കിങ് റദ്ദാക്കുന്നതിലേക്കോ നയിച്ചേക്കാം. ബുക്കിങ്ങിന് ഉപയോഗിച്ച കാർഡ് എപ്പോഴും കൈയിൽ കരുതുക. അല്ലെങ്കിൽ മറ്റൊന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഹോട്ടലിൽ മുൻകൂട്ടി അറിയിക്കുക.
2. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യകതകൾ അവഗണിക്കുന്നത്
ഇന്ത്യയിലെ മിക്ക ഹോട്ടലുകളിൽനിന്നും വ്യത്യസ്തമായി, വിദേശത്തുള്ള പല ഹോട്ടലുകളും നിങ്ങളുടെ ക്രെഡിറ്റ് കാർഡിലോ പണമായോ തിരികെ ലഭിക്കുന്ന ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നു.
ഇതൊരു സാധാരണ നയമാണെന്ന് മനസ്സിലാക്കാതെ ചില യാത്രക്കാർ അപ്രതീക്ഷിതമായി വെട്ടിലാവാറുണ്ട്. ഈ ചാർജ് നൽകാനായി തയ്യാറായിരിക്കുക. നിങ്ങളുടെ കാർഡിൽ ഇത് നൽകാൻ ആവശ്യമായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കുക.
3. മുൻകൂട്ടി അറിയിക്കാതെ വളരെ നേരത്തെ എത്തുന്നത്
ദീർഘദൂര വിമാനയാത്രയ്ക്ക് ശേഷം നിങ്ങൾ നേരത്തെ എത്തിയാൽ, ഉടനടി ചെക്ക്-ഇൻ ചെയ്യാൻ കഴിയുമെന്ന് കരുതരുത്. വിദേശത്തെ മിക്ക ഹോട്ടലുകൾക്കും നിശ്ചിത ചെക്ക്-ഇൻ സമയങ്ങളുണ്ട്. നിങ്ങൾ നേരത്തെയുള്ള ചെക്ക്-ഇൻ മുൻകൂട്ടി ബുക്ക് ചെയ്തിട്ടില്ലെങ്കിൽ കാത്തിരിക്കേണ്ടി വന്നേക്കാം.
അതിനാൽ ഹോട്ടലിലേക്ക് മുൻകൂട്ടി ഇമെയിൽ ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ ബാഗുകൾ അവിടെ വെച്ച് മുറി തയ്യാറാകുന്നതുവരെ അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുക.
4. മുറിയിൽ പ്രവേശിക്കുന്നതിന് മുൻപ് പരിശോധിക്കാതിരിക്കുന്നത്
പല യാത്രക്കാരും മുറികൾ ആദ്യം പരിശോധിക്കാതെ തിരക്കിട്ട് പ്രവേശിക്കുന്നു. എയർ കണ്ടീഷനിങ്, ലൈറ്റുകൾ, ലോക്കുകൾ, ബാത്ത്റൂം ഫിറ്റിങ്സ് എന്നിവയുൾപ്പെടെ എല്ലാം പ്രവർത്തിക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക. വിദേശത്തുള്ള ചില ഹോട്ടലുകൾ അതിഥികൾ വരുത്താത്ത കേടുപാടുകൾക്ക് പിന്നീട് പണം ഈടാക്കാറുണ്ട്. അതിനാൽ മുറിയുടെ അവസ്ഥയുടെ ഫോട്ടോകൾ എടുക്കുന്നത് നിങ്ങളെ പിന്നീട് പ്രശ്നങ്ങളിൽനിന്ന് രക്ഷിക്കും.
5. പ്രാദേശിക ആചാരങ്ങളും മര്യാദകളും അവഗണിക്കുന്നത്
ടിപ്പ് നൽകുന്നതിലെ നിയമങ്ങൾ, ശബ്ദത്തിന്റെ അളവ്, അതിഥി നയങ്ങൾ എന്നിവ ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ചില യാത്രക്കാർ നാട്ടിലെ അതേ രീതികൾ പിന്തുടരുന്നു.
എന്നാൽ മുറിയിലേക്ക് അധികമായി അതിഥികളെ കൊണ്ടുവരുന്നതോ ഇടനാഴികളിൽ ഉച്ചത്തിൽ സംസാരിക്കുന്നതോ മോശമായി കണക്കാക്കപ്പെട്ടേക്കാം. അതിനാൽ, മോശം സാഹചര്യങ്ങൾ ഒഴിവാക്കാനും എളുപ്പത്തിൽ അവിടുത്തെ രീതികളുമായി പൊരുത്തപ്പെടാനും പ്രാദേശിക ആചാരങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.
6. പ്രഭാതഭക്ഷണമോ മറ്റ് ഉൾപ്പെടുത്തിയ സേവനങ്ങളോ ഉറപ്പാക്കാൻ മറക്കുന്നത്
പല യാത്രക്കാരും പ്രഭാതഭക്ഷണം സൗജന്യമാണെന്നോ വൈ-ഫൈ, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ സൗജന്യമാണെന്നോ കരുതുന്നു. പിന്നീട് മറഞ്ഞിരിക്കുന്ന ചാർജുകൾ കണ്ടെത്തുന്നു.
ചെക്ക്-ഇൻ ചെയ്യുമ്പോൾ എന്തെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തുക. അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാൻ ചെക്ക്-ഔട്ട് ചെയ്യുമ്പോൾ നിങ്ങളുടെ അവസാന ബിൽ ശ്രദ്ധാപൂർവം പരിശോധിക്കുക.
7. ശരിയായ തിരിച്ചറിയൽ രേഖകളോ പകർപ്പുകളോ കൈയിൽ കരുതാതിരിക്കുന്നത്
ചില യാത്രക്കാർ പാസ്‌പോർട്ട് മാത്രം കൈയിൽ കരുതും. എന്നാൽ അതിന്റെ ഫോട്ടോകോപ്പികളോ ഡിജിറ്റൽ ബാക്കപ്പുകളോ സൂക്ഷിക്കാൻ മറന്നുപോകും. ചില രാജ്യങ്ങളിൽ, ഹോട്ടലുകൾ നിങ്ങളുടെ പാസ്‌പോർട്ട് പരിശോധനയ്ക്കായി താൽക്കാലികമായി സൂക്ഷിച്ചേക്കാം. ഒരു കോപ്പി കൈവശം വെക്കുന്നത് പുറത്തുപോകുമ്പോൾ തിരിച്ചറിയൽ രേഖയില്ലാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ സഹായിക്കും.
8. ഹോട്ടലിന്റെ ലോയൽറ്റി പ്രോഗ്രാമിൽ ചേരാതിരിക്കുന്നത്
ഒരു ചെറിയ താമസത്തിനു പോലും, ഹോട്ടലിന്റെ സൗജന്യ അംഗത്വ പരിപാടിയിൽ ചേരാതിരിക്കുന്നത് ഒരു നഷ്ടപ്പെട്ട അവസരമാണ്. അംഗങ്ങൾക്ക് പലപ്പോഴും സൗജന്യ വൈ-ഫൈ, പ്രയോറിറ്റി ചെക്ക്-ഇൻ, അല്ലെങ്കിൽ റൂം അപ്‌ഗ്രേഡുകൾ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു. സൈൻ അപ്പ് ചെയ്യാൻ കുറച്ച് മിനിറ്റുകൾ മാത്രം മതി. അധികച്ചെലവില്ലാതെ നിങ്ങളുടെ താമസം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഇന്ത്യൻ യാത്രക്കാർക്ക് വിദേശത്ത് സുഗമമായ ഹോട്ടൽ ചെക്ക്-ഇൻ ചെയ്യുന്നതിനുള്ള നുറുങ്ങുകൾ:
വിദേശത്ത് എപ്പോഴും നേരത്തെയുള്ള ചെക്ക്-ഇന്നും താമസിച്ചുള്ള ചെക്ക്-ഔട്ടും സാധ്യമാണോ?
നേരത്തേയുള്ള ചെക്ക്-ഇന്നും താമസിച്ചുള്ള ചെക്ക്-ഔട്ടും വിദേശ ഹോട്ടലുകളിൽ എല്ലായ്പ്പോഴും ഉറപ്പുനൽകുന്നില്ല. മിക്ക ഹോട്ടലുകൾക്കും നിശ്ചിത സമയങ്ങളുണ്ട്. മുറികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും ലഭ്യത. മുൻകൂട്ടി അഭ്യർഥിക്കുന്നതോ അല്ലെങ്കിൽ അധിക ഫീസിന് ഹോട്ടൽ ഈ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുന്നതോ ആണ് നല്ലത്.
ഹോട്ടലിൽ നേരിട്ട് പണം നൽകുന്നതിനേക്കാൾ സുരക്ഷിതമാണോ ഡിജിറ്റൽ ബുക്കിങ്ങുകൾ?
ഡിജിറ്റൽ ബുക്കിങ്ങുകൾ സാധാരണയായി കൂടുതൽ സുരക്ഷിതമാണ്. കാരണം അവ നിങ്ങളുടെ റിസർവേഷന്റെ ഒരു രേഖ നൽകുന്നു. കൂടാതെ പലപ്പോഴും റദ്ദാക്കൽ അല്ലെങ്കിൽ റീഫണ്ട് നയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകളിലൂടെ ഓൺലൈനായി പണമടയ്ക്കുന്നത് കറൻസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഹോട്ടലിലെ മറഞ്ഞിരിക്കുന്ന ചാർജുകളോ കുറയ്ക്കാൻ സഹായിക്കും.
ഈ നുറുങ്ങുകൾ മനസ്സിൽ വെക്കുകയും സാധാരണ തെറ്റുകൾ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ, ഇന്ത്യൻ യാത്രക്കാർക്ക് വിദേശത്ത് തടസ്സങ്ങളില്ലാത്ത ഹോട്ടൽ ചെക്ക്-ഇൻ ഉറപ്പാക്കാനും സമ്മർദ്ദങ്ങളില്ലാതെ യാത്രകൾ ആരംഭിക്കാനും കഴിയും.
Content Highlights: Navigate international hotel check-ins smoothly. Learn common mistakes Indian travelers make abroad and get expert tips to avoid them for a stress-free stay.
Published: 08 Oct 2025, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented